Image

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി

Published on 10 August, 2018
 ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കന്‍വാരിയകളുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. പൊതുമുതല്‍ നശിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം ഭേദഗതികള്‍ക്കായി കാത്തു നില്‍ക്കാതെ നിയമപീഠം തന്നെ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ വാദം കേട്ട ശേഷമായിരുന്നു കോടതിയുടെ പ്രതികരണം. വിവിധ മത-സാമുദായിക സംഘടനകള്‍ സ്വതന്ത്രമായി ആള്‍ക്കൂട്ട അക്രമം നടത്തുകയാണെന്നും, ഇത് തടയാന്‍ സുപ്രീം കോടതി ജില്ലാ പൊലീസ് മോധാവികളെ ചുമതലപ്പെടുത്തണമെന്ന് വേണുഗോപാല്‍ കോടതിയെ അറിയിച്ചു. 

അക്രമങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വന്തം വീടുതന്നെ തകര്‍ത്ത് ഹീറോ ആകാമെന്നും, എന്നാല്‍ പൊതുമുതലിന്റെ കാര്യത്തില്‍ അത് വേണ്ടെന്നും ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.

സഞ്‌ജയ് ലീല ബന്‍സാലി ചിത്രം പദ്‌മാവതുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നപ്പോള്‍ രജപുത്ര സംഘടനകള്‍ അടിച്ചു തകര്‍ത്ത കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക