Image

ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് മല്‍സരിക്കുന്നു

Published on 12 July, 2018
ഫൊക്കാന പ്രസിഡന്റായി ലീലാ മാരേട്ട് മല്‍സരിക്കുന്നു
ന്യു യോര്‍ക്ക്: അടുത്ത ഫൊക്കാന പ്രസീഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ലീല മാരേട്ട്.
സംഘടനക്കു പുതിയ ലക്ഷ്യബോധവും കര്‍മ്മപരിപാടികളും നല്കാന്‍ തനിക്കാവുമെന്ന് ഉത്തമ ബോധ്യമുണ്ട്. ഫൊക്കാനയുടെ നന്മയും വളര്‍ച്ചയും ആഗ്രഹിക്കുന്നവര്‍ തന്നെ പിന്തൂണക്കുമെന്ന് ഉറപ്പുണ്ട്.
കഴിഞ്ഞ രണ്ടു തവണത്തേതു പോലെ ചില നേതാക്കള്‍ ആര്‍ക്കെങ്കിലും വാക്കു കൊടുത്തതായി അറിവില്ല. അതിനാല്‍ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്നു കരുതുന്നു. വിജയിക്കാന്‍ വേണ്ടി പ്രതിഫലമോ പ്രലോഭനമോ ഒന്നും നല്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. സുതാര്യമായ ഇലക്ഷനാണു ലക്ഷ്യമിടുന്നത്.

ഇത്തവണ പ്രസിഡന്റ് പദത്തിലേക്കു പരാജയപ്പെടുമെന്നു കരുതിയതല്ല. പക്ഷെ പരാജയപ്പെട്ടതു കൊണ്ട് പിന്നൊക്കം പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. സംഘടനയില്‍ ശക്തമായി നിലകൊള്ളും. പുതിയ ഭാരവാഹികള്‍ക്കൊപ്പം പ്രവര്‍ത്തിക്കും.

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.

ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന് കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താനാവില്ല. ഫൊക്കാന അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു. പുതുതലമുറയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു.

ഫൊക്കാനയിലെ വിമെന്‍സ് ഫോറം ചെയറെന്ന നിലയില്‍സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും കൊണ്ടുവന്നു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുഖ്യവിഷയമാക്കി സെമിനാറുകളും സി.പി ആര്‍ ട്രെയിനിങ്ങുകളും ഓര്‍ഗന്‍ ഡോണര്‍ രജിസ്റ്റ്രിയും പൂക്കളമത്സരം പാചകമത്സരം തുടങ്ങിയവയും നടത്തി.

2006 ല്‍ ഫ്ലോറിഡയില്‍ വെച്ച് നടന്ന ഇലക്ഷനോടുകൂടി ഫൊക്കാന രണ്ട് സംഘടനകളായപ്പോള്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച് ആല്‍ബനി ,ന്യൂയോര്‍ക്ക് കണ്വന്‍ഷനുകളുടെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക