Image

സത്യം പാലുപോലെ വെളുത്തതാണ്‌, പറഞ്ഞ്‌ വിവാദമാക്കാന്‍ താത്‌പര്യമില്ല: ഷമ്മി തിലകന്‍

Published on 02 July, 2019
സത്യം പാലുപോലെ വെളുത്തതാണ്‌,  പറഞ്ഞ്‌ വിവാദമാക്കാന്‍ താത്‌പര്യമില്ല: ഷമ്മി തിലകന്‍


കഴിഞ്ഞ ദിവസം നടന്ന `അമ്മ'യുടെ 25-ാം ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ഷമ്മി തിലകനും പങ്കെടുത്തിരുന്നു. പത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ `അമ്മ' യോഗത്തില്‍ ഷമ്മി പങ്കെടുക്കുന്നത്‌. 

സംഘടനയ്‌ക്ക്‌ വളരെയധികം മാറ്റം വന്നിരിക്കുന്നുവെന്നും പത്ത്‌ വര്‍ഷം മുമ്പ്‌ കണ്ട `അമ്മ' വലുതായി എന്നും ഈ നിലയില്‍ കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം ഉണ്ടെന്നും ഷമ്മി മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

`യോഗത്തില്‍ എത്തിയ എന്നെ എല്ലാവരും വളരെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാണ്‌ സ്വീകരിച്ചത്‌. പത്തു വര്‍ഷം മാറി നിന്നത്‌ എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്‌. മാറി നിന്ന കാരണത്തിന്‌ പരിഹാരം കണ്ടെത്തിയതുകൊണ്ടാണ്‌ തിരികെ എത്തിയത്‌. 

അച്ഛനെ പുറത്താക്കിയതാണോ മാറി നിന്നതാണോ എന്ന വിഷയമൊക്കെ ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ല. കാരണം സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്‌. അത്‌ പാലു പോലെ വെളുത്തതാണ്‌. അതുകൊണ്ട്‌ തന്നെ ഇപ്പോള്‍ അതിനെ കുറിച്ച്‌ പറഞ്ഞ്‌ വിവാദമാക്കാന്‍ താത്‌പര്യമില്ല. ഇക്കാര്യത്തില്‍ ഞാന്‍ അനാവശ്യ ഘടകമാണ്‌. അച്ഛമുണ്ടായിരുന്നപ്പോഴും എന്റെ നിലപാട്‌ അതായിരുന്നു.' ഷമ്മി പറഞ്ഞു.

യോഗത്തില്‍ ജോയ്‌ മാത്യു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനോട്‌ തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ്‌ മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്‌.

 നേരത്തെ 2018 ജൂണില്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അമ്മയെ സമീപിച്ചിരുന്നു. 2010 ലാണ്‌ തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിയുന്നത്‌. അച്ചടക്ക നടപടിയ്‌ക്ക്‌ വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന്‌ ആരോപിച്ചിരുന്ന കുറ്റം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക