Image

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരോട്‌ പൊട്ടിത്തെറിച്ച്‌ മന്ത്രി എ.സി. മൊയ്‌തീന്‍

Published on 20 June, 2019
പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരോട്‌ പൊട്ടിത്തെറിച്ച്‌ മന്ത്രി എ.സി. മൊയ്‌തീന്‍


തിരുവനന്തപുരം : കണ്ണൂര്‍ ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തിന്‌ രൂപം നല്‍കി. ഒരാഴ്‌ചക്കുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട്‌ നല്‍കാന്‍ തദ്ദേശ സ്വയമഭരണ വകുപ്പ്‌ മന്ത്രി നിര്‍ദ്ദേശം നല്‍കി. സാജന്റെ ഓഡിറ്റോറിയത്തിന്‌ അനുമതി നിഷേധിച്ചില്ലെന്നും ചെറിയ മാറ്റങ്ങള്‍ വരുത്താനാണ്‌ നിര്‍ദ്ദേശിച്ചതെന്നും ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നഗരസഭയിലെ എഞ്ചിനിയറിങ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്‌ മന്ത്രിയോട്‌ ഇക്കാര്യം വിശദീകരിച്ചത്‌. 

സംഭവത്തില്‍ ഉദ്യോഗസ്ഥരോട്‌ മന്ത്രി എ.സി മൊയ്‌തീന്‍ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. ഇത്തരം വിഷയങ്ങളില്‍ മാനുഷികമായ വശം കൂടി പരിഗണിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ കെട്ടിടത്തിന്‌ അനുമതി നിഷേധിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. അന്തിമ പരിശോധനയില്‍ ചില ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

അതിനാല്‍ പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്ലാനില്‍ മാറ്റം വരുത്തിയതിനുശേഷം കെട്ടിടത്തിന്‌ അനുമതി നല്‍കാനാണ്‌ ഫയലില്‍ എഴുതിയതെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിയോട്‌ വിശദീകരിച്ചു. 

16 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്‌. കെട്ടിടത്തിന്‌ ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ചതാണ്‌ ആത്മഹത്യയ്‌ക്ക്‌ കാരണമെന്ന്‌ സാജന്‍റെ കുടുംബം ആരോപിച്ചിരുന്നു. വിഷയം യുഡിഎഫ്‌ നിയമസഭയില്‍ ഉള്‍പ്പടെ ഏറ്റെടുക്കുകയും ചെയ്‌തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക