Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപവാസപ്രാര്‍ത്ഥനായജ്ഞം പ്രവാസ ലോകത്തിന്റെ താക്കിത്

Published on 01 July, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപവാസപ്രാര്‍ത്ഥനായജ്ഞം പ്രവാസ ലോകത്തിന്റെ താക്കിത്
തിരുവനന്തപുരം:പ്രവാസി സംരംഭകരുടെ ആത്മഹത്യയും ആശങ്കയും അവസാനിപ്പിച്ച് കേരളത്തെ പ്രവാസി സംരംഭക സൗഹൃദ സംസ്ഥാനമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജ്യണ്‍ പ്രസിഡന്‍റ് ഷാജി എം മാത്യുവിന്‍റെ അദ്ധ്യക്ഷതയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ ജോര്‍ജ് കുളങ്ങരയും പി. സൊണാള്‍ജിന്‍റെയും നേതൃത്വത്തില്‍ ജൂലൈ ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയ്ക്കല്‍ ഏകദിന ഉപവാസപ്രാര്‍ത്ഥനായജ്ഞം നടത്തി. ഉപവാസ സമരം രാവിലെ 10 മണിക്ക് ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടാനം ചെയ്തു.

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും ജീവിത നിലവാരത്തെയും പരിപോഷിപ്പിക്കാന്‍ പ്രവാസ ലോകത്ത് ചോര നീരാക്കി സ്വരുകൂട്ടിയ പണം ജന്മനാട്ടില്‍ നിക്ഷേപിക്കാന്‍ കൊതിക്കുന്ന ലക്ഷോപലക്ഷം പ്രവാസികളെ ഞെട്ടിച്ച സംഭവമാണ് സാജന്‍ എന്ന കഠിനാദ്ധ്വാനിയുടെ ജീവത്യാഗം. പണക്കൊതിയന്മാരായ കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥരും രാഷ്ട്രീയാന്ധത ബാധിച്ച് അഹങ്കാരികളായി മാറുന്ന ഭരണനേതൃത്വവും നിഷ്കരുണം തച്ചുടക്കുന്ന കരുത്തുറ്റ ജീവിതത്തിന്‍റെ ദുരന്തസംഭവം മാത്രമല്ല ഇത് അടയാളപ്പെടുത്തുന്നത്. നവകേരളം സൃഷ്ടിക്കാന്‍ പോകുന്നു എന്ന് പറയുന്ന ഭരണനേതൃത്വത്തിന്റെ വാക്കുകളിലെ പൊള്ളത്തരവും കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് സാജന്‍ മരിച്ചിട്ട് ഇത്രനാളായിട്ടും അദ്ദേഹത്തിന്‍റെ സ്വപ്‌നപദ്ധതിക്ക് പ്രവര്‍ത്തിക്കാന്‍ ഇനിയും അംഗീകാരം നല്കിയില്ല എന്ന വസ്തുത.

വര്‍ത്തമാനകാല കേരള സമൂഹമനസ്സില്‍ തീരാത്ത വേദന പടര്‍ത്തിയ പ്രവാസി മലയാളിയായ സാജന്‍റെ ആത്മഹത്യയുടെ സാമൂഹിക പ്രത്യാഘാതം ഭരണാധികാരിളെ ഓര്‍മ്മപ്പെടുത്താന്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന യജ്ഞം ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ വികാരവായ്പിന്‍റെ പ്രതിധ്വനിയുമായി ഭരണസിരാകേന്ദ്രത്തിനുമുന്നില്‍ അലടയിക്കുകയാണ്.

വിവേകശൂന്യരും ധിക്കാരികളുമായ ഭരണസംവിധാനത്തിന്‍റെ കണ്ണുതുറപ്പിക്കാന്‍ കേരള കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് കുളങ്ങര, വേള്‍ഡ് മലയാളി കൗണ്‍സില്‍ സാംസ്കാരിക വേദി ചെയര്‍മാന്‍ പി.സൊണാള്‍ജ് എന്നിവര്‍ നേതൃത്വം നല്കുന്ന ഉപവാസപ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല.

ജീവിതത്തിന്‍റെ യൗവനം മുതല്‍ പതിറ്റാണ്ടുകള്‍ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് പ്രവാസജീവിതത്തില്‍ നിന്ന് നേടുന്ന സമ്പത്ത് ജന്മനാട്ടില്‍ മുതല്‍മുടക്കി വ്യവസായം തുടങ്ങാന്‍ തയ്യാറാവുന്നവരെ ബൂര്‍ഷ്വ മുതലാളിയെന്ന് മുദ്രകുത്തി ദ്രോഹിക്കുന്ന കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം മാറാത്തതാണ് കേരളത്തിന്‍റെ ശാപമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഇന്ത്യാ റീജ്യണ്‍ പ്രസിഡന്‍റ് ഷാജി എം മാത്യു പറഞ്ഞു.

ലോകത്തെ എല്ലാ രാജ്യങ്ങളിലും സജീവമായ മലയാളി സമൂഹത്തിന്‍റെ പ്രതിനിധി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ പൊതു വികാരം പ്രകടിപ്പിക്കാനാണ് ഇന്ന് ഇവിടെ ഈ ഉപവാസയജ്ഞം സംഘടിപ്പിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങിയ എല്ലായിടത്തേയും മലയാളി കൂട്ടായ്മകള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഇന്നിവിടെ കൂടിയത്.

മുന്‍ എം.പി. പീതാംബരക്കുറുപ്പ്, മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, കെ.എസ്. ശബരീനാഥ് എം.എല്‍.എ, എം.വിന്‍സെന്‍റ് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, പി.ടി.തോമസ് എം.എല്‍.എ, ശരത് ചന്ദ്രപ്രസാദ് മുന്‍ എം.എല്‍.എ, ജോസഫ് എം പുതുശ്ശേരി മുന്‍ എം.എല്‍.എ, ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വ. റാം മോഹന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അശ്വതി ജ്വാല, കെ. പി. സി. സി വൈസ് പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, ബിജെപി സെക്രട്ടറി എം.എസ്.കുമാര്‍, തങ്കമണി ദിവാകരന്‍ പ്രസിഡന്‍റ്, ഡബ്ല്യു എം സി ഗ്ലോബല്‍ വനിതാ ഫോറം, അഡ്വ. ശിവന്‍ മഠത്തില്‍ ചെയര്‍മാന്‍, ഡബ്ല്യു എം സി പരിസ്ഥിതി ഫോറം, ഡോ. മനോജ് ചെയര്‍മാന്‍, ഡബ്ല്യു എം സി മിഡില്‍ ഈസറ്റ് ചെയര്‍മാന്‍ എന്നിവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വൈകുന്നേരം 4 മണിക്ക് നടന്ന സമാപന ചടങ്ങ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാരങ്ങാനീര് നല്‍കി ഉപവാസപ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള സമാപനസന്ദേശം നല്‍കി. വി.പി.ശിവകുമാര്‍, കബീര്‍ തീപ്പുരയില്‍, മോളി സ്റ്റാന്‍ലി, തോമസ് സക്കറിയ, ഷേര്‍ലി മാത്യു, സാം ജോസഫ്, സന്തോഷ് നെടുമങ്ങാട്, സാബു തോമസ്, പ്രസാദ് നാരായണന്‍, സുനില്‍കുമാര്‍, ജയകുമാര്‍, പ്രദീപ്, ദിനേശ്, ഷാജി ജോസ്, സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

ഉപവാസ പ്രാര്‍ത്ഥനക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ്  കൂടല്‍ , ചെയര്‍മാന്‍ പി സി മാത്യു , ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  എസ് കെ ചെറിയാന്‍ ,തോമസ് മൊട്ടക്കല്‍ ,ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ തങ്കം അരവിന്ദ് , ചാക്കോ കോയിക്കലേത്ത് ,സുധിര്‍ നമ്പ്യാര്‍ , ഫിലിപ്പ് മാരേട്ട്  , കോശി ഉമ്മന്‍,സാമൂഹ്യ സാംസ്കാരിക നായകര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, റീജ്യണല്‍, പ്രോവിന്‍സ് ഭാരവാഹികള്‍ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ അഭിവാദ്യം നേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉപവാസപ്രാര്‍ത്ഥനായജ്ഞം പ്രവാസ ലോകത്തിന്റെ താക്കിത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക