Image

മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; സൗദി സ്ഥിരീകരിച്ചു

Published on 20 October, 2018
മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകം; സൗദി സ്ഥിരീകരിച്ചു

ബര്‍ലിന്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന് സൗദി അറേബ്യയുടെ സ്ഥിരീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്റലിജന്‍സ് ചീഫ് അഹമ്മദ് അല്‍ അസീരി, കിരീടാവകാശ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുതിര്‍ന്ന സ്റ്റാഫ് അംഗം സൗദ് അല്‍ ഖാതിനി എന്നിവരെ പിരിച്ചുവിട്ടതായും സൗദി സര്‍ക്കാര്‍ അറിയിച്ചു.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച ശേഷമാണ് 60 കാരനായ ഖഷോഗിയെ കാണാതായത്. കോണ്‍സുലേറ്റില്‍വച്ച് ഖഷോഗി ക്രൂരമായി കൊല്ലപ്പെട്ടെന്നാണ് തുര്‍ക്കി അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്. കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി 18 സൗദി പൗരന്‍മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതാദ്യമായാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി സ്ഥിരീകരണം നല്‍കുന്നത്.

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് ഖഷോഗി കൊല്ലപ്പെടുന്നത്. അതുകൊണ്ടുതന്നെ തുര്‍ക്കിക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമതിയുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇതിനിടെ കൊലപാതകം തെളിയിക്കുന്ന ഓഡിയോ ക്‌ളിപ്പ് തുര്‍ക്കിയുടെ കൈവശമുണ്ടെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെ അതു പുറത്തു വിട്ടിട്ടില്ല. ഖഷോഗിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇതിനെ ആദ്യം എതിര്‍ത്തിരുന്ന ട്രംപ് ഭരണകൂടം ഇപ്പോള്‍ സൗദിക്ക് അനുകൂലമായ നിലപാടിലാണെന്ന കാര്യവും ഏറെ പ്രസക്തമാണ്.

സൗദിയിലെ പ്രഗല്‍ഭനായ മാധ്യമപ്രവര്‍ത്തകള്‍ എന്നു വിശേഷണമുള്ള ഖഷോഗി സോവ്യറ്റ് യൂണിയന്റെ നോട്ടപ്പുള്ളിയും അഫ്ഗാനിസ്ഥാനില്‍ ഒസാമ ബിന്‍ലാദന്‍ ദുരൂഹതകള്‍ ലോകത്തെ അറിയിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ സൗദി രാജകുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്നു ഖഷോഗിക്ക്. എന്നാല്‍ കിരീടാവകാശിയായി മുഹമ്മദ് ബില്‍ സല്‍മാന്‍ ഭരണം ഏറ്റതോടെ ഖഷോഗി കൊട്ടാരത്തില്‍ നിന്നും പുറത്തായി. പിന്നീട് അമേരിക്കയില്‍ അഭയം തേടിയ ഖഷോഗി മാധ്യമപ്രവര്‍ത്തനം അമേരിക്കയിലാക്കി. ഇതിനിടെ തുര്‍ക്കിക്കാരിയായ ഹാത്തിസ് സെന്‍ഗിസുമായി അടുപ്പത്തിലാവുകയും വിവാഹവും ചെയ്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ബഹുഭാര്യാത്വം വിലക്കിയിട്ടുള്ള തുര്‍ക്കിയില്‍ താമസിക്കണമെന്ന മോഹവുമായി രാജ്യത്തെത്തിയ ഖഷോഗിക്ക് ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനരേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28 ന് സൗദി കോണ്‍സുലേറ്റിലെത്തിയ അദ്ദേഹം മടങ്ങിയിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിനു വീണ്ടും കോണ്‍സുലേറ്റിലെത്തിയ അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. 

സംഭവത്തെതുടര്‍ന്നു രാജ്യത്തെ ഇന്റലിജന്‍സ് സര്‍വീസുകള്‍ പുനഃസംഘടിപ്പിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാനും സൗദി രാജാവ് സല്‍മാന്‍ നിര്‍ദേശിച്ചു. തുര്‍ക്കി പ്രസിഡന്റ് റജീബ് തയ്യിബ് എര്‍ദോഗാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയ സല്‍മാന്‍ രാജാവ്, അന്വേഷണത്തില്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട് ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക