Image

സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം-(ഭാഗം-2 - ഡോ.നന്ദകുമാര്‍ ചാണയില്‍)

ഡോ.നന്ദകുമാര്‍ ചാണയില്‍ Published on 22 December, 2018
സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം-(ഭാഗം-2 - ഡോ.നന്ദകുമാര്‍ ചാണയില്‍)
മലയാളഭാഷയ്ക്ക് പാശ്ചാത്യ ഭാഷകളിലെ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയത് നിരൂപണപടുക്കളായ കേസരി ബാലകൃഷ്ണപിള്ള, പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരി, പ്രൊഫസ്സര്‍ എം.പി.പോള്‍ എന്നിവരാണല്ലോ. ഉദാഹരണത്തിനു കേസരി ബാലകൃഷ്ണപിള്ള മോപ്പസാങ്ങിനെ തകഴി ശിവശങ്കരപിള്ളക്ക് പരിചയപ്പെടുത്തുക വഴി തകഴിക്ക് കഥാലോകത്ത് തിളങ്ങുന്ന ഒരു ശോഭയായിത്തീരാന്‍ സാധിച്ചു. അത് പോലെ തന്നെ ആന്റന്‍ ചെക്കോവ് ഡെറ്റൊവ്‌സ്‌കി ലിയോ ടോള്‍സ്‌റ്റോയി എന്നീ റഷ്യന്‍ സാഹിത്യകാരന്മാരെ പരിചയപ്പെടുത്തിയതിനാല്‍ എസ്.കെ.പൊറ്റക്കാടിനെപ്പോലുള്ള നിരവധി സാഹിത്യകാരന്മാര്‍ക്ക് കഥാലോകത്ത് തങ്ങളുടേതായ ഇടം നേടാന്‍ സാധിച്ചു.
ആഗോളവല്‍ക്കരണം വളരെ പ്രചുരപ്രചാരമായ ഒരു പ്രതിഭാസമായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ കല സാഹിത്യം, ശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹ്യം, എന്നീ മാനവവ്യവഹാരമേഖലകളില്‍ ഒരു ജനതക്ക്, ചുറ്റുമുള്ള മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ പറ്റുകയില്ല. ഉദാഹരണത്തിന് ഒരു പുതിയ മരുന്നോ, ഉപകരണമോ, തങ്ങള്‍ക്ക് ശത്രുതയുള്ള ഒരു രാജ്യക്കാരനാണ് കണ്ടുപിടിച്ചതെന്ന് കരുതി അവയുടെ ഉപയോഗം ബഹിഷ്‌കരിക്കാന്‍ ഒക്കുമൊ? രാഷ്ട്രീയരംഗത്ത് മറ്റ് ഇസങ്ങളുമായി സമന്വയിച്ച് മുന്നോട്ട് പോകാന്‍ പറ്റാതെ വന്ന മുന്‍ സോവിയറ്റ് യൂണിയന്റെ അപജയവും, അതേസമയം കാപിറ്റലിസവും അല്‍പ്പാല്‍പ്പായി ജനാധിപത്യവുമായി ആശയപരായെങ്കിലും സഹകരിക്കാന്‍ തുനിഞ്ഞ ചൈനയുടെ, കമ്മ്യൂണിസത്തിന്റെ, ജയഭേരിയും ദൃഷ്ടാന്തമാണല്ലോ.

ആഗോളതലത്തില്‍ സാഹിത്യമേഖലയിലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൂരവ്യാപകായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ ആവിര്‍ഭാവത്തോടെ. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ദൂരവും സമയദൈര്‍ഘ്യവും ക്ഷിപ്രവേഗേന ലഘൂകരിക്കുന്നത് വിരല്‍ത്തുമ്പിലൂടെ അറിവുകള്‍ അന്യോനം കൈമാറുന്ന രീതിയാണല്ലോ ഇന്ന്. എന്റെ തലമുറക്കാരുടെ ചെറുപ്പകാലത്ത് മലയാളസാഹിത്യത്തില്‍ ബംഗാളി, മറാത്തി എന്നീ ഭാഷകളിലെ ഉത്തകൃതികള്‍ വിവര്‍ത്തനത്തിലൂടെ ലഭ്യമാകുകയും അങ്ങിനെ ബങ്കിം ചന്ദ്രചാറ്റര്‍ജി, ശരത്ചന്ദ്രചാറ്റര്‍ജി, ഹരീന്ദ്രനാഥ് ഉപാദ്ധ്യായ, വി.എസ്.ഖാണ്ഡേക്കര്‍ എന്നീ സാഹിത്യകാരന്മാരുടെ കൃതികളുമായി മലയാളികള്‍ക്ക് സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചു. തന്മൂലം മലയാളികള്‍ക്ക് അന്യഭാഷകളെക്കുറിച്ചും അറിവുകിട്ടുന്നു. പരിഭാഷയിലൂടെ അന്യഭാഷകളിലെ കൃതികള്‍ മലയാളത്തിന് ലഭ്യമാകുമ്പോള്‍, അവരുടെ ഭാഷ, ജീവിതരീതി, ആചാരം, മാമൂലുകള്‍, ഭക്ഷണരീതി, വസ്ത്രധാരണം, കാലാവസ്ഥ എന്നുവേണ്ട, മൊത്തത്തില്‍ അവരുടെ സംസ്‌കാരം തന്നെ സാഹിത്യത്തിലൂടെ ലഭിക്കുന്നു. ഭാഷകള്‍ അങ്ങിനെ അതാതുദേശത്തിന്റെ പതാകാവാഹകരായി വര്‍ത്തിക്കുന്നു. ഈ വാങ്ങല്‍ കൊടുപ്പിലൂടെ ഭാഷകള്‍ക്ക് പുതു പദാവലി ആഗിരണം ചെയ്യാനും ഒപ്പംതന്നെ ഒരു സാംസ്‌കാരികോല്‍ക്കര്‍ഷം സംജാതാകുകയും ചെയ്യുന്നുണ്ട്.
പേര്‍ഷ്യന്‍, അറബി ഭാഷകളുടെ സ്വാധീനം എന്നുതൊട്ട് വാണിജ്യബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയോ അന്നുതൊട്ടുണ്ട്. പല ഭാഷകളുമായുള്ള സമ്പര്‍ക്കം നമ്മുടെ പദസമ്പത്തും അതേപോലെതന്നെ ഇതരഭാഷകള്‍ക്ക് നമ്മുടേതും ഉള്‍ക്കൊള്ളാനാവുന്നത്, വാണിജ്യത്തിലെ ക്രയവിക്രയം പോലെ തന്നെ ഭാഷകള്‍ തമ്മിലും പരസ്പരവിനിയത്തിനുള്ള അവസരുണ്ടാകകൊണ്ടാണ്. മലയാളത്തിന്റേയും മലയാള ചലച്ചിത്രഗാനങ്ങളുടേയും മാധുര്യവും, ലാവണ്യവും, ശാലീനതയും ഗുണീഭവിപ്പിക്കുന്നതില്‍ മറ്റു ഭാഷകളുടെ സ്വാധീനം ചെറുതമല്ല. എന്തിനധികം; നമ്മുടെ നാടിന്റെ പേരിന്റെ ഉല്‍പ്പത്തിയിലേക്ക് ഒന്ന് കണ്ണോടിക്കൂ. കേരളമെന്നായാലും മലയാളനാടെന്നായാലും, ആദ്യത്തേത് സംസ്‌കൃതത്തില്‍ നിന്നും രണ്ടാമത്തേത് തമിഴില്‍ നിന്നുമല്ലേ ഉല്‍ഭവിച്ചിരിക്കുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ നാടിന്റെ പല സ്ഥലങ്ങളുടേയും പേര് അവസാനിക്കുന്നതും 'ഊര്' എന്ന അന്ത്യത്തിലാണ്; കൊടങ്ങല്ലൂര്‍, ചെങ്ങന്നൂര്‍, മലയാറ്റൂര്‍ അങ്ങിനെ പോകുന്നു നീണ്ട പട്ടിക, ജനല്‍, കക്കൂസ്, വരാന്ത, കാര്‍, ബസ്സ്, ലോറി, ഇബിലീസ്, കാഫിര്‍, കുര്‍ബാന എന്നീ വാക്കുകള്‍ നമുക്ക് മുതല്‍ക്കൂട്ടായി കിട്ടിയിട്ടുണ്ടെങ്കില്‍, നമ്മുടെ അവതാര്‍, ചട്ണി, മസാല, ഗുരു, പണ്ഡിറ്റ്, ലൂട്ട്, ജംഗിള്‍, ബാങ്കില്‍, പഞ്ച് തുടങ്ങിയവ ഇതര ലോകഭാഷകള്‍ക്കും കിട്ടിയിട്ടുണ്ട്. അങ്ങിനെ ഭാഷകള്‍ തമ്മിലുള്ള പരസ്പര വിനിമയപ്രക്രിയ, വിശ്വമാനവികത, ലോകമേ തറവാട് എന്നീ ഉദാത്തമായ ആശയങ്ങള്‍ ഊട്ടിഉറപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെങ്കില്‍ തെല്ലും സംശയിക്കേണ്ടതില്ല.
(അവസാനിച്ചു)

Join WhatsApp News
വിദ്യാധരൻ 2018-12-22 08:44:19
ചങ്ങമ്പുഴ പരിഭാഷപ്പെടുത്തിയ അന്യഭാഷാ ചില കവിതകൾ 

                                   ലോകം 
"പേമാരി വാരിക്കോരിച്ചൊരിയും നേരം 
താമസിക്കുവാൻ തക്ക താവളം സ്വല്പനേരം
അതുതാനി നാം വാഴുമുലകം !-ഞൊടിക്കകം 
സ്മിതപൂർവ്വ്കം ചൊൽവൂ യാത്ര നാം നമോവാകം " (സോഗി )
 
                                   വഞ്ചകി 

"വന്നിടാമൊറ്റനിമേഷത്തിനുള്ളിൽ ഞാൻ '
എന്നവൾ ചൊന്നതുമൂലം 
ഒറ്റയ്ക്കൊരു നീണ്ട മാസം മുഴുവനും 
മുറ്റത്ത് കാത്തു ഞാൻ നിന്നു !
കാലത്ത് നേരത്ത് ചന്ദ്രനുദിക്കുന്ന 
കാലംവരെ കാത്തു നിന്നു  (സോമ്പേയി ഹോഷി )

                         രാഗനൈരാശ്യം

ഭൂതലത്തിങ്കലെൻ വാഴ്ച്ചതൊട്ടിന്നിമേൽ 
ജാതരാം മർത്ത്യരിലാർക്കുമാർക്കും 
പെൺകൊടിമാരെയിണക്കി,യനുരാഗ -
മാങ്കുരിപ്പിക്കുവാനുള്ള മാർഗ്ഗം 
ഞാനാശ്രയിച്ചമട്ടുള്ളുന്നൊരിക്കലും 
പൂണുവാൻ ദുർവിധി കൈവരൊല്ലേ (കൊക്കിനോമോട്ടോ ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക