Image

ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്: ട്രഷറര്‍ ഷിനു ജോസഫ്

അനില്‍ പെണ്ണുക്കര Published on 22 May, 2019
ഫോമാ കേരളാ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്: ട്രഷറര്‍ ഷിനു ജോസഫ്
ജൂണ്‍ 2ന് തിരുവല്ലയില്‍ വച്ചു നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതായി ഫോമാ ട്രഷറര്‍ ഷിനു ജോസഫ് ഇ  മലയാളിയോട് പറഞ്ഞു.

ഫോമയുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന കണ്‍വന്‍ഷന്‍ ആയിരിക്കും തിരുവല്ലയ്ക്കടുത്ത് കടപ്രയില്‍ നടക്കുന്ന ഫോമാ കേരളാ കണ്‍വന്‍ഷന്‍. കേരളത്തിന്റെ മഹാപ്രളയ സമയത്ത് വസ്തുക്കളും വീടും നഷ്ടപ്പെട്ട നിര്‍ദ്ധനരായ നാല്‍പ്പത് കുടുംബങ്ങളുടെ പുനര്‍ജ്ജീവനം കൂടിയായ "ഫോമാ വില്ലേജ് " പ്രോജക്ടിന്റെ സാക്ഷാത്കാരം കൂടിയാണ് തിരുവല്ലയില്‍ നടക്കുക. അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടുകൂടിയാണ്  ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത്. ഫോമയുടെ ഓരോ റീജിയണും ചില നല്ലവരായ വ്യക്തികളുടെ സഹായവും ,ഫോമാ പ്രവര്‍ത്തകരുടെ ഏകീകരണവും കൂടി ആയപ്പോള്‍ ഫോമാ വിലേജ് പ്രോജക്ട് വളരെ വേഗം പൂര്‍ണ്ണതയില്‍ എത്തുകയായിരുന്നു.
2018 ആഗസ്റ്റ് മാസം 15ന് കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്റ്  നവകേരളം പദ്ധതിക്ക് രൂപം കൊടുത്തത്.ഈ പദ്ധതിക്ക് ഒരു സഹായമായിട്ടാണ് ഫോമാ വില്ലേജ് പ്രോജക്ടിന് തുടക്കമിടാന്‍ സാധിക്കുന്നത്

പ്രളയ സമയത്ത് നാട്ടിലുണ്ടായിരുന്ന ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പല കുടുംബങ്ങളുടേയും വിഷമങ്ങള്‍ക്ക് പരിഹാരം കാണുവാനും, പല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും ഫോമാ ഒരു അത്താണി ആവുകയും ചെയ്തിരുന്നു.

പ്രളയ മേഖലയിലും കൂടാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് സ്ഥലങ്ങളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പുകള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടായിരുന്നു. സര്‍ജ്ജറി ഉള്‍പ്പെടെ നിരവധി സഹായങ്ങളാണ് രോഗികള്‍ക്കായി നല്‍കിയത്. ക്യാമ്പുകളില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കുവാനും ഫോമയ്ക്ക് കഴിഞ്ഞിരുന്നു.

പ്രളയത്തിലകപ്പെട്ട നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക് വീടൊരുക്കി തണലാകുവാന്‍ ഫോമയ്ക്ക് സാധിച്ചതില്‍ ട്രഷറാര്‍ എന്ന നിലയില്‍ വലിയ സന്തോഷമുണ്ട്. പ്രോജക്ടുമായി  ബന്ധപ്പെട്ട് തിരുവല്ലയിലും, മലപ്പുറത്തും പോകുവാന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുവാനും സാധിച്ചിരുന്നു. അതില്‍ അഭിമാനുണ്ട്. അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടു പിടിക്കാന്‍ സാധിച്ചു എന്നതാണ് അഭിമാനത്തിന്റെ ഒരു കാരണം. മറ്റൊന്ന് അവര്‍ക്ക് കൃത്യസമയത്ത് വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ദാനം നിര്‍വ്വഹിക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷം.

ഫോമ അങ്ങനെയാണ് .നടപ്പിലാക്കാന്‍ പറ്റുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഞങ്ങള്‍ നള്‍കാറുള്ളു. അവ കൃത്യമായി ജനങ്ങളില്‍ എത്തിക്കുവാന്‍ ഞങ്ങളുടെ ടീം ഉണര്‍ന്ന് പ്രവര്‍ത്തിക്കും. ഫോമാ കേരളാ കണ്‍വന്‍ഷന്‍ അതിനൊരു ഗംഭീര തുടക്കമാകും എന്നതില്‍ സംശയമില്ല.

ഒരിക്കല്‍ കൂടി ഫോമാ കേരളാ കണ്‍വന്‍ഷന്‍ അരങ്ങേറുന്ന തിരുവല്ല കടപ്ര ആന്‍സ് കണ്‍വന്‍ഷന്‍ സെന്റെറിലേക്ക് എല്ലാവരേയും ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക