Image

ജൂലൈ 12 : മലാല ദിനം (മീട്ടു റഹ്മത്ത് കലാം)

Published on 12 July, 2019
ജൂലൈ 12 : മലാല ദിനം (മീട്ടു റഹ്മത്ത് കലാം)
വെടിയുണ്ടകളേക്കാള്‍ ശക്തി തന്‍റെ വാക്കുകള്‍ക്ക് ഉണ്ടെന്ന തിരിച്ചറിവാണ് മലാല യൂസഫ് സായി എന്ന പെണ്‍കുട്ടിയെ എഴുതാന്‍ പ്രേരിപ്പിച്ചത്.  2008 മുതല്‍ അവളുടെ ബ്ലോഗിലൂടെ ഉതിര്‍ന്നുവീണ അക്ഷരങ്ങള്‍ വിദ്യ അഭ്യസിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട്  ലോകമാകമാനം കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി നിലയ്ക്കാതെ ശബ്ദിച്ചു. ആ വാക്കുകളിലെ അഗ്‌നി, ആയുധധാരികളെ പോലും  ഭയപ്പെടുത്തി.  പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്ത്  അവിടത്തെ സ്കൂളുകള്‍ പൂട്ടിച്ച താലിബാനെക്കുറിച്ച് മലാല എഴുതിയ ഡയറി, ബിബിസിയുടെ ഉര്‍ദു വിഭാഗം  ഓണ്‍ലൈന്‍  പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതോടെ  ഭീകരര്‍ അവള്‍ക്ക് നേരെ വധഭീഷണി മുഴക്കി.  താലിബാന്‍ ഭീകരരുടെ വെടിയേറ്റ് മരണത്തെ മുഖാമുഖം കണ്ടിട്ടും മലാല തളര്‍ന്നില്ല. 

കൗമാരത്തിന്റെ  പടിവാതിലില്‍വച്ചുതന്നെ നുള്ളിക്കളയാന്‍ ശ്രമിച്ച അവളിലെ പോര്‍വീര്യം , ഇന്ന് ഇരുപത്തിരണ്ടാം ജന്മദിനത്തില്‍ എത്തിനില്‍ക്കുമ്പോള്‍ പതിന്മടങ്ങായതായി  കാണാം. പഠിക്കാന്‍ വേണ്ടിയാണ് അവള്‍ ശബ്ദമുയര്‍ത്തിയത്.  ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി എന്ന സ്വപ്നതുല്യമായ നേട്ടം  കൈവരിക്കാന്‍ മലാലയെ  പ്രാപ്തയാക്കിയതും ആ  ധീരത തന്നെ.

ലണ്ടനിലെ ചികിത്സയ്ക്കുശേഷം മലാല തന്‍റെ ഓരോ പിറന്നാളും സിറിയ ഉള്‍പ്പെടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ അടങ്ങുന്ന  രാജ്യങ്ങളില്‍ ചെലവഴിച്ച്  മാതൃക കാട്ടി. പതിനാറാം പിറന്നാളിന് തന്‍റെ  മടങ്ങിവരവില്‍ ലോകത്തെ അഭിസംബോധന ചെയ്ത് ഐക്യരാഷ്ട്രസഭയില്‍ മലാല നടത്തിയ പ്രസംഗം ലോകശ്രദ്ധ പിടിച്ചു പറ്റി. ജന്മനാടായ പാക്കിസ്ഥാനു വേണ്ടി മാത്രമായിരുന്നില്ല മലാല സംസാരിച്ചത്.  തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ അവസരം നിഷേധിക്കുന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാലവേല സമ്പ്രദായത്തെക്കുറിച്ചും നൈജീരിയയില്‍ വിദ്യാലയങ്ങള്‍ നശിപ്പിക്കപ്പെടുന്നതുമെല്ലാം  ഒരേ വേദനയോടെ അവള്‍ ചൂണ്ടിക്കാട്ടി.

താന്‍  കയ്യില്‍ തോക്കുമായി നില്‍ക്കുമ്പോള്‍ തന്നെ ആക്രമിച്ച താലിബാന്‍ ഭീകരര്‍     മുന്നില്‍ വന്നാലും,  അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു  പകരംവീട്ടാന്‍  മുതിരില്ലെന്ന്   മലാല പറഞ്ഞത് മുതിര്‍ന്നവര്‍ക്ക് പോലും  സമാധാനത്തിന്‍റെ  പുതുജാലകം തുറന്നു കൊടുത്തു. മുഹമ്മദ് നബിയും യേശു ക്രിസ്തുവും ബുദ്ധനും പകര്‍ന്ന    സഹിഷ്ണുതയുടെ  പാഠങ്ങള്‍ക്ക് താന്‍ വിലമതിക്കുന്നു എന്നും നെല്‍സണ്‍ മണ്ടേലയുടെയും ജിന്നയുടെയും ഗാന്ധിജിയുടെയും മദര്‍തെരേസയുടെയും ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നും  പറഞ്ഞ് മലാല  ഐക്യരാഷ്ട്രസഭയുടെ സദസില്‍  ചെറുതാരകമായി  തിളങ്ങി. 

മലാലയുടെ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായി  അവളുടെ ജന്മദിനമായ ജൂലൈ 12,  മലാല ദിനം എന്ന പേരില്‍ സ്ത്രീശാക്തീകരണത്തിന്റെ   പ്രതീകമായി  ആചരിക്കണമെന്ന  തീരുമാനം  യുഎന്‍  കൈകൊണ്ടതും അതേത്തുടര്‍ന്നാണ്.

പാക്കിസ്ഥാനിലെ ആന്‍ഫ്രാങ്ക്  എന്ന്     രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മലാല, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ്.  "മലാല ദിനം, എന്‍റെ മാത്രം ദിനമല്ല. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഓരോ സ്ത്രീയുടെയും, ആണ്‍കുട്ടിയുടെയും, പെണ്‍കുട്ടിയുടെയും  ദിനമാണത് " എന്നാണ്  ഈ തീരുമാനത്തോട്  മലാല പ്രതികരിച്ചത്.  ലോകത്തെ മാറ്റിമറിക്കാന്‍ മലാല കണ്ടെത്തിയ സൂത്രവാക്യം വിദ്യാഭ്യാസത്തിന്‍റെ മഹത്വം വിളിച്ചോതുന്ന ഒന്നാണ്   ഒരു കുട്ടി , ഒരു അദ്ധ്യാപകന്‍ , ഒരു പേന , ഒരു പുസ്തകം...

ജൂലൈ 12 : മലാല ദിനം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക