Image

വി.എസ്. പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ല

Published on 09 April, 2012
വി.എസ്. പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ല
കോഴിക്കോട്: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇന്നു വൈകീട്ട് കോഴിക്കോട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനമാര്‍ഗമാണ് വി.എസ്. തിരുവനന്തപുരത്തേക്ക് പോകുന്നത്. തിരുവനന്തപുരത്തെ ചില സുഹൃത്തുക്കളെ കാണാനാണ് വി. എസ്. പോകുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ള പി.ബി.യെയാണ് തിരഞ്ഞെടുത്തതെന്നും പഴയതുപോലെതന്നെ പാര്‍ട്ടിപ്രവര്‍ത്തനവുമായി മുന്നോട്ട്‌പോകുമെന്നും നെടുമ്പാശ്ശേരിക്ക് യാത്രതിരിക്കുംമുന്‍പ് വി.എസ്. പറഞ്ഞു.


പോളിറ്റ്ബ്യൂറോയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിലുള്ള നിശബ്ദ പ്രതിഷേധമായാണ് വി.എസിന്റെ ഈ വിട്ടുനില്‍ക്കല്‍ വിലയിരുത്തപ്പെടുന്നത്. വി.എസ്. ഒഴികെയുള്ള മുഴുവന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും പൊതുസമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടി സദസ്സിന്റെ മുന്‍നിരയില്‍ തന്നെ 87 കസേരകളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടു പതിറ്റാണ്ടിനുശേഷം കേരളം വേദിയാകുന്ന സി.പി.എമ്മിന്റെ ഏറ്റവും വലിയ പൊതുപരിപാടി അങ്ങനെ വി.എസിന്റെ അസാന്നിധ്യം കൊണ്ടായിരിക്കും ശ്രദ്ധിക്കപ്പെടുക എന്നുറപ്പായി.


പി.ബി. അംഗങ്ങളെ തിരഞ്ഞെടുത്ത് പാര്‍ട്ടി പാര്‍ട്ടി കോണ്‍ഗ്രസിന് തിരശീല വീഴുംമുന്‍പ് തന്നെ ഒരു മണിയോടെ വി.എസ്. സമ്മേളനവേദി വിട്ടിറങ്ങി ഗസ്റ്റ്ഹൗസിലേയ്ക്ക് മടങ്ങിയിരുന്നു. ഒരു മണിക്കൂറോളം ഇവിടെ വിശ്രമിച്ചശേഷമാണ് വി.എസ്. യാത്രതിരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക