Image

എം.എ.ബേബി പിബിയില്‍ ; വി.എസിനെ ഒഴിവാക്കി; കാരാട്ട് വീണ്ടും സെക്രട്ടറി

Published on 09 April, 2012
എം.എ.ബേബി പിബിയില്‍ ;  വി.എസിനെ ഒഴിവാക്കി; കാരാട്ട് വീണ്ടും സെക്രട്ടറി
കോഴിക്കോട്* എം.എ. ബേബി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാവും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയില്ല. സിഐടിയു ദേശീയ പ്രസിഡന്റും മലയാളിയുമായ എ.കെ പത്മനാഭന്‍,ബംഗാളില്‍ നിന്നുള്ള പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര എന്നിവരാണ് പിബിയിലെ മറ്റു പുതുമുഖങ്ങള്‍. ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പിബിയില്‍ തുടരും.

പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യച്ചൂരി, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, പിണറായി വിജയന്‍, ബി .വി രാഘവലു, വൃന്ദ കാരാട്ട് , നിരുപംസെന്‍, കോടിയേരി ബാലകൃഷ്ണന്‍, കെ.വരദരാജന്‍ എന്നിവരാണ് പതിനഞ്ചംഗ പിബിയിലെ മറ്റ് അംഗങ്ങള്‍.

സിപിഐ എം ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ആണ് പുതിയ പിബിയില്‍ ഉള്‍പ്പെടുത്തേണ്ട ആളുകളുടെ പട്ടിക തയാറാക്കിയത്. നിര്‍ദേശം കേന്ദ്രകമ്മിറ്റി ഇന്നു ചര്‍ച്ച ചെയ്തു. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പാണ് പാനലില്‍ വിഎസിനെ ഉള്‍പ്പെടുത്തുന്നതിനു തടസ്സമായത് എന്നാണ് സൂചന.

വിഭാഗീയതയുടെ പേരില്‍ 2009 ജൂണ്‍ 12നാണ് വി.എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ പി.ബി പ്രവേശനം ചര്‍ച്ചയായെങ്കിലും ഇതിന് തടയിട്ടത് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തന്നെയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പോലും അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയും ഇത് പാര്‍ട്ടിയുടെ അടിത്തറക്ക് ക്ഷീണം തട്ടുന്നുവെന്നു കണെ്ടത്തിയതിനെതുടര്‍ന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തിന് സീറ്റ് നല്‍കി പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിന് രൂപം കൊടുത്ത നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി.എസ് അച്യുതാനന്ദന്‍. 1964 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗവും 1985 മുതല്‍ പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. 24 വര്‍ഷം ഈ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം 2009ല്‍ പരിഷ്‌കരണവാദികളുടെ തെറ്റായ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതോടെ വിഭാഗീയത ചാര്‍ത്തി നല്‍കിയാണ് പിബിയില്‍ നിന്ന് പുറത്താക്കുന്നത്. 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് പിബി പ്രവേശനം കിട്ടുമെന്നു തന്നെയായിരുന്നു പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്.


സിപിഐ എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ നായകനാണ്.
ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മലയാളി സാന്നിധ്യമാണ് കാരാട്ട്. സാമ്രാജ്യത്വത്തിനുകീഴടങ്ങി ജനങ്ങളെ ദുരിതങ്ങളിലാഴ്ത്തുന്ന കോണ്‍ഗ്രസിനും വര്‍ഗീയത ആളിക്കത്തിച്ച് രാജ്യത്തിന്റെ ഐക്യവും ഭദ്രതയും തകര്‍ക്കുന്ന ബിജെപിക്കുമെതിരെ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ ബദല്‍ കെട്ടിപ്പടുത്ത് ശക്തമായ പോരാട്ടങ്ങള്‍ക്ക് പാര്‍ടി കോണ്‍ഗ്രസ് രൂപംനല്‍കിയ ഘട്ടത്തിലാണ് കാരാട്ടിനെ ഒരിക്കല്‍ക്കൂടി പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്. ആറുദിവസം നീണ്ടുനിന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് 89 അംഗ കേന്ദ്രകമ്മിറ്റിയെയും തെരഞ്ഞെടുത്തു. രണ്ട് സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 15 അംഗങ്ങളടങ്ങിയതാണ് പൊളിറ്റ്ബ്യൂറോ. ബിനോയ് കോനാര്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രോള്‍ കമീഷനും രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു.
വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പ്രകാശ് കാരാട്ട് ദേശീയനേതൃത്വത്തിലേക്ക് ഉയര്‍ന്നത്. ഇ എം എസിന്റെയും എ കെ ജിയുടെയും ശിഷ്യനാണ് അറുപത്തിനാലുകാരനായ ഈ പാലക്കാട്ടുകാരന്‍. 1992 മുതല്‍ പൊളിറ്റ്ബ്യൂറോ അംഗം. പിബി അംഗം വൃന്ദ കാരാട്ടാണ് ഭാര്യ. 1972ല്‍ എസ്എഫ്ഐ അംഗമായ കാരാട്ട് "74ല്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും തുടര്‍ന്ന് പ്രസിഡന്റുമായി. അടിയന്തരാവസ്ഥയില്‍ഒളിവില്‍ എസ്എഫ്ഐയെ നയിച്ചു.
അഞ്ചുവര്‍ഷം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. "82 മുതല്‍ "85 വരെ പാര്‍ടിയുടെ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. "85ലാണ് കേന്ദ്രകമ്മിറ്റി അംഗമായത്. മാര്‍ക്സിസം- ലെനിനിസവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക