Image

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുടരാന്‍ താല്‍പര്യമില്ലെന്ന് ജോണ്‍ റൈറ്റ്

Published on 01 May, 2012
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തുടരാന്‍ താല്‍പര്യമില്ലെന്ന് ജോണ്‍ റൈറ്റ്
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ജോണ്‍ റൈറ്റ് അറിയിച്ചു. നാഷണല്‍ കോച്ചിംഗ് ഡയറക്ടര്‍ ജോണ്‍ ബുക്കാനനുമായുള്ള അഭിപ്രായവ്യത്യാസമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിന് ശേഷം പരിശീലകസ്ഥാനം ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബുക്കാനനുമൊത്തുള്ള ഭിന്നതയെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ അദ്ദേഹം തയാറായില്ല.

ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന ജോണ്‍ റൈറ്റ് 2010 അവസാനം മുതലാണ് ന്യൂസിലാന്‍ഡിനെ പരിശീലിപ്പിക്കാനെത്തിയത്. റൈറ്റിന്റെ പരിശീലനത്തില്‍ കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡ് സെമിയിലെത്തിയിരുന്നു.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവരെ പരാജയപ്പെടുത്തി 26 വര്‍ഷത്തിനുള്ളില്‍ ആദ്യ ടെസ്റ്റ് ജയവും ടീം സ്വന്തമാക്കിയിരുന്നു. ജോണ്‍ റൈറ്റിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ സന്നദ്ധമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് നിഷേധിക്കുകയായിരുന്നെന്നും ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പറഞ്ഞു.

ന്യൂസിലാന്‍ഡിനെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം താന്‍ ആസ്വദിച്ചതായും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ജോണ്‍ റൈറ്റ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക