Image

ജര്‍മനിയില്‍ ബ്ലൂ കാര്‍ഡിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം: മലയാളി കുടിയേറ്റം എളുപ്പമാവും

ജോസ്‌ കുമ്പിളുവേലില്‍ Published on 30 April, 2012
ജര്‍മനിയില്‍ ബ്ലൂ കാര്‍ഡിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം: മലയാളി കുടിയേറ്റം എളുപ്പമാവും
ബര്‍ലിന്‍: വിദേശത്തു നിന്നുള്ള തൊഴിലന്വേഷകര്‍ക്കു വേണ്‌ടി ബ്ലൂ കാര്‍ഡ്‌ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന്‌ ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‌ടസ്‌ടാഗ്‌ അംഗീകാരം നല്‍കി. വിദേശികള്‍ക്ക്‌ പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ ജര്‍മനിയില്‍ ജോലി കണ്‌ടെത്തുക ഇനി കൂടുതല്‍ എളുപ്പമാകുമെന്നും വിലയിരുത്തല്‍. ബ്‌ളൂകാര്‍ഡ്‌ സിസ്റ്റം യൂറോപ്യന്‍ യൂണിയനില്‍ പ്രാബല്യത്തിലാക്കണമെന്ന്‌ ജര്‍മനി 2009 മുതല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയു കമ്മീഷണര്‍ ബ്‌ളൂകാര്‍ഡ്‌ സിസ്റ്റത്തിന്റെ കരടുരൂപം അവതരിപ്പിച്ചെങ്കിലും ഇയു അംഗരാജ്യങ്ങള്‍ ഇതിനോട്‌ വിമുഖത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിദഗ്‌ധ തൊഴിലാളികള്‍ ഐറ്റി പ്രഫഷണലുകള്‍ എന്നീ മേഖലയിലുള്ളവര്‍ക്ക്‌ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ്‌ മെര്‍ക്കല്‍ സര്‍ക്കാര്‍ ഇത്തരമൊരു നടപടിയ്‌ക്ക്‌ ഒരുങ്ങിയത്‌. പാര്‍ലമെന്റിന്റെ ഉപരിസഭ(ബുണ്‌ടസ്‌റാറ്റ്‌)ഇക്കാര്യത്തില്‍ രണ്‌ടുപാവശ്യം ചര്‍ച്ച നടത്തിയതിനു ശേഷമാണ്‌ പാര്‍ലമെന്റിന്റെ അധാസഭയായ ബുണ്‌ടസ്‌ടാഗില്‍ ചര്‍ച്ചവന്നതും ബഹുഭൂരിപക്ഷത്തോടെ പാസാക്കിയതും. ഇനിയിപ്പോള്‍ ബ്‌ളൂകാര്‍ഡ്‌ ബില്ല്‌ ബുണ്‌ടസ്‌റാറ്റ്‌ അംഗീകരിച്ച്‌ ജര്‍മന്‍ പ്രസിഡന്റിന്റെ അവസാന അംഗീകാരത്തിനായി സമര്‍പ്പിയ്‌ക്കുകയേ വേണ്‌ടു. തുടര്‍ന്ന്‌ ഈ വര്‍ഷം സമ്മറില്‍തന്നെ ബ്‌ളൂകാര്‍ഡ്‌ സംവിധാനം ജര്‍മനിയില്‍ പ്രാബല്യത്തിലാവും.

വിദേശത്തുനിന്നുള്ള വിദഗ്‌ധ തൊഴിലാളികള്‍ക്കും പ്രഫഷനലുകള്‍ക്കും വരെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും തൊഴില്‍ വൈദഗ്‌ധ്യത്തിനും തൊഴില്‍ പരിചയത്തിനും അനുസരിച്ചുള്ള ജോലികള്‍ ജര്‍മനിയില്‍ കണ്‌ടെത്താന്‍ ഇതുവരെ ഏറെ ബുദ്ധിമുട്ടായിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ്‌ ബ്ലൂ കാര്‍ഡ്‌ നടപ്പാക്കുന്നത്‌. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തേ തന്നെ ഇതു നടപ്പാക്കിയതാണ്‌. ബ്ലൂ കാര്‍ഡ്‌ നിലവില്‍ വരുന്നതോടെ കുടിയേറ്റക്കാര്‍ക്ക്‌ അര്‍ഹിക്കുന്ന ജോലി തേടാനുള്ള ബ്യൂറോക്രാറ്റിക്‌ തടസങ്ങള്‍ പലതും നീങ്ങിക്കിട്ടും. ഉന്നത യോഗ്യതകളുള്ള പല വിദേശികളും ജര്‍മനിയില്‍ ഇപ്പോള്‍ കുറഞ്ഞ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്‌ട്‌.

അക്കാഡമിക്കുകള്‍ക്കും വിദേശ വിദ്യാര്‍ഥികള്‍ക്കും ജര്‍മന്‍ വിസ ലഭിക്കാനും ഇനി കൂടുതലെളുപ്പമാകുമെന്നാണു കരുതുന്നത്‌. മിനിമം ക്രെഡിറ്റ്‌ ലിമിറ്റ്‌ അഥവാ പ്രതിവര്‍ഷമുള്ള അടിസ്ഥാന ശമ്പളം 66,000 യൂറോയില്‍ നിന്ന്‌ 44,800 ആയും സയന്റിസ്റ്റുകള്‍ക്ക്‌ 44,000 നിന്ന്‌ 33,000 യൂറോയായും കുറച്ചിട്ടുമുണ്‌ട്‌. ടെമ്പററി ബ്ലൂ കാര്‍ഡ്‌ നേടി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ കുടുംബസമേതം സെറ്റില്‍മെന്റ്‌ പെര്‍മിറ്റ്‌ ലഭിക്കും. അംഗീകൃത തൊഴില്‍ കരാര്‍ ഉണ്‌ടായിരിക്കണമെന്നു മാത്രം. കൂടാതെ ഇംഗ്‌ളീഷ്‌, ജര്‍മന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യവും ഉണ്‌ടായിരിക്കണം.

കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഐറ്റി എക്‌സ്‌പേര്‍ട്ട്‌സ്‌, എന്‍ജിനീയേഴ്‌സ്‌, സയന്റിസ്റ്റ്‌സ്‌, മെഡിക്കല്‍ ഡോകേ്‌ടേഴ്‌സ്‌ എന്നീ വിഭാഗത്തല്‍പ്പെട്ടവരാണ്‌ ബ്‌ളൂകാര്‍ഡ്‌ സംവിധാനത്തിലൂടെ കുടിയേറാന്‍ അനുവാദം ലഭിക്കുക. ഇത്തരക്കാര്‍ക്ക്‌ കുറഞ്ഞത്‌ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അത്യാവശ്യമാണ്‌.

2000 ല്‍ അന്നത്തെ ചാന്‍സിലറായ സോഷ്യല്‍ ഡമോക്രാറ്റിക്‌ കക്ഷിക്കാരന്‍ ഗേര്‍ഹാര്‍ഡ്‌ ഷ്രൊയ്‌ഡര്‍ നടപ്പാക്കിയ ഐറ്റിക്കാര്‍ക്കുള്ള ഗ്രീന്‍കാര്‍ഡ്‌ സമ്പ്രദായം 2004 ല്‍ നിര്‍ത്തലാക്കിയിരുന്നു. ഇവരുടെ അടിസ്ഥാന ശമ്പളം 1,00,000 മാര്‍ക്കായിരുന്നു.ഗ്രീന്‍കാര്‍ഡ്‌ സിസ്റ്റത്തില്‍ നിരവധി ഇന്ത്യക്കാര്‍ പ്രത്യേകിച്ച്‌ മലയാളികള്‍ ജര്‍മനിയില്‍ കുടിയേറിയിരുന്നെങ്കിലും പലരും തിരിച്ചു പോയി. ഗ്രീന്‍കാര്‍ഡ്‌ സംവിധാനം തികച്ചും പരാജയപ്പെട്ട സ്ഥാനത്താണ്‌ ഇപ്പോള്‍ കുടുതല്‍ ഫെസിലിറ്റിയോടുകൂടി ബ്‌ളൂകാര്‍ഡ്‌ സംവിധാനം പ്രാബല്യത്തില്‍ കൊണ്‌ടുവരുന്നത്‌.

2025 ആവുമ്പോഴേയ്‌ക്കും 6,5 മില്യന്‍ വിദഗ്‌ധരുടെ ഒഴിവുകള്‍ ജര്‍മനിയില്‍ ഉണ്‌ടാവുമെന്നാണ്‌ ആധികാരികമായ കണ്‌ടെത്തല്‍. എന്നാല്‍ അടുത്തകാലത്തായി സര്‍വമേഖലയിലെ ഒഴിവുകള്‍ എടുത്താല്‍ ഏതാണ്‌ 2,5 മില്യന്‍ വിദഗ്‌ധരെ ജര്‍മനിക്കു വേണ്‌ടിവരുന്നു. ഇത്‌ ഐടി, എന്‍ജിനീയറിംഗ്‌, എയ്‌റോനോട്ടിക്‌, നഴ്‌സിംഗ്‌ തുടങ്ങിയ മേഖലകളിലാണ്‌. നിലവില്‍ ഉന്നതവിദ്യാഭ്യാസത്തിനായി കുടിയേറുന്ന, പഠനവിസായില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കും ബ്‌ളൂകാര്‍ഡ്‌ സംവിധാനം ഏറെ പ്രയോജനമാവും.
ജര്‍മനിയില്‍ ബ്ലൂ കാര്‍ഡിന്‌ പാര്‍ലമെന്റിന്റെ അംഗീകാരം: മലയാളി കുടിയേറ്റം എളുപ്പമാവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക