ദിലീപിനെ പ്രധാന കഥാപാത്രമാക്കി വിജി തമ്പി സംവിധാനം ചെയ്യുന്ന 'നാടോടി മന്നന്‍' എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. സിനിമയുടെ ഷൂട്ടിംഗിനിടെ നടി അനന്യയുടെ കൈക്ക് സാരമായ പരുക്ക്. അനന്യയെ വില്ലന്‍ പിടിച്ചു തളളുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തളളു കൊണ്ട് വീണ അനന്യയുടെ ഇടത് കൈയുടെ എല്ല് പൊട്ടി. പരുക്ക് മൂലം അനന്യക്ക് രണ്ട് മാസത്തേക്ക് സിനിമയില്‍ അഭിനയിക്കാനാവില്ല എന്നാണ് സൂചന.
കൊച്ചിയിലെ സെറ്റില്‍ വില്ലന്‍ അബു സലിം അനന്യയുടെ കൈ പിടിച്ച് തളളുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഒരു തവണ ഈ രംഗം ഷൂട്ട് ചെയ്ത് തൃപ്തിയാവാതെ രണ്ടാമതും ഷൂട്ട് ചെയ്തപ്പോഴാണ് അനന്യ കൈ കുത്തി വീണത്.
ദിലീപ് നായകനായ സിനിമയില്‍ മീര എന്ന നാട്ടിന്‍പുറത്തുകാരിയായാണ് അനന്യ അഭിനയിക്കുന്നത്. ഇവരുടെ വീട് ഒഴിപ്പിക്കാന്‍ എത്തുന്ന സംഘത്തോട് എതിര്‍ത്ത് നില്‍ക്കുന്ന രംഗം ചിത്രീകരിക്കുമ്പോഴാണ് അനന്യക്ക് പരുക്ക് പറ്റിയത്.
അപകടകരമായ രംഗങ്ങളില്‍ ഡ്യൂപിന്റെ സഹായമില്ലാതെ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് അനന്യ. ശിക്കാറിലെ സാഹസിക രംഗങ്ങള്‍ ഇതിനുദാഹരണമാണ്.
ചിത്രം ഫിലിംസിന്റെ ബാനറില്‍ വി.എസ്. സുരേഷ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ അനന്യയ്ക്കുപുറമേ, മൈഥിലി, അര്‍ച്ചന കവി എന്നിവര്‍ നായികമാരാവുന്നു. നെടുമുടിവേണു, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ജഗദീഷ്, ജനാര്‍ദനന്‍, റിയാസ്ഖാന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, കലാഭവന്‍ പ്രജോദ്, സോളമന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, ശിവജി ഗുരുവായൂര്‍, ഗായത്രി, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.