വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് പ്രത്യേക മുൻഗണന നല്കുമെന്ന് യുഎസിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനായി ശിപാർശ ചെയ്യപ്പെട്ട ജനറൽ മാർക്ക് മില്ലി. നിയമനം അംഗീകരിക്കപ്പെടുന്നതിനു മുന്പായി സെനറ്റിന്റെ സായുധസേനാ കമ്മിറ്റിക്കു മുന്പാകെ നടന്ന വിചാരണയിൽ എഴുതി നല്കിയ മറുപടിയിലാണ് മില്ലി ഇതു വ്യക്തമാക്കിയത്.
നിയമനം ലഭിച്ചാൽ ഇന്ത്യയുമായി തുടരുന്ന സഹകരണം ശക്തിപ്പെടുത്തും. സൈനികതലത്തിലും മന്ത്രിതലത്തിലും ചർച്ചകൾ നടത്തും. ഇന്ത്യൻ സായുധസേനയുമായി വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു പ്രത്യേക മുൻഗണന നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിരോധ വിഷയത്തിൽ ഇന്ത്യ 2016 മുതൽ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ജനറൽ മില്ലി ഇപ്പോൾ കരസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. അഫ്ഗാനിസ്ഥാൻ, ഇറാഖ്, സൊമാലിയ, കൊളംബിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജനറൽ ജോസഫ് ഡൺഫോർഡിനു പകരമാണ് മില്ലിയെ പരിഗണിക്കുന്നത്.