Image

പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 15: ജയന്‍ വര്‍ഗീസ്)

Published on 27 June, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ...(അനുഭവക്കുറിപ്പുകള്‍- 15: ജയന്‍ വര്‍ഗീസ്)
വിവാഹ ശേഷമാണ് " ഇനിയെന്ത് " എന്ന ചോദ്യം ശരിക്കും എന്നെ തുറിച്ചു നോക്കാന്‍ തുടങ്ങിയത്. മേരിക്കുട്ടി സ്വന്തമായി സൂക്ഷിച്ചിരുന്ന കുറച്ചു രൂപ കൊണ്ടാണ് ബന്ധു വീടുകളിലേക്കുള്ള യാത്രയും, മറ്റു വലിയ ചിലവുകളും നടക്കുന്നത്. എന്റെ ജോലി കൊണ്ട് ഒരു ബാലന്‍സ് നീക്കി വയ്ക്കുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. നിലവില്‍ വലിയൊരു കടത്തിന് ഉത്തരവാദിയുമാണ് ഞാന്‍. വിവാഹം കഴിഞ്ഞതോടെ ചിലരൊക്കെ പണം തിരിച്ചു ചോദിച്ചു തുടങ്ങിയിരിക്കുന്നു. " സ്ത്രീധനം വാങ്ങാതെ കെട്ടിയ ഇവനെ ഞങ്ങളെന്തിന് സഹായിക്കണം? " എന്ന ഒരു ചോദ്യം പണം കിട്ടാനുള്ളവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നതായും തോന്നിയിരുന്നു.

വണ്ണപ്പുറത്തെ മേരിക്കുട്ടിയുടെ ജോലിസ്ഥലത്ത് നല്ല വരുമാനമുണ്ട്. അതുപേക്ഷിച്ചു ചാത്തമറ്റത്ത് നിന്നാല്‍ കെട്ടിക്കൊണ്ടു വന്ന പെണ്ണിനും കൂടി അപ്പന്‍ ചെലവിന് കൊടുക്കേണ്ടി വരും. അപ്പനെ അനുസരിക്കാതെ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയും, അത് നടപ്പാക്കാനായി അപ്പന്റെ പോക്കറ്റില്‍ തന്നെ കൈയിടുകയും ചെയ്‌യുന്ന ഒരു മകനാണല്ലോ ഞാന്‍. പുറത്തു കാണിച്ചില്ലെങ്കിലും, ഇത്തരം ഒരു മകനോട് ഏതൊരപ്പനും അകത്ത് അലോസരം ഉണ്ടായിരിക്കുമല്ലോ? ഇതൊക്കെ ചിന്തിച്ചപ്പോള്‍ മേരിക്കുട്ടിയോടൊപ്പം വണ്ണപ്പുറത്ത് ജോലിക്കു പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

മൂത്താപ്ലയുടെ കടയിലെത്തി ആവശ്യം ഉന്നയിച്ചു. മെഷീനില്ല. മെഷീനും കൊണ്ട് വന്നാല്‍ പുറത്ത് തിണ്ണയില്‍ ഇരുന്ന് ജോലി ചെയ്യാം.  ( പെണ്‍കുട്ടികളുടെ മെഷീനുകള്‍ കടക്കകത്താണ്. ) ഒരു സിറ്റിയില്‍ ഇരുന്നു ജോലി ചെയ്യുന്ന സുന്ദരികളായ യുവതികള്‍ക്ക് കുറെ ചുമ്മാ ആങ്ങളമാര്‍ ഉണ്ടാവുമല്ലോ? അവരില്‍ ചിലരൊക്കെ വന്നു പരിചയപ്പെട്ടു. മേരിക്കുട്ടി നല്ല നിലയില്‍ വിവാഹം നടത്തിപ്പോയി എന്നാണ് അവരുടെയൊക്കെ  ധാരണ. അപ്പോഴാണ് നവ വരന്‍ ഭാര്യയുടെ വാലില്‍ തൂങ്ങി തയ്യല്‍ ജോലിയും അന്വേഷിച്ച്  ഭാര്യയുടെ താവളത്തില്‍ തന്നെ എത്തിയിരിക്കുന്നത്. സ്വാഭാവികമായും അവരുടെയൊക്കെ മുഖത്ത് പരിഹാസത്തിന്റെ ഒരു കതിരൊളി വിരിയുന്നത് ഞാന്‍ കണ്ടു.

ഇനി അവിടെ നില്‍ക്കുന്നത് ശരിയാവില്ല എന്ന് എനിക്ക് തോന്നി. മൂത്താപ്ലയോട് നന്ദി പറഞ്ഞു കൊണ്ട് അവിടെ നിന്നിറങ്ങി. പിന്നെ സ്വന്തമായി മെഷീനില്ലാത്ത ഒരു തയ്യല്‍ക്കാരന് ( എന്റെ മെഷീന്‍ വീട്ടിലുണ്ടെങ്കിലും, ഇനിയും അതും പൊക്കിക്കൊണ്ട് നടക്കാന്‍ ഒരു വല്ലാത്ത മടി.) ജോലി കിട്ടുമോ എന്നാണു അന്വേഷണം. പല കടകളിലും അന്വേഷിച്ചു. അവസാനം മൂത്താപ്ലയുടെ കടയില്‍ നിന്നും നാലഞ്ചു മൈല്‍ ദൂരെ കാളിയാറിനും അക്കരെയുള്ള വിസ്തൃതമായ മലങ്കര എസ്‌റ്റേറ്റ് അവസാനിക്കുന്നിടത്ത് ' ചാലക്ക മുക്ക് ' എന്ന കൊച്ചു സിറ്റിയില്‍ ഒരിടം കണ്ടെത്തുന്നു.

വെളുത്തു സുന്ദരനായ ഒരു മധ്യ വയസ്കനാണ് കടയുടമ. കുളിച്ചു കുറി തൊട്ട് ശുഭ്ര വസ്ത്ര ധാരിയായി നടക്കുന്ന ഒരാള്‍. തയ്യല്‍ക്കാരനായിരുന്നു. ഇപ്പോള്‍ പണത്തിനൊക്കെ മാര്‍ഗ്ഗമായതു കൊണ്ട് കച്ചവടവും, തയ്യലുമൊക്കെ ഉപേക്ഷിച്ച നിലയിലാണ്. പത്തുമണിക്ക് വന്നു കട തുറക്കും. പത്രം വായിക്കും. ആരെങ്കിലും തയ്യലും ആവശ്യപ്പെട്ടു വന്നാല്‍ നിവര്‍ത്തിയുണ്ടെങ്കില്‍ അവരെ ഒഴിവാക്കി വിടും ഇതാണ് രീതി.

എന്റെ ആവശ്യം ആള്‍ സസദ്ധ്രം കേട്ടു. കൂടുതല്‍ സംസാരിക്കില്ല. " ഇവിടെ പണിയൊന്നും വരാറില്ല " എന്നുത്തരം. " അത് സാരമില്ല " എന്ന് ഞാന്‍. " എന്നാല്‍ ഇരുന്നോളൂ " എന്നനുവാദം. എനിക്ക് സ്വര്‍ഗ്ഗം കിട്ടിയ വാശി.

അങ്ങിനെ പിറ്റേ ദിവസം മുതല്‍ ഞാന്‍ അവിടെ തയ്യല്‍ തുടങ്ങുകയാണ്.  മെഷീനൊക്കെ തുടച്ച് എണ്ണയൊക്കെ ഇട്ടു മിനുക്കി. പിള്ളയുടെ കടയില്‍ ഒരു തയ്യല്‍ക്കാരന്‍ വന്നിട്ടുണ്ട് എന്ന വാര്‍ത്ത പരന്നത്  കൊണ്ടായിരിക്കണം ചിലരൊക്കെ എന്നെ കാണാന്‍ വന്നു. പിള്ളയെപ്പോലെ തന്നെ ഞാനും ഒരു സുന്ദരക്കുട്ടപ്പന്‍ ആയിട്ടാണല്ലോ ഇരിപ്പ്. ആദ്യമായി ഒരാള്‍ രണ്ട് അണ്ടര്‍ വിയര്‍ തയ്ക്കാനാനുള്ള ഓഫര്‍ തന്നു. കടലില്‍ താഴുന്നവന് കച്ചിത്തുരുന്പ് കിട്ടുന്ന സന്തോഷത്തോടെ അത് തയ്ച്ചു കൊടുക്കുകയും, കസ്റ്റമര്‍ക്ക് ഇഷ്ടമാവുകയും ചെയ്തു.

ഒരു ചായക്കടയും, മുറുക്കാന്‍ കടയുമാണ് ആ കെട്ടിടത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍. മുറുക്കാന്‍ കടക്കാരനായ ബഷീര്‍ എന്ന യുവാവ് പെട്ടന്ന് എന്റെ സുഹൃത്തായി മാറി. ഞാന്‍ നല്ലൊരു ബീഡി വലിക്കാരന്‍ ആയിരുന്നത് കൊണ്ട് ബഷീറിന് നല്ലൊരു കസ്റ്റമറെയും കിട്ടി. ഉച്ചക്ക് ചായക്കടയില്‍ നിന്ന് രണ്ട് വെള്ളയപ്പവും, കടലക്കറിയും, ചായയും കഴിക്കും. വേണമെങ്കില്‍ ഉച്ചക്ക് ഊണ് തന്നെ ഉണ്ടാക്കിത്തരാം എന്ന് കടക്കാരന്‍ പറഞ്ഞു. അത് വേണ്ട, ഇത് തന്നെ ധാരാളം എന്ന് പറഞ്ഞു തലയൂരി.

ക്രമേണ ജോലികള്‍ വന്നു തുടങ്ങി. യാതൊരു വില്‍പ്പനയും ഇല്ലാതിരുന്ന പിള്ളയുടെ കടയിലും ചലനങ്ങളുണ്ടായി. വണ്ണപ്പുറത്ത് തയ്ക്കുന്ന മേരിക്കുട്ടിയുടെ ഭര്‍ത്താവാണ് ഞാന്‍ എന്നറിഞ്ഞ ചില കസ്റ്റമേഴ്‌സ് മേരിക്കുട്ടിക്ക് തയ്യലിലുള്ള പ്രാവീണ്യം എനിക്കും ഉണ്ടാവും എന്ന് കണക്ക് കൂട്ടുകയും, പുറത്തു നിന്ന് തുണികള്‍ വാങ്ങിക്കൊണ്ടു വന്ന് എന്നെ തയ്ക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നത് പിള്ളക്ക് അത്രക്ക് ഇഷ്ടപ്പെടുന്നില്ല എന്നും ഞാന്‍ മനസിലാക്കി.

ഒരുവിധം ഭംഗിയായി കാര്യങ്ങള്‍ നടന്നു പോവുകയും, എനിക്ക് കിട്ടുന്നതിനേക്കാള്‍ വളരെക്കൂടുതല്‍ മേരിക്കുട്ടിക്ക് കിട്ടുകയും ചെയ്തിരുന്നത് കൊണ്ട് കുറച്ചാളുകള്‍ക്ക് കൊടുക്കാനുള്ള ചെറിയ തുകകള്‍ ഒക്കെ വീട്ടുവാന്‍ കഴിഞ്ഞു. ഒരു പ്ലെയിന്‍ കവറില്‍ ചെറിയൊരു ക്ഷമാപണക്കുറിപ്പോടെയുള്ള തുകകള്‍ ചെഞ്ചേരില്‍ ചാക്കോച്ചന്‍ ചേട്ടന്റെ കടയില്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. എനിക്ക്  പണം തന്നവര്‍ക്ക് എന്നെങ്കിലും അത് തിരിച്ചു കിട്ടും എന്നൊരു ബോധ്യം സൃഷ്ടിക്കുവാന്‍ ഇത് മൂലംകഴിഞ്ഞു.

 എഴുത്തും, വായനയുമൊക്കെ തല്‍ക്കാലം മടക്കി വച്ചു. ഒന്നിനും സമയം കിട്ടിയിരുന്നില്ല എന്നതാണ് കാരണം. രാവിലെ ആറുമണിക്ക് പുറപ്പെടണം. രണ്ടര മൈല്‍ അകലെയുള്ള പൈങ്ങോട്ടൂര്‍ വരെ നടക്കണം. അവിടെ നിന്ന് ബസ് പിടിച്ചു പത്തു മൈല്‍ അകലെയുള്ള വണ്ണപ്പുറത്തു മേരിക്കുട്ടിയെ ഇറക്കിയിട്ട് വേറെ ബസ് പിടിച്ചു വേണം അഞ്ചു മൈല്‍ അകലെയുള്ള ചാലക്കമുക്കില്‍ എനിക്കെത്താന്‍. എനിക്ക് പ്രശ്‌നമില്ല. എന്റെ പിള്ളാച്ചന്‍ താമസിച്ചേ കട തുറക്കൂ. പക്ഷെ, ഭാര്യയുടെ  മൂത്താപ്ല എട്ടുമണി മുതലേ കടയും തുറന്നു കാത്തിരിപ്പാണ്. താമസിച്ചു വരുന്നത് അദ്ദേഹത്തിന് ഇഷ്ടമേയല്ല. രാവിലെയാണ് കൂടുതല്‍ കച്ചവടം കിട്ടുന്നതെന്നും, അപ്പോള്‍ തയ്യല്‍ക്കാര്‍ കടയില്‍ ഉണ്ടായിരിക്കണം എന്നുമാണ് പ്രമാണം. കുണ്ടും, കുഴിയും നിറഞ്ഞ മിറ്റല്‍ റോഡും, സമയത്തിനു ഓടാത്ത ബസ്സുകളും കൂടി മൂത്താപ്ലയുടെ ഈ സമയ ക്രമം പാലിക്കാന്‍ ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടു. അഞ്ചര കഴിയാതെ കടയില്‍ നിന്ന് ഇറങ്ങുന്നതും മൂത്താപ്ലാക്ക് ഇഷ്ടമല്ലാഞ്ഞതിനാല്‍ ഞങ്ങള്‍ തിരിച്ചെത്തുന്‌പോള്‍ രാത്രിയായിരിക്കും. ഞായറാഴ്ച ഒരു ദിവസം മാത്രം മനസില്ലാ മനസോടെ കക്ഷി അവധി അനുവദിച്ചിരുന്നു.

മേരിക്കുട്ടിക്ക് നല്ല പൈസ കിട്ടിയിരുന്നു. പക്ഷെ ഒന്നും ഞങ്ങളുടെ കൈയില്‍ തങ്ങിയില്ല. കടങ്ങള്‍ക്കെല്ലാം നാട്ടിലെ നിരക്കായ നൂറ്റുക്കു രണ്ട്  ( അതായത് 24 ശതമാനം )പലിശയുണ്ടായിരുന്നു. പോരെങ്കില്‍ പണം തിരിച്ചു വാങ്ങാനായി കിട്ടാനുള്ളവരുടെ നീണ്ട നിര. ഒരു പരാതിയും പറയാതെ ഈ കടം വീട്ടുവാനായി എന്റെ ഭാര്യ എന്നെ സഹായിച്ചു കൊണ്ടിരുന്നു. ഒരു ബ്ലൗസ് തയ്ച്ചു കൊടുത്താല്‍ 35 പൈസ കൂലി കിട്ടുന്ന കാലമായിരുന്നു അത്.

ഒരു തയ്യല്‍ക്കാരന്‍ എന്ന നിലയില്‍ ചാലക്ക മുക്കില്‍ എനിക്ക് നല്ല പേര് കിട്ടി. പൂട്ടാന്‍ പോയ പിള്ളാച്ചന്റെ കട ഒന്നുണര്‍ന്നു.  ചായക്കടയിലെ ആഴ്ച്ചപ്പറ്റും, മുറുക്കാന്‍ കടയിലെ ബീഡിപ്പറ്റും കിറു കൃത്യമായി ഞാന്‍ കൊടുത്തിരുന്നു. കൃത്യ നിഷ്ഠയുള്ള ഒരു തയ്യല്‍ക്കാരന്‍ വന്നത് കൊണ്ടാണ് പിള്ളയുടെ ബിസ്സിനസ്സ് മെച്ചപ്പെട്ടത് എന്നൊരു ധാരണ പരന്നു.

ഒരുച്ചക്ക് ഭക്ഷണം കഴിക്കാന്‍ ചെന്ന എന്നെ ചായക്കടക്കാരന്‍ രഹസ്യമായി പിന്നിലുള്ള അയാളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. എന്നെ കാണാന്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. ചെന്നപ്പോള്‍ വെളുക്കെ ചിരിച്ചു കൊണ്ട് ഒരാള്‍ എന്നെ എതിരേറ്റു. ചാലക്ക മുക്കില്‍ നിന്നും ഒന്നര മൈല്‍ ദൂരെയുള്ള കൊടിക്കുളത്തെ പ്രമുഖ വസ്ത്ര വ്യാപാരിയായ ഒരു ഉലഹന്നാന്‍ ചേട്ടനാണ് താനെന്ന് അയാള്‍ സ്വയം  പരിചയപ്പെടുത്തി. എന്നെക്കുറിച്ചു അയാള്‍ കേട്ടെന്നും, എന്റെ സേവനം അയാളുടെ കടയില്‍ കിട്ടണം എന്നുമാണ് ആവശ്യം. എനിക്ക് മെഷീന്‍ ഇല്ലെന്ന ഒരൊഴിവ് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ മെഷീന്‍ തരാമെന്നായി. എനിക്ക് പിള്ളാച്ചനെ വിട്ടു വരാന്‍ താല്‍പ്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇവിടെ കിട്ടുന്നതിന്റെ ഇരട്ടി പണം അവിടെ കിട്ടും എന്നായി അയാള്‍. മാത്രമല്ലാ, പണിയുണ്ടെങ്കിലും ഇല്ലെങ്കിലും ദിവസം അഞ്ചുരൂപാ വച്ച് കൃത്യം നാലര മണിക്ക് കയ്യില്‍ തന്നു കൊള്ളാമെന്നും അയാള്‍ ഏറ്റു. അഞ്ചുരൂപാ തീരെ മോശമല്ലാത്ത ഒരു കൂലിയാണ് അന്ന്. എന്റെ കഷ്ടകാലത്തിന് അയാളെ ഒഴിവാക്കാനായി ഏഴു രൂപാ  തന്നാല്‍ വരാമെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഒഴിവാകുമെന്ന് ഞാന്‍ കരുതിയെങ്കിലും  എന്നെ ഞെട്ടിച്ചു കൊണ്ട് അയാള്‍ അതും സമ്മതിച്ചു.

ഒട്ടൊരു കുറ്റ ബോധത്തോടെയാണ് ഞാന്‍ പിള്ളാച്ചനെ പിരിഞ്ഞത്. അത്രയും കിട്ടുമെങ്കില്‍ പൊയ്‌ക്കൊള്ളാന്‍ പിള്ളാച്ചനും പറഞ്ഞു. ബഷീര്‍ ഉള്‍പ്പടെയുള്ള സുഹൃത്തക്കളോടും, കസ്റ്റമേഴ്‌സിനോടും യാത്ര പറഞ്ഞു കടകളിലെ പറ്റുകള്‍ കൃത്യമായി അടച്ചു തീര്‍ത്ത് എന്റെ പുതിയ ലാവണമായ കോടിക്കുളത്തെ ഉലഹന്നാന്‍ ടെക്സ്റ്റ്‌ടൈല്‍സിലേക്ക് ഞാന്‍ മാറി. ചെന്നപ്പോള്‍ സംഗതി ശരിയാണ്. വലിയ കട. വേറെ തയ്യല്‍ക്കാരില്ല. മുന്‍ തയ്യല്‍ക്കാരനായിരുന്ന സീതി ഏതോ അസൗകര്യം പ്രമാണിച്ചു മാറുകയാണ്. സീതിയാവട്ടെ എന്റെ ഭാര്യയുടെ അയല്‍ക്കാരിയും, കൂട്ടുകാരിയുമായ ആമിനയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. സീതിയുടെ ഒരു മോഡേണ്‍ ഹൈ സ്പീഡ് മെഷീനാണ് എനിക്ക് കിട്ടാന്‍ പോകുന്നത്. "വാടക ഒന്നുമില്ല, മെഷീന്‍ സൂക്ഷിക്കണം " എന്ന് പറഞ്ഞ്  സീതി തന്നെ മെഷീന്‍ എനിക്ക് ഏല്‍പ്പിച്ചു തന്നു. ഒന്നും വേണ്ടെന്നു പറഞ്ഞെങ്കിലും എന്തെങ്കിലും സീതിക്കു കൊടുക്കണം എന്ന് ഞാന്‍ മനസ്സില്‍ കണ്ടിരുന്നു. ( അന്ന് മുതല്‍ ഇന്നുവരെയും സീതി എന്റെ സുഹൃത്താണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ചെന്നപ്പോളും ഞാന്‍ സീതിയെ കണ്ടിരുന്നു.     ഇന്നയാള്‍ ആവും വിധം പാവങ്ങളെ സഹായിച്ചു കൊണ്ട് പ്രൗഢമായി ജീവിക്കുന്ന ഒരു ബഡാ ഹാജിയാണ്.)

 സ്കൂള്‍ തുറക്കുന്ന ഒരു സീസണിലാണ് ഞാന്‍ പുതിയ ജോലി തുടങ്ങുന്നത്. സമീപത്തുള്ള കോണ്‍വെന്റ്  സ്കൂളില്‍ നീലയും വെള്ളയുമാണ് യൂണിഫോറം. നൂറു കണക്കിന് പെണ്‍കുട്ടികള്‍ക്കു നീലപ്പാവാടയും, വെള്ള ഷര്‍ട്ടും ഞാന്‍ തയ്ച്ചു കൊടുത്തു. തയ്യല്‍ക്കൂലിയും കൂട്ടിച്ചേര്‍ത്താണ് ഉലഹന്നാന്‍ ചേട്ടന്‍ വില വാങ്ങിയിരുന്നത്. ഓരോ ദിവസവും ഏഴു രൂപാ വച്ച് കൃത്യമായി അദ്ദേഹം എനിക്ക് തന്നിരുന്നു. എനിക്ക് തരുന്ന തുകയെക്കാള്‍ ഒരു രൂപയെങ്കിലും കൂടുതല്‍ കടക്കാരന് കിട്ടിയിരിക്കണം എന്ന ചിന്തയോടെ ആത്മാര്‍ത്ഥമായിത്തന്നെ ഞാന്‍ ജോലി ചെയ്തിരുന്നു.

ഇനി തയ്യലിലെ ഒരു ടെക്‌നിക് പറയാം. ഒരു പാവാടക്ക് ആവശ്യമുള്ള ഇറക്കത്തിന്റെ ( നീളം ) മൂന്നിരട്ടിയാണ് തുണി വാങ്ങേണ്ടത്. ഇത് മൂന്നായി മുറിച്ചു കൂട്ടിച്ചേര്‍ത്തു മുകള്‍ ഭാഗം ഞൊറിഞ് വയറിന്റെ വണ്ണത്തിന് പാകമാക്കിയാണ് പാവാട തയ്ക്കുന്നത്. വലിയ കുട്ടികള്‍ക്കോ, യുവതികള്‍ക്കോ ആണെങ്കില്‍ ഈ തുണി മുഴുവന്‍ ഞൊറിഞ് ഉപയോഗിക്കാം. ചെറിയ കുട്ടികള്‍ക്കാവുന്‌പോള്‍ ഈ തുണി മുഴുവന്‍ ഞൊറിഞ്ഞാല്‍ നമ്മുടെ കഥകളിക്കാരുടെ പാവാട പോലെ പൊങ്ങി നില്‍ക്കും. അത് കൊണ്ട് രണ്ടര ഭാഗം കൂട്ടിച്ചേര്‍ത്തു ഞൊറിയുന്നതാവും ഭംഗി. ഇങ്ങിനെ വരുന്‌പോള്‍ ഓരോ പാവാടയില്‍ നിന്നും ഇറക്കത്തിന്റെ അര നീളം തുണി ബാക്കി വരും. ഈ അര നീളം തുണി അടുത്ത പാവാടയില്‍ ഉപയോഗിക്കുന്‌പോള്‍ ഒരു നീളം തുണി ബാക്കി വരും  മൂന്നാമത്തേതില്‍ ഒന്നര, നാലാമത്തേതില്‍ രണ്ട്, എന്നിങ്ങനെ ബാക്കി വന്ന് ആറാമത്തെ പാവാടയാകുന്‌പോള്‍ ഒരു പാവാടക്കുള്ള തുണി ബാക്കി വരും.

ഒരു മാസത്തോളം ഇങ്ങിനെ ഒരേ തുണി ഉപയോഗിച്ച് യൂണിഫോറം തയ്ച്ചപ്പോള്‍ എന്റെ കയ്യില്‍ കുറെ തുണി ബാക്കി വന്നു. ഒരു ശനിയാഴ്ച ജോലി കഴിഞ്ഞു മടങ്ങുന്‌പോള്‍ ആ തുണികള്‍ ഞാന്‍ കൈയിലെടുത്തു. ( തയ്യല്‍ക്കാര്‍ തമാശയായി ' കത്രികപങ്ക് ' എന്ന് വിളിക്കുന്ന ഇത്തരം തുണികള്‍ കൊണ്ട് സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങള്‍ തയ്‌ച്ചെടുക്കാറുണ്ട്. ) ഇത് കണ്ട ഉലഹന്നാന്‍ ചേട്ടന്‍ എന്തിനാണ് തുണിയെടുക്കുന്നത് എന്ന് എന്നോട് ചോദിച്ചു. ഇത് ഇത്രയും കാലം കൊണ്ട് ബാക്കി വന്ന തുണിയാണെന്നും, ഞാനത് കൊണ്ട് പോവുകയാണെന്നും ഞാന്‍ പറഞ്ഞു. അതുവരെ കാണാത്ത തരത്തില്‍ ഉലഹന്നാന്‍ ചേട്ടന്റെ മുഖം ചുവന്നു. എന്നിട്ട് ഒരു മുതലാളി തൊഴിലാളിയോട് ആജ്ഞാപിക്കുന്ന ഗൗരവത്തോടെ ഉറക്കെ പറഞ്ഞു : " അതെടുക്കേണ്ട. അവിടെ വച്ചേര്. "

ഞാന്‍ തുണി തിരിച്ചു വച്ചു. അവിടെ എനിക്ക് ആകെ സ്വത്തായിട്ടുള്ളത് അഞ്ചടിയുടെ ഒരു ഫഌ്‌സബീല്‍ അളവ് ടേപ്പാണ്. പതിയെ അതെടുത്തു മടക്കി ഞാന്‍ പോക്കറ്റിലിട്ടു. ഇറങ്ങാന്‍ നേരം ഉലഹന്നാന്‍ ചേട്ടന്‍ സൗമ്യനായി എന്നോട് ചോദിച്ചു : " തിങ്കളാഴ്ച വരില്ലേ? " ഒന്നും സംഭവിക്കാത്ത പോലെ പടിയിറങ്ങുന്‌പോള്‍ സൗമ്യനായിത്തന്നെ ഞാന്‍ മറുപടി പറഞ്ഞു : " ഇനി ഞാന്‍ വരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക