Image

തട്ടീം മുട്ടീം- (ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 10 April, 2019
തട്ടീം മുട്ടീം- (ഫൈസല്‍ മാറഞ്ചേരി)
റഹീം തന്റെ റിവോള്‍വിംഗ് ചെയറില്‍ നിന്നും ഒന്നു ഉയര്‍ന്നു നേരെ വിനോദിന്റെ ക്യൂബിക്കിളിലേക്ക് നോക്കി കൈ കൊണ്ട് തന്റെ സീറ്റിലേക്ക് വരാന്‍ പറഞ്ഞു 

റഹീമിന്റെ വിളിയായത് കൊണ്ട് എന്തെങ്കിലും കോളുണ്ടാവുമെന്ന് വിനോദ് ഊഹിച്ചു.    

എന്തെങ്കിലും തീറ്റ കാര്യം തന്നെ ആവുമെന്ന് വിനോദിനറിയാം.  കണ്ണൂര്‍ക്കാര്‍ക്ക് രണ്ടു കാര്യം കഴിച്ചേ മറ്റെന്തുമുള്ളു. ഒന്ന് ഫുഡ് പിന്നെ ഡ്രസ്സ്. 

പാലക്കാടന്‍ നായരായ തനിക്ക് സാമ്പാറും ചോറും മാത്രം തിന്നു തികഞ്ഞ അമ്പലവാസിയായിരുന്ന തന്നെ ഗള്‍ഫില്‍ എത്തിയ അന്ന് മുതല്‍ ബീഫും മട്ടനും ഒക്കെ തീറ്റിക്കാന്‍ മുന്നില്‍ നിന്നതും കാരമയിലെ റെസ്‌റ്റോറന്റായ റെസ്‌റ്റോറന്റ് മുഴുവന്‍ കാണിച്ചും തീറ്റിച്ചും  തന്റെ തടി ഒരു  എണ്‍പത് കടത്തിയത് രഹീംക്കയാണ്...  ആ നന്ദി എന്നും വിനോദിനുണ്ടായിരുന്നു. 

രുചി ഭേദങ്ങള്‍ എന്തൊക്കെയാണെന്നും ഭക്ഷണം എന്നാല്‍ ആസ്വദിച്ചു കഴിക്കേണ്ടതാണെന്നും പഠിപ്പിച്ചതും അദ്ദേഹമാണ്. അത് കൊണ്ട് തന്നെ മദ്യപന്മാരിലുള്ള ഒരു സ്‌നേഹം പോലെ വല്ലാത്ത ഒരു അടുപ്പം അവര്‍ തമ്മില്‍ ഉടെലെടുത്തിരുന്നു 

'നീ അറിഞ്ഞാ ഖിസൈസില്‍ 'തട്ടീം മുട്ടീം' എന്ന ഒരു റെസ്റ്ററന്റ് തുടങ്ങീക്ക് '

'അവിടെത്തെ ബിരിയാണീടെ മണം കേട്ടാല്‍ തന്നെ തന്നെ രണ്ടു പ്ലേറ്റ് അടിക്കും ന്നാ ഫാറ്റി പറയണത്' 

വിനോദ് ചോദിച്ചു 'ആരാ രഹീംക്ക ഈ ഫാറ്റി'

'അത് നിനക്ക് അറീല്ല'

'നമ്മുടെ ആ സെക്രട്ടറി പെണ്ണില്ലേ ഫാത്തിമ്മ'

'ഓ നമ്മടെ വെളുത്തു മേലിഞ്ഞിരിക്കണ അവളാ' 

'അതന്നെ ഓള്‍ടെ ഇന്‍സ്റ്റാഗ്രാം പേരാ ഫാറ്റീന്ന് '

വിനോദ് ഓര്‍ത്തു കാലം പോണ പോക്ക് ഒരു കോലു പോലുള്ള പെണ്ണിന് പേര്‍ ഫാറ്റീന്ന്. 

'വിനോദെ ഇന്ന് ഉച്ച വരെയല്ലേ ഉള്ളു നമുക്ക് ഇന്നങ്ങോട്ട് വച്ചു പിടിച്ചാലോ?' 

വിനോദ് സമ്മത ഭാവത്തില്‍ തലയാട്ടി.

കടയില്‍ എത്തിയപ്പോള്‍ ആണ് സെറ്റപ്പ് തരക്കടില്ലല്ലോന്ന് വിനോദിനും തോന്നിയത് ബോര്‍ഡിന് അടുത്ത് ഒന്നു രണ്ടു തരത്തിലുള്ള കലവും ചട്ടിയുമെല്ലാം തട്ടിയും മുട്ടിയും വെച്ചിരിക്കുന്നു ഇതാവും തട്ടീം മുട്ടിയും എന്ന പേരിന് നിദാനം എന്ന് വിനോദ് മനസ്സില്‍ ഓര്‍ത്തു. 

സപ്ലയര്‍ വന്നു ഓര്‍ഡര്‍ എടുത്ത് പോയി മുന്നില്‍ ചെറിയ രണ്ടു  കുഞ്ഞി ചെമ്പില്‍ ധമിട്ട തരത്തില്‍ രണ്ട് പാത്രത്തില്‍ ബിരിയാണി റെഡി...  സപ്ലയര്‍ ദം പൊട്ടിക്കുന്ന തരത്തില്‍ ആ കുഞ്ഞു ചെമ്പ് തുറന്നു..  ' ശരിയാ വല്ലാത്തൊരു ബിരിയാണി മണം അവിടെയെല്ലാം നിറഞ്ഞു' 

വിനോദും രഹീംക്കയും മുഖത്തോടു മുഖം നോക്കി 

'ഈ പെണ്ണുങ്ങള്‍ എല്ലാം പെട്ടെന്ന് അറിയുന്നു അവരറിഞ്ഞാലോ ലോകം മുഴുവന്‍ അറിയുന്നു' എന്ന് മനോഗതം കൊണ്ടു 

റെസ്റ്ററേന്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ ആണ് റഹീക്കാടെ പരിചയക്കാരന്‍ കുഞ്ഞബ്ദുള്ളനെ കണ്ടത് മൂപ്പരോട് രണ്ട് കുഞ്ഞു വര്‍ത്തമാനം പറഞ്ഞപ്പോള്‍ അല്ലേ ബിരിയാണിടെ മണത്തിന്റെ ഗുഡ്ഡന്‍സ് പിടികിട്ടിയത്. 

കുഞ്ഞബ്ദുള്ളയാണത്രെ അവിടുത്തെ ഷെഫ് 

ആളകത്ത് പോയി ഒരു കുഞ്ഞു കുപ്പി കൊണ്ടു വന്നു അതിന്റെ മൂടി തുറന്നു വല്ലാത്തോരു ബിരിയാണി മണം ചുറ്റും പരന്നു 

ചെറിയ ഒരു കുപ്പി അതില്‍ എഴുതിയിരിക്കുന്നു #biriyani culinary essense അതെ ബിരിയാണിക്ക് അതിന്റെ കുലീനമായ മണം നല്‍കുന്ന എസ്സെന്‍സ് 

ഇത് അരിയുടെയും മസാല കൂട്ടുകളുടെയും ഒന്നും മണമല്ല വെറും എസ്സെന്‍സ് കളിയാണ് എന്ന് അപ്പോഴല്ലേ മനസ്സില്‍ ആയത്.  ഈ നാട്ടില്‍ വിശ്വസിക്കാന്‍ പറ്റുന്നത് ഒന്നുമില്ല എല്ലാം  മേക്കപ്പും ഫോട്ടോ ഷോപ്പുമാണെന്ന് രഹീംക്ക പാറഞ്ഞപ്പോഴേക്കും  വിനോദിന്റെ റൂമിന്റെ അടുത്ത് കാറെത്തിയിരുന്നു.



തട്ടീം മുട്ടീം- (ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക