Image

ഷെറിന്‍ ജീവനോടെ തിരിച്ചുവരുമെന്നു കരുതിയതായി വെസ്ലി മാത്യൂസ്

Published on 25 June, 2019
ഷെറിന്‍ ജീവനോടെ തിരിച്ചുവരുമെന്നു കരുതിയതായി വെസ്ലി മാത്യൂസ്
ഡാളസ്: വളര്‍ത്തുപുത്രി ഷെറിന്‍ മാത്യൂസ് (3) മരിച്ചുവെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവള്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് പോലീസിനെ വിളിക്കാന്‍ വൈകിയതെന്നും വിചാരണയുടെ രണ്ടാം ദിനമായ ചൊവ്വാഴ്ച വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് (30) മൊഴി നല്‍കി.

കടുത്ത ഭീതിയിലായിരുന്നു താന്‍. എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. ഇനിയൊരു അവസരം ലഭിച്ചാല്‍ അന്നത്തെ പോലെ ആയിരിക്കില്ല താന്‍ പ്രവര്‍ത്തിക്കുക. മരണംസംഭവിച്ചത് അംഗീകരിക്കാനായില്ല. തികച്ചും ചലനശേഷി നഷ്ടപ്പെട്ട പോലെ ആയിരുന്നു താന്‍. സംഭവിച്ചത് ഇപ്പോഘ തിരിഞ്ഞു നോക്കുമ്പോള്‍ ഭീതി കൊണ്ട് പല മണ്ടത്തരങ്ങളും താന്‍ കാട്ടിക്കൂട്ടി എന്നു ബോധ്യമായി.

മരിച്ചു എന്ന വിശ്വാസം വരാത്തതുകൊണ്ടാണ് കുട്ടിയുടെ ശരീരം ഒരു നീല പ്ലാസ്റ്റിക് ബാഗിലാക്കി ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കൊണ്ടുപോയി വെച്ചത്. പൂര്‍ണ്ണമായും കുട്ടി തന്നെ വിട്ടുപോയി എന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മതിയായതും തീവ്രമായതുമായ പ്രാര്‍ത്ഥന കൊണ്ട് കുട്ടിയെ തിരിച്ചുകിട്ടുമെന്നും താന്‍ വിശ്വസിച്ചു. ലാസറിനെപ്പോലെ അവള്‍ ജീവനോടെ തിരിച്ചുവരുമെന്നു കരുതി.

2017 ഒക്ടോബര്‍ ഏഴിനാണ് കുട്ടിയെ കാണാതായത്. 15 ദിവസത്തിനുശേഷം കുട്ടിയുടെ മൃതദേഹം കലുങ്കിനടിയിലുണ്ടെന്ന് വെസ്ലി തന്നെയാണ് പോലീസിനെ അറിയിച്ചത്. മൃതദേഹം അപ്പോഴേയ്ക്കും ജീര്‍ണ്ണാവസ്ഥയിലായിരുന്നു. അതിനാല്‍ മരണ കാരണം പൂര്‍ണമായി നിശ്ചയിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഇന്നലെ മൊഴി നല്‍കിയ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറും കോടതിയെ അറിയിച്ചു.

നാലു സ്ത്രീകളും എട്ട് പുരുഷന്മാരും അടങ്ങിയ ജൂറി മുമ്പാകെയാണ് വിചാരണ. തിങ്കളാഴ്ച വിചാരണയ്ക്കു മുമ്പ് കര്‍തവ്യ വിലോപം കൊണ്ട്കുട്ടിയെ പരിക്കേല്‍പിച്ചു എന്ന കുറ്റം വെസ്ലി സമ്മതിച്ചിരുന്നു. അതോടെ കൊലക്കേസ് പ്രോസിക്യൂഷന്‍ ഒഴിവാക്കി. എങ്കിലും ഇനി ജീവപര്യന്തം ശിക്ഷ ലഭിക്കാം. ശിക്ഷ തീരുമാനിക്കുകയാണു ജൂറിയുടെ ദൗത്യം

കുട്ടി മരിച്ച രാത്രി ഉണ്ടായ സംഭവങ്ങളില്‍ അത്യന്തം ദുഖമുണ്ടെന്ന് വെസ്ലി പറഞ്ഞു. മകളെ രക്ഷിക്കാന്‍ പലതും ചെയ്യാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. 'തന്റെ ഹൃദയം മിടിക്കുന്നു. മകളുടെ ഹൃദയം നിശ്ചലമായി. ഇത് ഖേദകരമായി.

കലുങ്കിനു താഴെ കിടക്കുന്ന കുട്ടിയുടെ മൃതദേഹത്തിന്റെ ഫോട്ടോ പ്രോസിക്യൂഷന്‍ ജൂറിയെ കാണിച്ചു. പലരും അതു കണ്ട് അസ്വസ്ഥരായി.

അഭിമാനിക്കാവുന്ന ഒന്ന് ചെയ്യണമെന്നാണ് താന്‍ ആഗ്രഹിച്ചത്. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി കാറിന്റെ ഡിക്കിക്കുള്ളില്‍ കൊണ്ടുപോയതിനെപ്പറ്റി വെസ്സി നേരത്തെ പോലീസില്‍ പറഞ്ഞിരുന്നു.

പുലര്‍ച്ചെ മൂന്നു മണിയോടെ കുട്ടിയെ പാല്‍ കുടിപ്പിക്കാന്‍ ശ്രമിക്കുന്നതു സംബന്ധിച്ച് വെസ്ലി പോലീസിനു നല്‍കിയ മൊഴി ജൂറിമാര്‍ കേട്ടു. ഷെറിനെ വീട്ടില്‍ തനിയെ വിട്ടിട്ട് ഭാര്യയോടും മൂത്ത പുത്രിയോടുമൊപ്പംഭക്ഷണം കഴിക്കാന്‍ പോയി മടങ്ങി വന്ന ശേഷം കുട്ടിയെ ഗരാജില്‍ ആക്കി പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചു. പാല്‍ കുടിച്ചില്ലെങ്കില്‍ പുറത്ത് കൊയോട്ടികളോടൊപ്പം(ചെന്നായ) നിര്‍ത്തുമെന്ന് പറഞ്ഞ് പേടിപ്പെടുത്താന്‍ ശ്രമിച്ചു.

വലിയൊരു കവിള്‍ പാല്‍ കുടിച്ച ഷെറിന്‍ ശ്വാസം മുട്ടിയെന്നുവെസ്ലി പോലീസിനെ അറിയിച്ചിരുന്നു. വൈകാതെ കുട്ടി നിശബ്ദയായി. ശരീരം നിശ്ചലമായി. എന്നാല്‍ ശ്വാസം മുട്ടി കുട്ടികള്‍ മരിക്കുക സാധാരണമല്ലെന്നു ഡോക്ടര്‍ മൊഴി നല്കി

ഈ സംഭവം നടക്കുമ്പോള്‍ ഭാര്യ സിനിയെ വിളിച്ചുണര്‍ത്തിയില്ല. സിനി നഴ്സാണെങ്കിലും ഷെറിനെ സഹായിക്കാനുള്ള സമയം കടന്നുപോയതു പോലെയാണ് താന്‍ കരുതിയത്. അതു പോലെ കടുത്ത ഭീതിയും. വളരെ പെട്ടെന്നു തന്നെ കുട്ടി തങ്ങളെ പിരിഞ്ഞുപോയി. തുടര്‍ന്നാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കിയത്.

ഭാര്യ കുട്ടിയുടെ മൃതദേഹം കാണരുതെന്ന് താന്‍ ആഗ്രഹിച്ചു. കുട്ടിയുടെ മൃതദേഹം ദൂരെയെങ്ങും പോകരുതെന്ന് ആഗ്രഹിച്ചിരുന്നു. വീട്ടില്‍ നിന്നു നോക്കിയാല്‍ കലുങ്ക് കാണാം. കലുങ്കിനടിയില്‍ നിന്നു ഒരു വിഷപാമ്പ് വന്ന് കൊത്തി താനുംമരിച്ച് ഷെറിനൊപ്പം പോയിറ്റ്രുന്നെങ്കില്‍ എന്നു അപ്പോള്‍ ആശിച്ചിരുന്നു

സംഭവദിവസം രാവിലെ വീട്ടിലെത്തിയ പോലീസിനോട് കുട്ടി ജീവനെടെയുണ്ടെന്നും മിസിംഗ് ആണെന്നുമാണ് വെസ്ലി പറഞ്ഞത്. കുട്ടിക്ക് വളര്‍ച്ചാപരമായ ജനിതക വൈകല്യമുണ്ടായിരുന്നു. ദത്തെടുക്കാന്‍ സഹായിച്ച ഏജന്‍സിയും ഇക്കാര്യത്തില്‍ അജ്ഞരായിരുന്നു.ഇതില്‍ തികച്ചും അസ്വസ്ഥരായിരുന്നു തങ്ങള്‍.

ഭക്ഷണത്തോട് താത്പര്യം ഇല്ലായിരുന്ന ഷെറിന് മതിയായ തൂക്കം ഇല്ലായിരുന്നു. കുട്ടിക്ക് വെയ്റ്റ് കൂട്ടിയില്ലെങ്കില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് നടപടി എടുക്കുമെന്ന് പേടിച്ചു. അതിനാലാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്.

കുറച്ചുകൂടി കോമണ്‍സെന്‍സ് ഉപയോഗിച്ചിരുന്നെങ്കില്‍ ഷെറിന്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. ഞാന്‍ എന്റെ ഷെറിന് ആവശ്യ സമയത്ത് ഉതകിയില്ല. എന്റെ കുടുംബത്തോടും ഞാന്‍ നീതി കാട്ടിയില്ല- വെസ്ലി പറഞ്ഞു. വിചാരണ ബുധനാഴ്ചയും തുടരും.

വെസ്ലിക്ക് എന്തു ശിക്ഷ നല്‍കണമെന്നാണ് ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസിന്റെ കോടതി മുമ്പാകെ ജൂറി തീരുമാനിക്കുന്നത്. 

read also

Join WhatsApp News
അവളും കുറ്റക്കാരി 2019-06-26 11:43:23
തുടക്കത്തില്‍ സഹതാപം ഉണ്ടായിരുന്നു.  കുട്ടി തിരികെ വരും മുതലായ കള്ളം പറയുന്ന ഇവന്‍ മന്നബുദ്ടി എന്ന് കരുതാം. - അമ്മിണി  Dallas. TX
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക