Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫോമയുടെ കരുത്ത് :വിന്‍സന്റ് ബോസ്

അനില്‍ പെണ്ണുക്കര Published on 30 May, 2019
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫോമയുടെ കരുത്ത്  :വിന്‍സന്റ് ബോസ്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫോമയുടെ നട്ടെല്ലെന്നു ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് .ഫോമയുടെ തുടക്കം മുതല്‍ ഫോമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് വിന്‍സന്റ് ബോസ് .കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ സഹായ ഹസ്തവുമായി ഓടി നടന്ന ഫോമാ പ്രവര്‍ത്തകരില്‍ ഒരാള്‍ .
'ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് കേരളം നേരിട്ടത്. 13 ജില്ലകള്‍ വ്യത്യസ്ത തലങ്ങളില്‍ കെടുതിയില്‍പ്പെട്ട് ബുദ്ധിമുട്ടി. കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനപ്രകാരം ആഗസ്റ്റ് 9 മുതല്‍ 15 വരെയുള്ള ഘട്ടത്തില്‍ സംസ്ഥാനത്ത് ലഭിക്കുമെന്ന് പറഞ്ഞ മഴയുടെ കണക്കിനേക്കാള്‍  പെയ്തിറങ്ങിയത്  പ്രവചിച്ചതിന്റെ മൂന്നിരട്ടി. അപ്രതീക്ഷിത മഴ പ്രളയത്തിന്റെ ആക്കംകൂട്ടി. അതുകാരണം സംസ്ഥാനത്തിന്റെ 82 ഡാമുകളും മുമ്പുണ്ടാകാത്ത രീതിയില്‍ നിറഞ്ഞു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. നദികള്‍ വഴിമാറുകപോലുമുണ്ടായി.പിന്നെ സംഭവിച്ചതെല്ലാം നമുക്കറിയാവുന്ന കാര്യങ്ങളാണ് .ഈ പ്രത്യേക  സാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച പ്രവാസി സംഘടനകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഫോമയായിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല .ആലുവ ,പറവൂര്‍ മേഖലകളില്‍   ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് സഹായവുമായി  ഫോമാ എത്തിയത് .ആ പ്രവര്‍ത്തനങ്ങള്‍ക്കു വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ചുക്കാന്‍ പിടിക്കുവാന്‍ സാധിച്ചു എന്നത് വലിയ സന്തോഷമാണ് നല്‍കിയത് .ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സമയത്തു തന്നെ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കുറിച്ചു ഫോമാ പ്രസിഡന്റുമായി ആശയങ്ങള്‍ പങ്കുവച്ചിരുന്നു .നാഷണല്‍ കമ്മിറ്റിയില്‍ ഫോമാ  പ്രസിഡന്റ്  നവകേരള നിര്‍മ്മാണത്തിന് ഫോമയ്‌ക്കെന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഒരു നിര്‍ദേശം വന്നപ്പോള്‍ ഒരേ മനസോടെ വന്ന ആശയമായിരുന്നു ഫോമാ വില്ലേജ് പ്രോജക്ട് .അത് ഇപ്പോള്‍ സാക്ഷാത്ക്കരിക്കപ്പെടുകയാണ് .അതില്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ട് .ചാരിതാര്‍ഥ്യമുണ്ട് .അമേരിക്കയിലെ നല്ലവരായ ചില മനുഷ്യരുടെ നിര്‌ലോഭമാമായ സഹായങ്ങള്‍ കൊണ്ടാണ് ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത് .ഇനിയും പദ്ധതി തുടരുകയാണ് .കുറെ വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കണമെന്നാണ് ആഗ്രഹം .അവയെല്ലാം പ്രവര്‍ത്തി പഥത്തിലെത്താന്‍ എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് വിന്‍സന്റ് ബോസ് പറഞ്ഞു .

നാല്‍പ്പതോളം വീടുകള്‍ പണി പൂര്‍ത്തിയാവുകയാണ്.കൃത്യമായ സമയ പരിധിക്കുള്ളില്‍ തണല്‍ എന്ന സംഘടനയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .ഇനിയും ഒരു പ്രളയം ഉണ്ടായാല്‍ തന്നെ അതിനെ പ്രതിരോധിക്കുവാന്‍ ഉതകുന്ന തരത്തിലാണ് നാല്‍പ്പത് വീടുകളുടെയും നിര്‍മ്മാണം നടത്തിയിരിക്കുന്നത് .ഫോമാ ചുമതലപ്പെടുത്തിയ ഒരു പ്രാദേശിക കമ്മിറ്റിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു .ജൂണ്‍ രണ്ടിന് കേരളം സംസ്ഥാന ധനമന്ത്രി പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിക്കുന്നതോടെ ഫോമാ വില്ലേജ് പ്രോജക്ടിന്റെ ആദ്യഘട്ടത്തിന് പരിസമാപ്തിയാകും .പക്ഷെ ഫോമാ പ്രോജക്ട് തുടരും .രണ്ടാം ഘട്ടമായി ബാക്കിയുള്ള വീടുകളുടെ പണിയും നടത്തുവാനാണ് ഫോമയുടെ തീരുമാനമെന്നും വിന്‍സന്റ് ബോസ് പറഞ്ഞു .
 
ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലകൊള്ളുമ്പോഴും സ്വന്തമായും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിന്‍സന്റ്‌ബോ ബോസ്  നേതൃത്വം നല്‍കിയിട്ടുണ്ട് . വര്ഷങ്ങളായി .പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്റെ പ്രസിഡന്റായി അഞ്ചുവര്‍ഷം  സേവനമനുഷ്ഠിച്ചു .പിറവം ഗ്രാമത്തിലെ 2500  വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കി.അറുപതോളം അനാഥ കുട്ടികളെ ദെത്തെടുത്ത് പഠിപ്പിച്ചു അവര്‍ക്ക് ജോലി വാങ്ങിക്കൊടുത്ത് ജീവിതത്തിന്റെ പുതു വഴികളിലേക്ക് അവരെ നയിക്കുകയും ചെയ്തു .സദാ കര്‍മ്മനിരതനാകുക ,സഹായം അത് അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ചു നല്‍കുക എന്ന നയത്തിലൂടെയാണ് വിന്‍സന്റ് ബോസിന്റെ യാത്ര .ഫോമയുടെ വൈസ് പ്രസിഡന്റായി തുടരുമ്പോളും ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുക എന്നതാണ് ലക്ഷ്യം .



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക