Image

പഞ്ചാബില്‍ നവജ്യോത്‌ സിങ്‌ സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു

Published on 14 July, 2019
പഞ്ചാബില്‍ നവജ്യോത്‌ സിങ്‌ സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു


നവ്‌ജ്യോത്‌ സിംഗ്‌ സിദ്ദു പഞ്ചാബ്‌ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ട്വിറ്ററിലൂടെയായിരുന്നു രാജി പ്രഖ്യാപനം. ജൂണ്‍ പത്തിന്‌ അന്നത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്‌ സിദ്ദു രാജിക്കത്ത്‌ അയച്ചെന്നാണ്‌ ട്വീറ്റില്‍നിന്നു വ്യക്തമാകുന്നത്‌. 

സാധാരണ മന്ത്രിമാര്‍ രാജിവയ്‌ക്കുന്‌പോള്‍ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ രാജിക്കത്ത്‌ അയയ്‌ക്കാറാണു പതിവ്‌. ഒരു മാസം മുന്‌പ്‌ അയച്ച രാജിക്കത്ത്‌ ഞായറാഴ്‌ചയാണു സിദ്ദു പുറത്തുവിടുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെയാണ്‌ മുഖ്യമന്ത്രിയും സിദ്ദുവും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടായത്‌. തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്‌ പിന്നാലെ സംസ്ഥാനത്തെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. സിദ്ദുവിനെ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന്‌ മാറ്റി ഊര്‍ജ്ജ വകുപ്പ്‌ നല്‍കി. ഇതില്‍ സിദ്ദുവിന്‌ അതൃപ്‌തിയുണ്ടായിരുന്നു.

മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ സിദ്ദുവിന്‌ പ്രധാനപ്പെട്ട വകുപ്പുകള്‍ നഷ്ടപ്പെട്ടിരുന്നു. മുന്‍ ക്രിക്കറ്റ്‌ താരം കൂടിയായ സിദ്ദു ബിജെപിയില്‍ നിന്ന്‌ രാജിവെച്ച്‌ 2017-ല്‍ നടന്ന പഞ്ചാബ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത്‌ കൗറിന്‌ സീറ്റ്‌ നിഷേധിച്ചതും സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കാനിടയാക്കിയിരുന്നു. ജൂണ്‍ 10-ന്‌ രാജിവെക്കുന്നുവെന്ന്‌ അറിയിച്ച്‌ സിദ്ദു രാഹുലിന്‌ കത്തയച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച്‌ പഞ്ചാബ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഇതുവരേയും വന്നിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക