Image

ഷീല ദീക്ഷിതിന്റെ സംസ്‌കാരം നടക്കുമ്ബോള്‍ രാഹുല്‍ വിദേശത്ത്; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

Published on 23 July, 2019
ഷീല ദീക്ഷിതിന്റെ സംസ്‌കാരം നടക്കുമ്ബോള്‍ രാഹുല്‍ വിദേശത്ത്; കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ചില അപ്രത്യക്ഷമാകല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നു. ഏറ്റവും ഒടുവില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ സംസ്‌കാര ചടങ്ങളില്‍ അദ്ദേഹം പങ്കെടുക്കാത്തതാണ് വിവാദമായിരിക്കുന്നത്. ബുദ്ധിശൂന്യമായ നീക്കമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് ചില നേതാക്കള്‍ പറയുന്നു.


സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഷീലാ ദീക്ഷിതിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തിരുന്നു. ദില്ലിയിലെ നിഗംബോധ് ഘട്ടില്‍ നടന്ന അന്ത്യകര്‍മങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. എന്നാല്‍ രാഹുല്‍ ഗാന്ധി മാത്രം വന്നില്ല. അദ്ദേഹത്തിന്റെ പേരിലുള്ള റീത്ത് സമര്‍പ്പിച്ചിരുന്നു. പക്ഷേ, രാഹുലിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.


രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയിട്ട് ദിവസങ്ങളായി. ചൊവ്വാഴ്ച രാവിലെയാണ് തിരിച്ചെത്തുക എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര സംബന്ധിച്ച്‌ മിക്ക നേതാക്കള്‍ക്കും അറിവില്ലായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം മാധ്യമങ്ങള്‍ തേടി. പലരും അതൃപ്തി പ്രകടിപ്പിച്ചുവെന്ന് ദി പ്രിന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.


ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഷീലാ ദീക്ഷിത് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അനുസ്മരിച്ചു. എന്നാല്‍ രാഹുലിനെ ന്യായീകരിച്ചും ചില നേതാക്കള്‍ പറഞ്ഞു. രാഹുലിന് വളരെ സ്‌നേഹമാണ് ഷീലാ ദീക്ഷിതിനോട്. അദ്ദേഹത്തിന് സാധിക്കുമെങ്കില്‍ ഉറപ്പായും അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. ശക്തനായ കപ്പിത്താന്‍ ഇല്ലെങ്കില്‍ കപ്പലില്‍ നിന്ന് പലരും ചാടി രക്ഷപ്പെട്ടേക്കുമെന്നാണ് ഇതുസംബന്ധിച്ച്‌ മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക