Image

ആണ്‍കുട്ടികള്‍ മര്‍ദ്ദിച്ച ഇറാനിയന്‍ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

Published on 26 April, 2012
ആണ്‍കുട്ടികള്‍ മര്‍ദ്ദിച്ച ഇറാനിയന്‍ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം
അബൂദാബി: കളിക്കളത്തിലെ നിസ്സാര തര്‍ക്കം മൂത്തതിനെ തുടര്‍ന്ന്‌ സ്‌കൂളില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിനി അബോധാവസ്ഥയില്‍. ഏഴാം ക്‌ളാസ്‌ വിദ്യാര്‍ഥിനിയും ഇറാനിയുമായ ലുജൈന്‍ ഹുസൈനെയാണ്‌ നാലാം ക്‌ളാസില്‍ പഠിക്കുന്ന നാല്‌ ആണ്‍കുട്ടികള്‍ ചേര്‍ന്ന്‌ മര്‍ദിച്ചത്‌. അല്‍ മആലി ഇന്‍റര്‍നാഷനല്‍ സ്‌കൂളിലാണ്‌ സംഭവം.

അതിശക്തമായി നിലത്ത്‌ തള്ളിയിടുകയും മറ്റും ചെയ്‌തതിനെ തുടര്‍ന്ന്‌ തലക്കാണ്‌ ഗുരുതരമായി ക്ഷതമേറ്റത്‌. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. പിതാവിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച്‌ പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. എജുക്കേഷന്‍ കൗണ്‍സിലും അന്വേഷണം നടത്തുന്നു.

തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന്‌ ഗുരുതര നിലയില്‍ അബൂദബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലുജൈന്‍ ഹുസൈന്‍ ഇപ്പോഴും അപകട നില തരണം ചെയ്‌തിട്ടില്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഇന്‍റര്‍വെല്‍ സമയത്താണ്‌ സംഭവം. കളിക്കളത്തില്‍ വെച്ച്‌ ഒരു സംഘം ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയിലാണ്‌ ലുജൈന്‍ ഹുസൈനെ നാലാം ക്‌ളാസിലെ ആണ്‍കുട്ടികള്‍ മര്‍ദിച്ചത്‌.

ഇന്‍റര്‍വെല്‍ സമയത്ത്‌ ക്‌ളാസില്‍നിന്ന്‌ പുറത്തിറങ്ങിയ ലുജൈന്‍ നാലാം ക്‌ളാസ്‌ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ അറിയാതെ തട്ടിയതാണ്‌ പ്രശ്‌ന കാരണമെന്നും പറയപ്പെടുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെ സ്ഥലത്തുണ്ടായിരുന്ന നാലാം ക്‌ളാസിലെ മൂന്ന്‌ ആണ്‍കുട്ടികള്‍ കൂടി ചേര്‍ന്നു. നാലു പേരും ലുജൈനെ നിലത്ത്‌ തളളിയിട്ട്‌ നിരവധി തവണ വയറ്റിനും തലക്കും ചവിട്ടുകയായിരുന്നുവെന്നുവത്രെ. ബോധം നഷ്ടപ്പെട്ട കുട്ടിക്ക്‌ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഉടന്‍ ആശുപത്രിയിലേക്ക്‌ മാറ്റി. തുടര്‍ച്ചയായി ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ നടത്തിയ സി.ടി സ്‌കാനിങില്‍ ലുജൈന്‌ തലച്ചോറില്‍ രക്ത സ്രാവമുണ്ടായതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഒന്നും പറയാറായിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

വിവിധ രാജ്യക്കാരായ ആണ്‍കുട്ടികളാണ്‌ ആക്രമണം നടത്തിയത്‌. സ്‌കൂളുമായി ബന്ധപ്പെട്ട പൊലീസ്‌, ഇവരുടെ പേരു വിവരങ്ങള്‍ ശേഖരിക്കുകയും രക്ഷിതാക്കളോടൊപ്പം സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. ഇനി ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന്‌ ഇവരില്‍നിന്ന്‌ എഴുതി വാങ്ങും. ലുജൈന്‍െറ ഭാവി അനുസരിച്ചാണ്‌ തുടര്‍ നടപടി സ്വീകരിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക