Image

കടല്‍ക്കൊല: കേസെടുക്കാന്‍ അധികാരമുണ്‌ടെന്ന് കേരളം സുപ്രീംകോടതിയില്‍

Published on 27 April, 2012
കടല്‍ക്കൊല: കേസെടുക്കാന്‍ അധികാരമുണ്‌ടെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കടലില്‍ ഇറ്റാലിയന്‍ ചരക്കു കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്‌ടെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കുറ്റകൃത്യം നടന്നത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടിലായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാനത്തിന് അധികാരമുണ്‌ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ട് എന്നത് ഇന്ത്യയുടെ ഭാഗമാണെന്നും സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിലാണ് സംഭവം നടന്നതെന്ന കാര്യം കേരളം സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ല. 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കേസില്‍ ഇള്‍പ്പെട്ട ബോട്ട് വിട്ടു കൊടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദ്ദേശിച്ച പോലെ 50 രൂപയുടെ മുദ്ര പത്രത്തില്‍ ഒപ്പിട്ട് നല്‍കിയാല്‍ പോരെന്നും ചുരുങ്ങിയത് മൂന്നു കോടി രൂപയുടെ ബാങ്ക് ഗാരണ്ടി വാങ്ങണമെന്നും കേരളം ബോധിപ്പിച്ചിട്ടുണ്ട്.

കപ്പല്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥരായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസില്‍ കേരളത്തിന് വേണ്ടി ഹാജരാവാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക