Image

അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ശവമഞ്ചം തോളിലേറ്റി സ്മൃതി

Published on 27 May, 2019
അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി ശവമഞ്ചം തോളിലേറ്റി സ്മൃതി

അമേഠി: സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ ത്തനങ്ങള്‍ക്ക് താങ്ങുംതണലുമായി നിന്ന സഹായി വെടിയേറ്റു മരിച്ചു. ബിജെപി നേതാവും മുന്‍ഗ്രാമത്തലവനുമായ സുരേന്ദ്ര സിങ്ങിനെ ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വച്ച് അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

സുരേന്ദ്ര സിങ്ങിന് വിട നല്‍കാന്‍ സ്മൃതി അമേഠിയിലെത്തി. വികാരനിര്‍ഭരമായാണ് തന്റെ സഹായിയുടെ അന്ത്യച്ചടങ്ങുകളില്‍ സ്മൃതി പങ്കെടുത്തത്. അന്ത്യച്ചടങ്ങുകള്‍ക്കായി കൊണ്ടുപോയ മൃതദേഹം വഹിക്കാന്‍ സ്മൃതിയുമുണ്ടായിരുന്നു. അതേസമയം, സംഭവത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

അക്രമത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴു പേര്‍ കസ്റ്റഡിയിലുണ്ട്. സംഭവത്തിനു പിന്നില്‍ ആരെന്നു വ്യക്തമാക്കാന്‍ പോലീസ് തയാറായില്ല. രാഷ്ട്രീയ വൈരാഗ്യവും കാരണമാകാമെന്ന സാധ്യതയും പോലീസ് തള്ളുന്നില്ല. അതേസമയം, കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് സുരേന്ദ്ര സിങ്ങിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. 

വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സിങ്ങിന് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്മൃതിയുടെ വിജയത്തില്‍ സിങ്ങിന് നിര്‍ണായക പങ്കുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് 24 മണിക്കൂറും അദ്ദേഹം സ്മൃതിക്കൊപ്പം പ്രചാരണത്തിലായിരുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സ്മൃതി  കടുത്തഭാഷയിലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിക്കുന്ന  വാക്കുകളാണ് ഉപയോഗിച്ചത്. അമേഠി സമാധനപരമായി സന്തോഷത്തോടെ കൈമാറണമെന്ന് ഫലംവന്ന ദിവസം താന്‍ പ്രസ്താവിച്ചകാര്യം സ്മൃതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍, ഈ സംഭവം ഞെട്ടിച്ചു. കൊലയാളികളെ കണ്ടെത്താന്‍ എല്ലാ ശ്രമവും നടത്തും. അമേഠിയെ ഭീകരരുടെ താവളമാക്കാന്‍ ഒരിക്കലും അനുവദിക്കില്ല, സ്മൃതിപറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക