Image

പാര്‍ലമെന്റിനെപ്പറ്റി ആകുലതയുണ്‌ടെന്ന്: അരവിന്ദ് കേജരിവാള്‍

Published on 26 March, 2012
പാര്‍ലമെന്റിനെപ്പറ്റി ആകുലതയുണ്‌ടെന്ന്: അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളെക്കുറിച്ച് താന്‍ തെറ്റായി യാതൊന്നും പറഞ്ഞിട്ടില്ലെന്നും അതേസമയം പാര്‍ലമെന്റിന്റെ അവസ്ഥയില്‍ ആകുലതയുണ്‌ടെന്നും അന്നാ ഹസാരെ സംഘാംഗം അരവിന്ദ് കേജരിവാള്‍. നിയമനിര്‍മ്മാണം നടത്തേണ്ട പാര്‍ലമെന്റംഗങ്ങളില്‍ 162 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരാണെന്നും വിശ്വാസ്യത സംബന്ധിച്ച ഗുരുതരമായ പ്രശ്‌നമാണ് പാര്‍ലമെന്റ് അഭിമുഖീകരിക്കുന്നതെന്നും കേജരിവാള്‍പറഞ്ഞു.

ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്റിന് ശക്തമായ ഒരു ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും കേജരിവാള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് അന്നാ ഹസാരെയ്ക്കും സംഘത്തിനുമെതിരേ ലോക്‌സഭയില്‍ എംപിമാര്‍ കൂട്ടത്തോടെ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേജരിവാളിന്റെ പ്രതികരണം.

ജനങ്ങള്‍ക്ക് പാര്‍ലമെന്റിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും വിശ്വാസ്യത സംബന്ധിച്ച ഈ പ്രശ്‌നം പാര്‍ലമെന്റംഗങ്ങള്‍ തിരിച്ചറിയണമെന്നും അരവിന്ദ് കേജരിവാള്‍ പറഞ്ഞു. വിമര്‍ശകരെ ശിക്ഷിച്ചതുകൊണ്ട് യഥാര്‍ത്ഥപ്രശ്‌നം പരിഹരിക്കാനാവില്ലെന്നും പാര്‍ലമെന്റംഗങ്ങള്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്നും കേജരിവാള്‍ പറഞ്ഞു.

പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളേയും താന്‍ ഒരുപോലെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ക്രിമിനല്‍ കേസുകള്‍ നേരിടുന്ന 162 പേരെക്കുറിച്ച് മാത്രമാണ് വിമര്‍ശിച്ചിട്ടുള്ളതെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നല്ല എംപിമാരുണെ്ടന്നും എന്നാല്‍ അവരുടെ ശബ്ദം ദുര്‍ബലമായിരിക്കുന്നുവെന്നും കേജരിവാള്‍ പറഞ്ഞു. പാര്‍ലമെന്റംഗങ്ങള്‍ക്കെതിരേ മോശം ഭാഷ ഉപയോഗിച്ചതിന് കേജരിവാളിനെതിരേ അവകാശലംഘന നോട്ടീസ് നിലവിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക