കഴിഞ്ഞ വര്‍ഷം മലബാറിലാകെ ഭീതി പടര്‍ത്തിയ നിപ്പ വൈറസിനെ പശ്ചാത്തലമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. നിരവധി പ്രത്യേകതകളുമായാണ് ചിത്രം എത്തുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിപ്പാകാലത്ത് കേരളം കടന്നു പോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം പ്രകടമാകുന്ന വൈറസിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.
ജൂണ്‍ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റുകള്‍ ഓരോന്നായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ നിപ ബാധിച്ച് മരിച്ച ലിനി സിസ്റ്ററുടെ കഥാപാത്രമാണ് ചിത്രത്തില്‍ റിമ കല്ലിങ്ങലിന്റേത്. ക്യാരക്ടര്‍ പോസ്റ്റിറങ്ങിയപ്പോള്‍ മുതല്‍ വന്‍ സ്വീകരണമാണ് വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ നിന്നുണ്ടായത്. എന്നാല്‍ ഒരുവിഭാഗം ഇത്തവണയും റിമയെ ലക്ഷ്യം വച്ച് രംഗത്തെത്തിയിട്ടുണ്ട്. ആ മാലാഖയുടെ റോള്‍ ചെയ്യാന്‍ വേറെ ആരേയും കിട്ടിയില്ലേ, ലിനി സിസ്റ്ററിനോടുള്ള ബഹുമാനം നിലനിര്‍ത്തി കൊണ്ടു പറയട്ടെ ഈ പടം കാണില്ല എന്നു തുടങ്ങിയ കമന്റുകളാണ് ആഷിക് അബു പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്റിനു താഴെ എത്തുന്നത്. എന്നാല്‍ ആഷിക്കോ റിമയോ ഈ കമന്റുകളോട് പ്രതികരിച്ചിട്ടില്ല.
രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രമ്യ നമ്പീശന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്, റഹ്മാന്‍, പാര്‍വതി, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, മഡോണ സെബാസ്റ്റ്യന്‍, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് വൈറസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് രവിയാണ് സിനിമോട്ടോഗ്രാഫര്‍. ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്