Image

എന്‍.ഡി.തിവാരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 01 May, 2012
എന്‍.ഡി.തിവാരിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: പിതൃത്വ കേസില്‍ പരിശോധനയ്ക്കായി ഡി.എന്‍.എ സാമ്പിള്‍ നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറുമായിരുന്ന എന്‍.ഡി.തിവാരി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തിവാരിയുടെ ധിക്കാരപരമായ പെരുമാറ്റമാണ് ഹര്‍ജി തള്ളുന്നതിന് കാരണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഡി.എന്‍.എ പരിശോധനയ്ക്ക് ഹാജരാവണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് തിവാരി സുപ്രീം കോടതിയെ സമീപിച്ചത്.

ഡി.എന്‍.എ പരിശോധനക്ക് വേണ്ടി ഹാജരാവാന്‍ നിരവധി തവണ തിവാരിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഹാജരായില്ല. റിപ്പോര്‍ട്ട് മുദ്ര വെച്ച കവറിലായിരിക്കുമെന്നും പൂര്‍ണ സംരക്ഷണം നല്‍കുമെന്നും കോടതി ഉറപ്പ് നല്‍കിയിട്ടും തിവാരി ഹാജരായില്ല. ഇനി ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

തന്റെ പിതാവ് തിവാരിയാണെന്ന് അവകാശപ്പെട്ട് 30 കാരനായ രോഹിത് ശേഖര്‍ നല്‍കിയ ഹര്‍ജിയില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ഹാജരാവണമെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും ആവശ്യപ്പെട്ടെങ്കിലും തിവാരി ഇതുവരെ ഹാജരായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഡി.എന്‍.എ സാമ്പിള്‍ നല്‍കണമെന്നും ഇതിനായി ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാമെന്നും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക