Image

ബംഗാരു ലക്ഷ്മണിന് നാല് വര്‍ഷം തടവും പിഴയും

Published on 28 April, 2012
ബംഗാരു ലക്ഷ്മണിന് നാല് വര്‍ഷം തടവും പിഴയും
ന്യൂഡല്‍ഹി: തെഹല്‍ക ആയുധ ഇടപാട് കേസില്‍ കുറ്റക്കാരനെന്ന് കണ്‌ടെത്തിയ ബിജെപി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണിന് നാല് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രത്യേക സിബിഐ കോടതിയായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ദ്വാരകയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രസ്താവിച്ചത്.

എഴുപത്തിരണ്ടുകാരനായ തന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ദയ കാട്ടണമെന്ന് ബംഗാരു ലക്ഷ്മണ്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷയായ അഞ്ച് വര്‍ഷത്തെ തടവ് നല്‍കണമെന്നായിരുന്നു സിബിഐയുടെ വാദം. സിബിഐ പ്രത്യേക കോടതി ജഡ്ജി കന്‍വാല്‍ ജീത് അറോറയാണ് ശിക്ഷ പ്രസ്താവിച്ചത്. ബംഗാരു ലക്ഷ്മണിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. കുറ്റക്കാരനെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്നു ഇന്നലെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ട ബംഗാരു ലക്ഷ്മണിനെ വിധിപ്രഖ്യാപനവേളയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ വീണ്ടും തിഹാര്‍ ജയിലിലേക്ക് തന്നെ മടക്കിക്കൊണ്ടുപോയി.

വ്യാജ ആയുധ കമ്പനിക്കു വേണ്ടി ആയുധ ഇടനിലക്കാരെന്ന ഭാവത്തില്‍ എത്തിയ തെഹല്‍ക്ക മാധ്യമസംഘത്തില്‍നിന്ന് ഒരു ലക്ഷം രൂപ കോഴ വാങ്ങിയതാണു ബംഗാരു ലക്ഷ്മണിനെ കുടുക്കിയത്. പണം വാങ്ങവേ ബംഗാരു ലക്ഷ്മണ്‍ തെഹല്‍കയുടെ ഒളിക്യാമറയില്‍ കുടുങ്ങുകയായിരുന്നു. 2001 മാര്‍ച്ചിലായിരുന്നു സംഭവം. സൈന്യത്തിനു തെര്‍മല്‍ കാമറകള്‍ നല്‍കുന്നതിനുള്ള കരാര്‍ സ്വന്തമാക്കുന്നതിന് എത്തിയ ബ്രിട്ടീഷ് കമ്പനിയുടെ പ്രതിനിധികള്‍ എന്ന നിലയിലാണു തെഹല്‍ക്ക റിപ്പോര്‍ട്ടര്‍മാര്‍ ബംഗാരു ലക്ഷ്മണിനെ സമീപിച്ചത്. യുകെ കമ്പനിയായ വെസ്റ്റ്എന്‍ഡ് ഇന്റര്‍നാഷണലിനുവേണ്ടി പ്രതിരോധ മന്ത്രാലയത്തോടു ശിപാര്‍ശ നടത്തണമെന്ന് ആവശ്യപ്പെട്ട് എട്ടുതവണ ഇവര്‍ ബംഗാരുവിനെ സന്ദര്‍ശിച്ചു. അന്നു പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പാര്‍ട്ടിയംഗമായ ജയാ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചും തെഹല്‍ക്ക സംഘം ഇത്തരത്തില്‍ കോഴ വാഗ്ദാനം ചെയ്തിരുന്നു.

ഈ സന്ദര്‍ശനങ്ങളും ഒരുലക്ഷം രൂപ കൈക്കൂലി നല്‍കുന്നതും രഹസ്യ കാമറയില്‍ പകര്‍ത്തിയ സംഘം അത് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ആരോപണത്തില്‍ പങ്കില്ലായിരുന്നുവെങ്കിലും ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ചു. സംഭവം വിവാദമായപ്പോള്‍, പാര്‍ട്ടി ഫണ്ടിലേക്കു സംഭാവനയായാണു പണം സ്വീകരിച്ചതെന്നായിരുന്നു ബംഗാരു ലക്ഷ്മണിന്റെ വാദം.

ബംഗാരുവിന് ഒരുലക്ഷം രൂപയും സഹായികളായ ഉമാ മഹേശ്വരി, സെക്രട്ടറി സത്യമൂര്‍ത്തി എന്നിവര്‍ക്കു പതിനായിരം രൂപയും ഒരു സ്വര്‍ണമാലയും നല്‍കി എന്നായിരുന്നു സിബിഐ കേസ്. ബംഗാരുവിനെ കാണാന്‍ അവസരമൊരുക്കുന്നതിനു വേണ്ടിയാണു സഹായികള്‍ കൈക്കൂലി വാങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക