Image

ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; കവലേക്കര്‍ ഉപമുഖ്യമന്ത്രി

Published on 14 July, 2019
 ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; കവലേക്കര്‍ ഉപമുഖ്യമന്ത്രി


പനാജി; കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപി പാളയത്തിലെത്തിയ മൂന്ന്‌ എംഎല്‍എമാരടക്കം നാലുപേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രതിപക്ഷനേതാവായിരുന്ന ചന്ദ്രകാന്ത്‌ കവലേക്കര്‍ പ്രമോദ്‌ സാവന്ത്‌ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. 

ഡെപ്യൂട്ടി സ്‌പീക്കര്‍ മൈക്കേല്‍ ലോബോയും മന്ത്രിയായി സത്യപ്രതിജ്ഞചെയ്‌തു. മന്ത്രിസഭാപ്രവേശത്തിന്‌ മുന്നോടിയായി ശനിയാഴ്‌ച രാവിലെ ലോബോ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനം രാജിവച്ചിരുന്നു.

കവലേക്കറിനെ കൂടാതെ ജനിഫര്‍ മൊണ്‍സെരാറ്റ, ഫിലിപ്‌ റോഡ്രിഗസ്‌ എന്നിവരാണ്‌ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌ത മുന്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍. ബിജെപിയുടെ നിയമസഭാംഗമാണ്‌ ലോബോ. ശനിയാഴ്‌ച പകല്‍ മൂന്നിനായിരുന്നു സത്യപ്രതിജ്ഞ. വ്യാഴാഴ്‌ചയാണ്‌ 10 കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ പാര്‍ടി വിട്ട്‌ ബിജെപിയില്‍ എത്തിയത്‌.

ബിജെപിയുടെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ്‌ പാര്‍ടിയിലെ മന്ത്രിമാരായ വിജയ്‌ സര്‍ദേശായി, വിനോദ്‌ പാലിയേന്‍കര്‍, ജയേഷ്‌ സാല്‍ഗോകര്‍ എന്നിവരെയും സ്വതന്ത്രനായ മന്ത്രി രോഹന്‍ ഖോണ്ഡെയെയും രാജിവയ്‌പിച്ചിട്ടാണ്‌ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്‌. 40 അംഗ നിയമസഭയില്‍ 17 പേര്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇവരുടെ പിന്തുണയോടെയാണ്‌ ഭരിച്ചത്‌.

കോണ്‍ഗ്രസിലെ 10 അംഗങ്ങള്‍ ചേര്‍ന്നതോടെ 27 പേരുള്ള ബിജെപിക്ക്‌ സഭയില്‍ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമായി. ഇതോടെയാണ്‌ ഇതുവരെ പിന്തുണച്ച ചെറുകക്ഷികളെയും സ്വതന്ത്രരെയും കൈവിട്ടത്‌. 2017ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയായി ഭരണംപിടിച്ചെടുത്ത കോണ്‍ഗ്രസ്‌ ഇതോടെ വെറും അഞ്ചംഗങ്ങളിലേക്ക്‌ ചുരുങ്ങി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക