Image

വാല്മീകി രാമായണം ഒമ്പതാം ദിവസം (ദുര്‍ഗ മനോജ്)

Published on 25 July, 2019
വാല്മീകി രാമായണം ഒമ്പതാം ദിവസം (ദുര്‍ഗ മനോജ്)
അയോധ്യാകാണ്ഡം
തൊണ്ണൂറ്റിയെട്ട് മുതല്‍ നൂറ്റിപത്തൊമ്പതാം സര്‍ഗ്ഗം വരെ.


രാമാശ്രമത്തിലേക്കുള്ള യാത്ര ആരംഭിച്ച ഭരതന്‍, അങ്ങകലെ പുക ഉയരുന്നതുകണ്ട് അത് തന്നെ ആശ്രമം എന്ന് തീര്‍ച്ചപ്പെടുത്തി. ഭരതനും ശത്രുഘ്‌നനും സുമന്ത്രരും മുന്നില്‍ നടന്നു. വസിഷ്ഠന്‍ അമ്മമാര്‍ക്കൊപ്പം പിന്നാലെ പിന്തുടര്‍ന്നു.

ഒടുവില്‍, കൃഷ്ണാജിനം ധരിച്ച്, മരത്തോലുടുത്ത്, സീതാലക്ഷ്മണ സമേതം ദര്‍ഭ വിരിച്ച നിലത്ത് ബ്രഹ്മാവിനെപ്പോലെ ഇരുന്നരുളുന്ന രാമനെ ഭരതന്‍ കണ്ടു. കണ്ടതും ഓടിച്ചെന്ന് രാമപാദത്തിലേക്ക് കുമ്പിട്ടു വീണു. പിന്നെ താന്‍ കാരണമാണല്ലോ ഈ ദുര്‍ഗതി എന്ന് വിലപിച്ചു തുടങ്ങി. മെലിഞ്ഞു വിളറിയ ആ രൂപം കണ്ട് രാമന്‍ വേഗം, 'ഉണ്ണീ... എവിടെ അച്ഛന്‍' എന്ന് ചോദിച്ച് പുണര്‍ന്ന്, മടിയിലിരുത്തി വിശേഷങ്ങള്‍ ആരാഞ്ഞു.

ദശരഥ മരണം ഭരതന്‍ പറഞ്ഞു കേട്ട നിമിഷം രാമന്‍ ബോധരഹിതനായി നിലം പതിച്ചു. പിന്നെ കരച്ചില്‍ ഒട്ടൊന്ന് ശമിച്ചപ്പോള്‍ സുമന്ത്രര്‍ വന്ന് കുമാരന്മാരെ അച്ഛന് ഉദകക്രിയ ചെയ്യുവാനായി മന്ദാകിനിയിലേക്ക് ആനയിച്ചു. അവിടെ മന്ദാകിനീ ജലം കൊണ്ട് ഉദകമര്‍പ്പിച്ചു, ദര്‍ഭ വിരിച്ച്, അവര്‍ ഭക്ഷിക്കുന്ന ലന്തക്കുരുവും ഓടല്‍പിണ്ണാക്കും ചേര്‍ത്ത് പിണ്ഡമര്‍പ്പിച്ചു. പിന്നെ പറഞ്ഞു 'മനുഷ്യര്‍ ഭുജിപ്പതെന്തോ അത് തന്നെയല്ലോ അവന്റെ ദേവതകള്‍ ഭുജിപ്പതും.' അപ്പോഴേക്കും അമ്മമാര്‍ ഗുരുവിനൊപ്പം അവിടേക്ക് എത്തിച്ചേര്‍ന്നു. എല്ലാവരേയും വന്ദിച്ചു രാമന്‍. ആ രാത്രി ഏവരും ആശ്രമത്തില്‍ ദുഃഖിതരായി കഴിഞ്ഞു കൂടി.

നേരം പുലര്‍ന്നു. ഏവരും മന്ദാകിനിയില്‍ ജപ ഹോമാദികള്‍ കഴിച്ച് രാമനു സമീപമെത്തി. ഭരതന്‍ രാമനോട് ഇപ്രകാരം പറഞ്ഞു,
'എന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടു. രാജ്യം എനിക്ക് നല്‍കപ്പെട്ടു. ഇനി ഞാനത് അങ്ങേക്ക് തരുന്നു. അങ്ങ് രാജ്യം നിഷ്‌കണ്ടകമായി അനുഭവിച്ചാലും. അങ്ങാണ് രാജ്യത്തിന് അധികാരിയായി തുടരേണ്ടത് താനല്ല' എന്നും ഭരതന്‍ രാമനോട് യാചിച്ചു.

മറുപടിയായി രാമന്‍, അച്ഛന്റെ വാക്ക് നിരാകരിക്കുവാന്‍ പാടില്ല എന്നും അതിനാല്‍ ആശങ്കയേതുമില്ലാതെ മടങ്ങിപ്പോയി രാജ്യം ഭരിക്കുക എന്നും പറഞ്ഞു. ഒടുവില്‍ ഭരതന്‍ ഇപ്രകാരം പറഞ്ഞു, 'ഞാന്‍ പരദേശത്തായിരിക്കേ എന്റെ അമ്മ സ്വാര്‍ത്ഥ താത്പര്യത്തിനായി രാജാവിനോട് വാങ്ങി എടുത്തവയാണ് ആ വരങ്ങള്‍. അയോധ്യ ആഗ്രഹിക്കുന്നത് അങ്ങയെ ആണ്. ഇനി അങ്ങ് ആ തീരുമാനം മാറ്റില്ല എന്നാണെങ്കില്‍ ഞാനും അങ്ങയോടൊപ്പം കാട്ടില്‍ കഴിയും. അമ്മയുടെ ആ തീരുമാനം എന്റെ ഇച്ഛക്ക് പൂര്‍ണമായും എതിരായിരുന്നു എന്നും അങ്ങറിയുക.'

ഇതുകേട്ട് രാമന്‍ ഭരതനെ ഉപദേശിച്ചു,
അച്ഛന്‍ അമ്മക്ക് കൊടുത്ത വരങ്ങളില്‍ ഒന്ന് മാത്രമേ ഇപ്പോള്‍ നടപ്പായിട്ടുള്ളൂ. നീ അയോധ്യാപതി ആയാല്‍ മാത്രമേ അച്ഛന്റെ വരം സത്യമാകുകയുള്ളു, അച്ഛന് മോക്ഷം ലഭിക്കുകയുള്ളു. അതിനാല്‍ നീ അയോധ്യയിലേക്ക് മടങ്ങുക.

ഇത് കേട്ട് ജബാലി എന്ന വിപ്രനും രാജഗുരു വസിഷ്ഠനും ഒക്കെ രാമന്റെ മനസ് മാറ്റുവാന്‍ നോക്കി പരാജയപ്പെട്ടു.

ഇത്രത്തോളമായപ്പോള്‍ ഭരതന്‍ രാമന് ധരിക്കുവാന്‍ കൊണ്ടുവന്ന സുവര്‍ണ്ണ പാദുകത്തില്‍ അദ്ദേഹത്തിന്റെ പാദം പതിപ്പിച്ചു. പിന്നീട് സിംഹാസനത്തില്‍ ആ പാദുകങ്ങള്‍ വച്ച് രാജ്യം ഭരിക്കുമെന്ന് പ്രഖ്യാപിച്ചു. താന്‍ രാമന്റെ പ്രതിനിധി മാത്രമാണെന്നും രാമന്‍ മടങ്ങി വരും വരെ താന്‍ പട്ടണത്തിന് വെളിയില്‍ ജടാവത്ക്കലധാരിയായി ജീവിക്കുമെന്നും എന്നാല്‍ പതിനാല് വര്‍ഷത്തില്‍ ഒരു ദിവസം പോലും കൂടുതലായി കാത്തു നില്‍ക്കുകയില്ലെന്നും അങ്ങനെ വന്നാല്‍ ജീവനൊടുക്കും എന്നുമാണ് ഭരതന്‍ പ്രതിജ്ഞ ചെയ്തത്.

അങ്ങനെ ഏവരും തിരികെ അയോധ്യയിലേക്ക് മടങ്ങി. ഭരതന്‍ എല്ലാവരേയും അയോധ്യയിലാക്കിയ ശേഷം നന്ദിഗ്രാമത്തില്‍ പാദുകങ്ങളെ സാക്ഷിയാക്കി രാജഭരണം നിര്‍വഹിച്ചു.

ഭരതനും സംഘവും മടങ്ങിയതോടെ വന്‍പട തമ്പടിച്ച അവിടമാകെ മലിനമാക്കപ്പെട്ടിരുന്നു. ഒപ്പം മറ്റ് മുനിമാരും അസ്വസ്ഥരായി. ആ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന രാക്ഷസന്മാരുടെ ഉപദ്രവവും ഒക്കെ അവരുടെ സ്വസ്ഥത കെടുത്തിത്തുടങ്ങി. അതുപോലെ അച്ഛന്റെ മരണവാര്‍ത്ത അറിയാനിടയായ ആ സ്ഥലത്ത് തുടരാന്‍ രാമനും ആഗ്രഹിച്ചില്ല. അവര്‍ അത്രി മഹര്‍ഷിയുടെ ആശ്രമത്തിലെത്തി. അത്രി മഹര്‍ഷിയുടെ പത്‌നി അനസൂയ സീതയെ അനുഗ്രഹിച്ച് സീതാ കല്യാണവിശേഷങ്ങള്‍ പറയിപ്പിച്ചു. അനന്തരം സീതക്ക് ദിവ്യമായ ആടയാഭരണങ്ങള്‍ നല്‍കി ആനന്ദിപ്പിച്ചു.

പിറ്റേന്ന് രാമലക്ഷ്മണന്മാര്‍ സീതയോടൊപ്പം കാട്ടിലൂടെ പ്രയാണമാരംഭിച്ചു. 

രാമന്‍ എന്ന വ്യക്തിയുടെ സവിശേഷ സ്വഭാവങ്ങളുടെ വിശദീകരണമാണ് രാമായണം. രാമനാകുക എന്നതിലൂടെ മോക്ഷം കാമിക്കുന്ന ഒരു മനുഷ്യന്‍ പിന്തുടരേണ്ടത് രാമന്റെ കാലടികളാണ്. ആര്‍ക്ക് വേണ്ടിയോ രാജ്യം ത്യജിച്ചത്, ആര്‍ക്ക് വേണ്ടിയോ വനവാസം സ്വീകരിച്ചത്, അതേ ഭരതനെ സ്‌നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ പുണര്‍ന്ന് ക്ഷേമമന്വേഷിക്കുന്ന മനുഷ്യനാണ് രാമന്‍.

എന്നാല്‍ ചിലരുണ്ട്, അവര്‍ പൂജിക്കുന്ന വിഗ്രഹങ്ങളേക്കാള്‍ ദൈവതുല്യരായി പെരുമാറി നമ്മെ അമ്പരപ്പിക്കും. അയോധ്യാകാണ്ഡത്തിന്റെ പ്രത്യേകത അതാണ്. ഇവിടെ ഭരതന്‍ രാമനും മീതെ മറ്റൊരു രാമനായി നമ്മെ അതിശയിപ്പിക്കുന്നു. അമ്മ നേടിക്കൊടുത്ത മഹാരാജ്യം, ഇക്ഷ്വാകു വംശ അയോധ്യാപതിയെന്ന് കാലം വാഴ്‌ത്തേണ്ട ആ പദവി, ജ്യേഷ്ഠനോടുള്ള സ്‌നേഹത്തിനും ആദരവിനും മുന്നില്‍ ഒന്നുമല്ലെന്ന് പ്രഖ്യാപിക്കുന്ന ഭരതന്‍ സത്യത്തില്‍ രാമന്‍ തന്നെയല്ലേ? എന്തുകൊണ്ട് രാമായണം കാലാതിവര്‍ത്തിയായി മുന്നേറുന്നു എന്നതിന് ഉത്തരവും ഇത് തന്നെ.
Join WhatsApp News
Christian 2019-07-25 11:15:42
We are blessed to read this series. Though I am not Hindu, I too follow Ramayana and Rama for the virtues they  inspire in me.
Salute to the writer
വിദ്യാധരൻ 2019-07-25 23:25:15
കോടികോടി പുരുഷാന്തരങ്ങൾ മുത്തു -
ചൂടിച്ച സംസ്കാര ചക്രവാളങ്ങളെ 
ആര്യപൗരോഹിത്യരാഷ്ട്രീയമായിര-
മായിരം സ്ത്രീമേധയാഗങ്ങളാൽ 
എത്ര ധൂമാവൃതമാക്കി; ചരിത്രത്തി-
നെത്രനാൾ  ബാഷ്‌പാകുലങ്ങളായി കണ്ണുകൾ -
തൂലികകൊണ്ടാക്കറുത്ത ധൂമത്തിര-
ശ്ശീല കീറട്ടെ ചരിത്രവിദ്യാർത്ഥികൾ . 
(താടക എന്ന ദ്രാവിഡരാജകുമാരി -വയലാർ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക