Image

രാജ്ഭവന്‍ ജനവിരുദ്ധവേദിയോ?(ദല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 25 February, 2019
 രാജ്ഭവന്‍ ജനവിരുദ്ധവേദിയോ?(ദല്‍ഹികത്ത് : പി.വി.തോമസ് )
രാജ് ഭവന്‍ ഗവര്‍ണ്ണറും ഭരണഘടനാനുസൃതം സംസ്ഥാനത്ത് സദ് ഭരണവും നിയമവാഴ്ചയും ദേശീയ സുരക്ഷയും ഐക്യവും മതേതരത്വവും ഉറപ്പു വരുത്തുവാനുള്ളതാണ്. പക്ഷേ, അവ ഭരണഘടന വിരുദ്ധമായി, ജനവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി, രാജ്യത്തിന്റെ ഐക്യത്തിന് എതിരായി പ്രവര്‍ത്തിച്ചാലോ?

ഇവിടെ മേഘാലയ  ഗവര്‍ണ്ണര്‍ തഥാഗതറോയ് ആണ് വിവാദവിഷയം. പുല്‍വാമ ഭീകരാക്രമണത്തിനുശേഷ,ം തഥാഗതറോയ് നടത്തിയ ഒരു പരാമര്‍ശനം ഏറെ വിമര്‍ശന വിധേയം ആയിരിക്കുകയാണ്. ഇങ്ങനെ ഒരു പ്രസ്താവന നടത്തിയ ഒരു ഗവര്‍ണ്ണര്‍ ഒറ്റ നിമിഷം പോലും തല്‍സ്ഥാനത്ത് തുടരുവാന്‍ അര്‍ഹന്‍ ആണോ എന്ന ചോദ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്താണ് മുന്‍ ബംഗാള്‍ ബി.ജെ.പി. അദ്ധ്യക്ഷനും കടുത്ത സംഘിയും ആയ റോയ് നടത്തിയ ആ പ്രസ്താവന? ദൈവ ഭൂഷണപരമായി ഭരണഘടനയോട് നടത്തിയ ആ അപരാധം?

പുല്‍വാമ ആക്രമണത്തിന് ശേഷം സംഘികള്‍ ഇന്‍ഡ്യ ഒട്ടാകെ കാശ്മീരികള്‍ക്ക് മുസ്ലീങ്ങള്‍ എന്ന് വായിക്കുക, എതിരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്ന ഒരു സാഹചര്യത്തിന് രാജ് ഭവനില്‍ നിന്നും റോയ് കാശ്മീരികളെ ഒന്നടങ്കം ബഹിഷ്‌ക്കരിക്കണം എന്ന് ആഹ്വാനം ചെയ്തു. ഈ സംഘി ഗവര്‍ണ്ണര്‍ അടിത്തൂണ്‍ പറ്റിയ ഒരു കേണലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു. കേണലിന്റെ പ്രസ്താവനയോട് യോജിച്ചുകൊണ്ട് ഗവര്‍ണ്ണര്‍ പറഞ്ഞു: 'ആരും ഇനി കാശ്മീര്‍ സന്ദര്‍ശിക്കരുത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥ് യാത്രയില്‍ പങ്കെടുക്കരുത്. കാശ്മീര്‍ എംപോറിയങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കരുത്. ശീതകാല കച്ചവടത്തിനായി വരുന്ന കാശ്മീര്‍ വ്യാപാരികള ബഹിഷ്‌ക്കരിക്കണം. കാശ്മീരിന്റെ എല്ലാം ബഹിഷ്‌ക്കരിക്കണം.' ഒരു ഗവര്‍ണ്ണര്‍ ആണ് ഈ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന നടത്തിയതെന്ന് ഓര്‍മ്മിക്കണം. അദ്ദേഹം ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റ വ്യക്തി ആണ്. ജനങ്ങളുടെ നികുതിപണം കൊണ്ട് രാജ് ഭവനില്‍ ചക്രവര്‍ത്തി തുല്യനായി ജീവിക്കുന്ന ആളാണ്. ഗവര്‍ണ്ണര്‍ ആയിട്ടും അദ്ദേഹം ബി.ജെ.പി.ക്കാരനും സംഘിയും ആയി പ്രവര്‍ത്തിക്കുന്നുവെന്നതാണ് സഹതാപാര്‍ഹം.

റോയ് യെ പോലുള്ളവരുടെ പെരുമാറ്റവും പ്രസ്താവനയും കാണുമ്പോള്‍ എന്തിനാണ് രാജ്ഭവനും ഗവര്‍ണ്ണറും എല്ലാം വച്ച് പൊറുപ്പിക്കുന്നതെന്ന് തോന്നും. ഒന്നുകില്‍ ഇവര്‍ ദല്‍ഹിയുടെ പിണയാളന്മാര്‍ ആണ്. അല്ലെങ്കില്‍ ഇവര്‍ സ്വന്തം ഇഷ്ടപ്രകാരം, രാഷ്ട്രീയ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ച് രാജ്ഭവനെയും ഭരണഘടനയെയും ദുരുപയോഗപ്പെടുത്തുന്നവര്‍ ആണ്. 1959-ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതുതൊട്ട് (കേരളം) 130-ലേറെ സംസ്ഥാന ഗവണ്‍മെന്റുകളെ ഡിസ്മിസ് ചെയ്ത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 356-നെ ദുരുപയോഗം ചെയ്തത് ഇവരാണ്. ദല്‍ഹിയിലെ യജമാനന്മാരുടെ ആജ്ഞാനുസരണം. രാജ്ഭവന്‍ ലൈംഗീക കേളികള്‍ക്കുള്ള വേദി ആക്കി സ്ഥാനം ഒഴിയേണ്ടി വന്ന ഗവര്‍ണ്ണര്‍മാരും ഉണ്ട്. നരയന്‍ ദത്ത് തീവാരി(ആന്ധ്രപ്രദേശ് ഗവര്‍ണ്ണര്‍) ഒരു ഉദാഹരണം ആണ്. ഒളിക്യാമറ ദൃശ്യങ്ങളെ അദ്ദേഹത്തിന് നിഷേധിക്കുവാന്‍ ആയില്ല.

പക്ഷേ തഥാഗത റോയ് ചെയ്തത് ഇതിനെക്കാളും നിന്ദ്യം ആണ്. ഒരു ഗവര്‍ണ്ണര്‍ ആണ് പറയുന്നത് ഒരു സംസ്ഥാനത്തെ ജനതയെ, അതും ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ, ഇന്‍ഡ്യ ഒന്നടങ്കം ബഹിഷ്‌ക്കരിക്കണം എന്ന്. അദ്ദേഹത്തിന്റെ ഉദ്ദേശം മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം ആണ് ഈ ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍ എന്നത് ഉള്ളതിന് സംശയം ഇല്ല. പക്ഷേ, ഒരു ഭരണഘടനാധികാരി ഇത് ചെയ്യാമോ? അങ്ങനെ ചെയ്താല്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് വച്ച് പൊറുപ്പിക്കാമോ? അതല്ലേ ഈ വെറുപ്പു കുറ്റത്തിനുള്ള ശിക്ഷ.

മഹാരാഷ്ട്രയും, പഞ്ചാബും, ഉത്തര്‍പ്രദേശും, ബീഹാറും, കാശ്മീരും ഹരിയാനയും, മേഘാലയും, ബംഗാളും, ഛത്തീസ്ഘട്ടും, ദല്‍ഹിയും, ഉത്തരാകാണ്ഡും, ആസാമും, കര്‍ണ്ണാടകയും, മദ്ധ്യപ്രദേശും രാജസ്ഥാനും പുല്‍വാമക്ക് ശേഷം കാശ്മീരി വിരുദ്ധ വികാരത്തില്‍ തിളച്ച് മറിയുകയാണ്. അപ്പോഴാണ് ഗവര്‍ണ്ണറുടെ ഈ അട്ടഹാസം.
മതത്തിന്റെയും മതാധിഷ്ഠിത രാഷ്ട്രീയ ഭീകരവാദത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്‍ഡ്യയെ വിഭജിക്കുവാനുള്ള പാക്കിസ്ഥാന്‍ തീവ്രവാദികളുടെ തന്ത്രത്തില്‍ കരു ആവുകയായിരുന്നു മേഘാലയ ഗവര്‍ണ്ണര്‍ സംഘി തഥാഗതറോയ്. അദ്ദേഹം ഭരണഘടന അറിയുന്നില്ല. രാജ്ഭവനില്‍ പ്രവേശിച്ചപ്പോഴെങ്കിലും റോയ് ആ പഴയ സംഘപരിവാര്‍ വിഴുപ്പ് ഭാണ്ഡം ഉപകേഷിക്കണമായിരുന്നു.

ഗവര്‍ണ്ണര്‍ രാഷ്ട്രപതിയുടെ പ്രതിനിധി ആണ്. അദ്ദേഹത്തിന്റെ കണ്ണുംകാതും ആണ്. രാഷ്ട്രപതി ഈ ശുംഭന്‍ പ്രസ്താവനയോട്, ഈ രാജ്യദ്രേഹപരമായ ജല്പനത്തോട് യോജിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഉണ്ടെന്ന് പറയണം. ഇല്ലെങ്കില്‍ റോയ്യുടെ കസേര തെറുപ്പിക്കണം. റോയ് വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്നതില്‍ അഗ്രഗണ്യന്‍ ആണ്. അതുകൊണ്ട് മാത്രം ആണ് അദ്ദേഹത്തിന് രാജ്ഭവന#് കരസ്ഥമാക്കുവാന്‍ സാധിച്ചതും. ത്രിപുര ഗവര്‍ണ്ണര്‍ ആയിരുന്നപ്പോള്‍ ഈ സംഘി ഉദ്‌ഘോഷിച്ചത് ആണ് ഹിന്ദു-മുസ്ലീംപ്രശ്‌നം ഒരു സിവില്‍ യുദ്ധം കൊണ്ട് മാത്രമെ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന്. ആക്രോശം വിവാദം ആയപ്പോള്‍ ഗവര്‍ണ്ണര്‍ പറഞ്ഞു അദ്ദേഹം ഭാരതീയ ജനസംഘിന്റെ സ്ഥാപകന്‍ ആയ ശ്യാമപ്രസാദ് മുഖര്‍ജിയെ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്ന്. റോയ് തടിതപ്പി. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. റോയ് സ്വയം വിശേഷിപ്പിക്കുന്നതു വലതുപക്ഷ ഹിന്ദുചിന്തകന്‍ എന്ന് ആണ്. രാജ്ഭവനില്‍ എത്തിയതിന് ശേഷവും വേണമോ ഈ വിഭാഗീയ ആട ആഭരണങ്ങള്‍. നരേന്ദ്രമോഡി അദ്ദേഹത്തെ 'ഹിന്ദുദേശീയവാദി' എന്ന് വിശേിപ്പിച്ചത് ലോകസഭ തെരഞ്ഞെടുപ്പ് വേളയില്‍(2014) രണ്ട് വോട്ട് കിട്ടുവാന്‍ വേണ്ടിയാണ്. അതിന് ശേഷം അദ്ദേഹം അത് വാചകത്താല്‍ ആവര്‍ത്തിച്ചിട്ടില്ല. പ്രവര്‍ത്തിയാല്‍ അരക്കിട്ട് വിളംബരം ചെയ്‌തോ എന്ന് പരിശോധിച്ച് അറിയുക.

തഥാഗതറോയ് യുടെ ഭരണഘടന വിരുദ്ധമായ പ്രസ്താവനയോട് മോഡി നേരിട്ട് പ്രതികരിച്ചിട്ടില്ല. സുപ്രീംകോടതി കാശ്മീരികള്‍ക്കെതിരെയുള്ള അക്രമങ്ങളെ അപലപിക്കുകയും കാശ്മീരികളെ സംരക്ഷിക്കുവാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ പിറ്റേന്നാണ് മോഡി പരോക്ഷമായ ഒരു പ്രസ്താവന രാജസ്ഥാനിലെ ടോങ്കില്‍ ഒരു തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നടത്തിയത്. കാശ്മീരികളെ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഒന്നാംപ്രതി മേഘാലയ ഗവര്‍ണ്ണര്‍ തഥാഗത റോയ് ആണെന്ന കാര്യം സുപ്രീം കോടതി മറന്നു. ഏതായാലും ഈ വിധിയുടെ പിറ്റേന്ന് അതുവരെയും മൗനം പാലിച്ച മോഡി പറഞ്ഞു ഇന്‍ഡ്യയുടെ യുദ്ധം ഭീകരവാദത്തിന് എതിരെ  ആണ് കാശ്മീരികള്‍ക്ക് എതിരെ അല്ല. നല്ലത്. അത്രയും എങ്കിലും പ്രധാനമന്ത്രി ഉരിയാടിയല്ലോ. ഇത് നടന്നത് ഫ്രെബ്രുവരി  23ന് ആണ്. പുല്‍വാമ ആക്രമണം നടന്നത് ഫെബ്രുവരി 14ന് ആണ്. കാശ്മീരികള്‍ക്കെതിരെയുള്ള ആക്രമണം ആരംഭിച്ചത് തൊട്ടടുത്ത ദിവസങ്ങളിലും. എന്തേ അന്നൊന്നും പ്രധാനമന്ത്രിക്ക് നാവില്ലാതെ പോയത്? എന്തേ അദ്ദേഹം തഥാഗത റോയ്‌ക്കെതിരെ നടപടി എടുത്തില്ല? എന്തേ രാഷ്ട്രപതി അദ്ദേഹത്തിന്റെ പ്രതിനിധിയെ വെറുതെ വിട്ടത്? കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊണ്ടുവന്നപ്പോള്‍ പറഞ്ഞത് ഇത്രമാത്രം ആണ്, ഗവര്‍ണ്ണറുടെ പ്രസ്താവനയോട് യോജിക്കുന്നില്ല. കാര്യം ഇവിടെ തീരുന്നു. അവിടെയും നടപടി ഒന്നും ഇല്ല.

രാജ്യപാലകന്‍ രാജ്യദ്രോഹി ആകരുത്. അദ്ദേഹത്തിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ആരും വിലക്കുന്നില്ല. പക്ഷേ, ഭരണഘടന അനുസരിച്ച് ഉത്തരവാദിത്വമുള്ള ഒരു ചുമതല ഏറ്റെടുത്ത ഒരു ഗവര്‍ണ്ണര്‍ പരിധി വിടരുത്. ഇവിടെ അതാണഅ തഥാഗതറോയ് എന്ന മേഘാലയ ഗവര്‍ണ്ണര്‍ ചെയ്തത്. അദ്ദേഹം ഒരു പഴയ ബി.ജെ.പി. നേതാവും സംഘിയും ആയിരിക്കാം. പക്ഷേ, ഇന്ന് അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണ്ണര്‍ ആണ്. അതിന് ചില മര്യാദകളും സഭ്യതയും പാലിക്കുവാന്‍ ഉണ്ട്. അതിന് അദ്ദേഹത്തിന് സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹം രാജിവച്ച് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകണം. അതിന് അദ്ദേഹം തയ്യാറല്ലെങ്കില്‍ രാഷ്ട്രപതി തഥാഗത റോയ് യെ മേഘാലയ ഗവര്‍ണ്ണര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. രാജ് ഭവന്റെയും ഗവര്‍ണ്ണര്‍ സ്ഥാനത്തിന്റെയും പരിശുദ്ധി- അങ്ങനെ ഒന്ന് ഉണ്ടെങ്കില്‍- സംരക്ഷിക്കുവാനുള്ള ഒരേ ഒരു മാര്‍ഗ്ഗം ഇതാണ്. ഇവിടെ ഏറ്റവും ശ്രദ്ധേയമായ, ഭയനീയമായ, കാര്യം ഇതാണ്. റോയ് യെ ഒന്നു ശപിക്കുവാനോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പ് നല്‍കുവാന്‍ പോലും രാഷ്ട്രപതിഭവന്‍ തയ്യാറായില്ല എന്നതാണ്. ഭരണത്തിന്റെ ഉന്നത ശ്രേണിയില്‍ ഇരിക്കുന്നവര്‍ക്ക് എന്തും ആകാം എന്നാണോ? ഇത്ര ദുര്‍ദശയോ ഈ രാജ്യത്തിന് ?
സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍, കന്നയ്യകുമാറിനെ പോലുള്ളവര്‍, 'സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ ദേശദ്രോഹകുറ്റത്തിന് വിചാരണക്ക് വിധേയരായ രാജ്യം ആണ് ഇത് എന്നും ഓര്‍മ്മിക്കണം.

 രാജ്ഭവന്‍ ജനവിരുദ്ധവേദിയോ?(ദല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക