Image

ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

കല Published on 12 July, 2019
ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകിട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത, മകന്‍ യദു, മകള്‍ നീരജ. 
മലയാള ചലച്ചിത്ര മേഖലയില്‍ നവീനമായ സൃഷ്ടികളുടെ ഭാഗമായിരുന്നു എന്നും എം.ജെ രധാകൃഷ്ണന്‍. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണ അദ്ദേഹത്തെ തേടിയെത്തി. ഇത്രയും തവണ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയ പ്രതിഭകള്‍ ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കും. അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ കാമറമാനായിരുന്നു എം.ജെ. 
സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന എം.ജെ ഷാജി എന്‍ കരുണിന്‍റെ അസിസ്റ്റന്‍റായിട്ടാണ് സിനിമോട്ടോഗ്രഫിയിലേക്ക് എത്തുന്നത്. 1988ല്‍ അലി അക്ബര്‍ സംവിധാനം ചെയ്ത മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്ര്യ ഛായാഗ്രാഹകനായത്. 
കളിയാട്ടം, ദേശാടനം, കരുണം, തീര്‍ത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകള്‍ക്ക്, നാല് പെണ്ണുങ്ങള്‍, ഗുല്‍മോഹര്‍, വിലാപങ്ങള്‍ക്കപ്പുറം, തിരക്കഥ, കാട് പൂക്കുന്ന നേരം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളുടെ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. എഴുപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. ഷാജി എന്‍ കരുണിന്‍റെ ഓള് എന്ന ചിത്രമാണ് അവസാനമായി ചെയ്ത ചിത്രം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക