Image

ഫോമാ വില്ലേജ് പ്രോജക്ട്; ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി: ഉണ്ണികൃഷ്ണന്‍

അനില്‍ പെണ്ണുക്കര Published on 01 June, 2019
ഫോമാ വില്ലേജ് പ്രോജക്ട്; ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി: ഉണ്ണികൃഷ്ണന്‍
ചില ദൗത്യങ്ങള്‍ ഏറ്റെടുത്താല്‍ മാത്രം പോരാ. അത് പൂര്‍ണ്ണതയിലെത്തിക്കുവാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണം. എങ്കിലേ ആ മിഷന്‍ പൂര്‍ത്തിയാകു. ഫോമാ വില്ലേജ് പൂര്‍ത്തിയായി നാല്‍പ്പതോളം വീടുകള്‍ പ്രളയത്തിലകപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ പ്രോജക്ടിന് നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ അതീവ സന്തോഷത്തിലാണ്. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തികരിച്ച സന്തോഷം.

പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോമാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട പ്രദേശമെന്ന നിലയില്‍ നിരണം, കടപ്ര, ചാത്തങ്കരി എന്നിവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കിയിരുന്നു. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ആണ് മധ്യതിരുവിതംകൂറിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിന്നത്. 

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോഴാണ് പ്രളയത്തിലകപ്പെട്ടവരുടെ പുനരധിവാസത്തെ കുറിച്ച് ചിന്തിക്കുകയും ഫോമാ വില്ലേജ് എന്ന ആശയം രൂപപ്പെടുകയും ചെയ്തത്. ഫോമാ നാഷണല്‍ കമ്മറ്റി അംഗം നോയല്‍ മാത്യു ഒരേക്കര്‍ ഭൂമി നല്‍കിയതോടെ പദ്ധതിക്ക് തുടക്കമായി. 

ഈ സമയത്ത് കേരളത്തിലെത്തിയ ഉണ്ണികൃഷ്ണന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. കളക്ടര്‍ പി.ബി. നൂഹ് നല്‍കിയ പിന്തുണ വള്ളരെ വലുതായിരുന്നു എന്ന് ഉണ്ണികൃഷ്ണന്‍ ഓര്‍മ്മിച്ചെടുക്കുന്നു. പത്തനംതിട്ടയില്‍ ഇത്തരം ഒരു പ്രോജക്ടിലേക്ക് ഫോമ എത്തുവാന്‍ അഡ്വ. ആര്‍. സനല്‍കുമാറും കാരണക്കാരനാണ്.

ഉണ്ണികൃഷ്ണനെ തിരുവല്ല ഫോമാ വില്ലേജ് കോ-ഓര്‍ഡിനേറ്ററായി നിയമിക്കുകയും പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകുകയും ചെയ്തു. വീടുകള്‍ ലഭിക്കേണ്ടവരെ കണ്ടെത്തുക എന്നത് പ്രധാന പ്രശ്‌നമായിരുന്നു. എല്ലാ നൂലാമാലകളും നീക്കി നല്‍കാന്‍ പഞ്ചായത്തും വില്ലേജും തയ്യാറായി ഒപ്പം നിന്നു. കേരളാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തിലിന്റേയും ഫോമാ നേതാക്കളുടേയും വില്ലേജ് പ്രോജക്ട് കമ്മിറ്റിയുടേയും സഹകരണം കൂടിയായപ്പോള്‍ വീടുപണി തുടങ്ങി വയ്ക്കുവാന്‍ പ്രാരംഭ ഘട്ടത്തില്‍ സാധിച്ചു.

കോഴിക്കോട് 'തണല്‍, ചാരിറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചു. ഏറ്റവും ഭംഗിയായായി നാല്‍പ്പത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നു തവണ അമേരിക്കയില്‍ നിന്നും ഉണ്ണിക്കൃഷണന്‍ നാട്ടിലെത്തുകയും ചെയ്തിരുന്നു. 

ഇന്ന് വില്ലേജ് ഉദ്ഘാടനം കഴിഞ്ഞാലും ഒരു മാസം കൂടി ഇവിടെ നില്‍ക്കുകയും പൂര്‍ത്തീകരിക്കാനുള്ള ചെറിയ ജോലികളെല്ലാം പൂര്‍ത്തീകരിച്ച് ഫോമാ വില്ലേജിനെ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുവാനുമാണ് ഉണ്ണികൃഷ്ണന്റെ തീരുമാനം.

ഫോമയുടെ സംഘടനാ ചരിത്രത്തിലെ തന്നെ വലിയ ഒരു പദ്ധതി ഏറ്റെടുക്കുകയും സമയബന്ധിതമായി അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുവാന്‍ ഫോമയുടെ എളിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഫോമാ വില്ലേജ് പ്രോജക്ട് ഇവിടെ അവസാനിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക