Image

ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ എംബസികള്‍ക്ക്‌ ഉത്തരവാദിത്തം: മന്ത്രി എസ്‌.എം കൃഷ്‌ണ

Published on 16 April, 2012
ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ എംബസികള്‍ക്ക്‌ ഉത്തരവാദിത്തം: മന്ത്രി എസ്‌.എം കൃഷ്‌ണ
അബൂദബി: ഗള്‍ഫ്‌ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ യഥാസമയം മനസ്സിലാക്കി പരിഹരിക്കുന്നതില്‍ എംബസികള്‍ക്ക്‌ ഉത്തരവാദിത്തമുണ്ടെന്ന്‌ വിദേശകാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ. ഇന്ത്യന്‍ സമൂഹത്തിന്‍െറ, പ്രത്യേകിച്ച്‌ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഏറെ പരിഗണന നല്‍കണമെന്ന്‌ അദ്ദേഹം അംബാസഡര്‍മാരോട്‌ നിര്‍ദേശിച്ചു. ഗള്‍ഫ്‌ മേഖലയിലെ ഇന്ത്യന്‍ അംബാസഡര്‍മാരുടെ യോഗത്തിലാണ്‌ ഈ നിര്‍ദേശം.

ഓരോ രാജ്യത്തെയും തൊഴിലാളികളുടെ സാഹചര്യം കൃത്യമായി മനസ്സിലാക്കണം. അവരുടെ പരാതികള്‍ സ്വീകരിക്കാന്‍ കൃത്യമായ സംവിധാനം വേണം. ഇതിന്‌ ആഴ്‌ചയില്‍ ഒരു ദിവസം ഓപണ്‍ ഡേ നടത്തണം. രണ്ടാഴ്‌ചയില്‍ ഒരിക്കലെങ്കിലും സമൂഹത്തിലുള്ളവരെ ബന്ധപ്പെട്ടവര്‍ കാണണം. പരാതികള്‍ ലഭിച്ചാല്‍ അതിന്‌ വ്യക്തമായ മറുപടിയുണ്ടാകണം. മാത്രമല്ല, ഉത്തരവാദിത്തവും വേണം.
അടിയന്തര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അറിയിക്കാന്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്ന സംവിധാനം എല്ലാ എംബസിയിലും നിര്‍ബന്ധമാണ്‌. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ പ്രവര്‍ത്തന പദ്ധതി ആവിഷ്‌കരിക്കണം. അംബാസഡര്‍മാരും മറ്റു ഉദ്യോഗസ്ഥരും എപ്പോഴും സാധാരണക്കാര്‍ക്ക്‌ വേഗത്തില്‍ എത്തിപ്പെടാവുന്നവരാകണം എസ്‌.എം. കൃഷ്‌ണ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലുള്ള ലക്ഷക്കണക്കിന്‌ പേര്‍ വളരെ പ്രധാനമാണെന്നും അതിനാല്‍ പ്രവാസികള്‍ക്ക്‌ സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ്‌ നല്‍കുന്നതെന്നും എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി നടന്ന മുഖാമുഖത്തിലും ഹില്‍ട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തില്‍നിന്ന്‌ ക്ഷണിക്കപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ചയിലും എസ്‌.എം. കൃഷ്‌ണ വ്യക്തമാക്കി. യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റുമുള്ളവരെ അപേക്ഷിച്ച്‌ നാടുമായി വളരെ ആത്മബന്ധമുള്ളവരാണ്‌ ഗള്‍ഫ്‌ മേഖലയിലുള്ളത്‌. ഇവിടെ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക്‌ അയക്കുന്ന പണമാണ്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയുടെ കരുത്ത്‌. ഇത്‌ നമ്മുടെ വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ സമൂഹത്തിന്‌ ജോലിയും സംരക്ഷണവും നല്‍കുകയും അവരുടെ ക്ഷേമത്തിന്‌ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഗള്‍ഫ്‌ രാജ്യങ്ങളുടെ വിശാല മനസ്‌കതയെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിന്‌ എംബസികള്‍ക്ക്‌ ഉത്തരവാദിത്തം: മന്ത്രി എസ്‌.എം കൃഷ്‌ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക