Image

തങ്ങള്‍ പ്രഖ്യാപിച്ചത് സംഭവിക്കുകതന്നെ ചെയ്യുമെന്നു മന്ത്രി

Published on 08 April, 2012
തങ്ങള്‍ പ്രഖ്യാപിച്ചത് സംഭവിക്കുകതന്നെ ചെയ്യുമെന്നു മന്ത്രി
വേങ്ങര: അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത് സംഭവിക്കുകതന്നെ ചെയ്യുമെന്നും ആത്മാഭിമാനം പണയപ്പെടുത്തുന്ന ഒരു പണിക്കും മുസ്ലിംലീഗിനെ കിട്ടില്ലെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
വേങ്ങരയില്‍ കെ.എം.സി.സി നെറ്റ്സോണ്‍ ഗ്ളോബല്‍ മീറ്റിന്‍െറ സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലീഗ് അര്‍ഹതയുള്ളതേ ചോദിക്കൂ. ഈ വിഷയത്തില്‍ ലീഗിനെ വിമര്‍ശിക്കുന്നവര്‍ സ്വയം തിരുത്തേണ്ടിവരും. സാമുദായിക സൗഹാര്‍ദം തകര്‍ക്കാനും ഛിദ്രതയുണ്ടാക്കാനും പലരും ശ്രമിച്ചു. വിശ്വാസ്യതക്ക് കോട്ടം തട്ടാതെ ലീഗ് എല്ലാം അതിജീവിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 
സമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഞ്ചാം മന്ത്രി സമയമാവുമ്പോള്‍ നടക്കുക തന്നെ ചെയ്യുമെന്ന് തങ്ങള്‍ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ലീഗിന് അഞ്ചാംമന്ത്രി ലഭിച്ചാല്‍ സാമുദായിക സന്തുലിതത്വം നഷ്ടപ്പെടുമെന്ന് പറയുന്നവര്‍ക്ക് കൃത്യമായ കണക്കുകള്‍ വെച്ച് മറുപടി പറയാന്‍ തയാറാണെന്നും ലീഗ് നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന ചില പത്രങ്ങള്‍ അഴിച്ചുവിടുന്ന പ്രചാരണങ്ങള്‍ തിരുത്തേണ്ടിവരുമെന്നും ഇ.ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക