Image

ജോസ് പ്രകാശിന് അന്ത്യാഞ്ജലി

Published on 26 March, 2012
ജോസ് പ്രകാശിന് അന്ത്യാഞ്ജലി
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ കുലപതി ജോസ് പ്രകാശിന്റെ മൃതദേഹം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. രാവിലെ എട്ടിന് ആലുവയില്‍ നിന്നും എറണാകുളത്തേയ്ക്ക് കൊണ്ടുവന്ന മൃതദേഹം 11 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു.

11-30 ഓടെയാണ് സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിച്ചത്. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. മമ്മൂട്ടി ഉള്‍പ്പടെ നിരവധി പേര്‍ ഇന്ന് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. എറണാകുളം-അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍.സെബാസ്ാറ്റിയന്‍ എടയന്ത്രത്ത് മരണാനന്തര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ആലുവ തോട്ടുമുഖത്തെ പ്രകാശ് ഭവനില്‍ ഇന്നലെ പൊതു ദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി ചലച്ചിത്ര, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ ആളുകള്‍ ഒഴുകിയെത്തി. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ ഉച്ചയ്ക്കു പതിനൊന്നോടെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പോലീസ് ഗാര്‍ഡര്‍ ഓഫ് ഓണര്‍ നല്‍കി. പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സിലാണ് മൃതദേഹം എറണാകുളത്തേക്കു കൊണ്ടു പോയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ജോസ് പ്രകാശിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വീട്ടിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ അഭിനയ പ്രതിഭയ്ക്ക് മുന്നില്‍ അശ്രുബാഷ്പങ്ങളുമായി നടന്‍ മോഹന്‍ലാല്‍ എത്തി. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, സംവിധായകരായ സിബി മലയില്‍, കമല്‍, വിനയന്‍, റോഷന്‍ ആന്‍ഡ്രൂസ്, മുന്‍മന്ത്രി എം.എ.ബേബി, എംപിമാരായ പി.രാജീവ്, പി.സി.ചാക്കോ, നടന്‍ ഇടവേള ബാബു, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേരള കോണ്‍ഗ്രസ്-ജെ ചെയര്‍മാന്‍ ജോണി നെല്ലൂര്‍, കേരളകോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ്് ഷിബു തെക്കുംപുറം, ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍, ജസ്റ്റീസ് ആന്റണി സെബാസ്റ്റ്യന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.റോയി, നെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍. ജഹാംഗീര്‍, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി.ജേക്കബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യന്‍, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലൈസ സെബാസ്റ്റ്യന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സ്പീക്കര്‍ ജി.കാര്‍ത്തികേയനു വേണ്ടി അന്‍വര്‍ സാദത്ത് എംഎല്‍എ റീത്ത് സമര്‍പ്പിച്ചു.

രാവിലെ പൊതുദര്‍ശനത്തിനു വച്ച ടൗണ്‍ഹാളും പരിസരവും ജനനിബിഡമായി. ആലുവയില്‍ നിന്നും ആരാധകരും സിനിമാപ്രവര്‍ത്തകരുമടക്കമുള്ള നൂറു കണക്കിനാളുകള്‍ എറണാകുളം ടൗണ്‍ ഹാളിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക