Image

ബഹളത്തിനൊടുവില്‍ എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി

Published on 15 July, 2019
ബഹളത്തിനൊടുവില്‍ എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി


ന്യൂഡല്‍ഹി: ഭരണപക്ഷവും പ്രതിപക്ഷവുമായുള്ള വാഗ്വാദങ്ങള്‍ക്കൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ലോക് സഭ പാസാക്കി. വിദേശ മണ്ണില്‍ വച്ച് ഇന്ത്യക്കാര്‍ക്ക് നേരേയുണ്ടാവുന്ന ആക്രമണങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങളും, മനുഷ്യക്കടത്തും അന്വേഷിക്കാന്‍ എന്‍.ഐ.ക്ക് അധികാരം നല്‍കുന്ന ബില്ലാണ് ഇത്.  

എന്‍.ഐ.എ (ഭേദഗതി) സര്‍ക്കാര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും ആശങ്കയുമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വാദത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. അതേ സമയം പ്രതികളുടെ മതം പരിഗണിക്കാതെ  തീവ്രവാദം ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

മറ്റു രാജ്യങ്ങളിലേക്ക് എന്‍.ഐ.എ ഉദ്യോഗസ്ഥരെ അന്വേഷണത്തിന് അയക്കുമ്പോള്‍ അവര്‍ക്ക് എന്ത് അധികാരമാണ് നല്‍കുക എന്ന് പ്രതിപക്ഷം ചോദിച്ചു. ഇന്ത്യയെ യു.എസോ ഇസ്രയേലോ പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

ബി.ജെ.പി എം.പി സത്യപാല്‍ സിങിന്റെ പ്രസംഗത്തിനിടെ ചോദ്യമുയര്‍ത്തിയ ഒവൈസിക്കെതിരെ അമിത് ഷാ രംഗത്തെത്തി. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ ക്ഷമയോടെ കേട്ടിരിക്കുന്‌നുണ്ട്, ആ ശീലം താങ്കള്‍ക്കുമുണ്ടാകണമെന്ന് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് വിരല്‍ ചൂണ്ടി സംസാരിച്ചത് ഒവൈസിയെ ചൊടിപ്പിച്ചു. താങ്കള്‍ വിരല്‍ ചൂണ്ടി സംസാരിച്ചാല്‍ താന്‍ പേടിച്ചു പോകില്ലെന്ന് ഒവൈസി പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് അമിത് ഷാ തിരിച്ചടിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക