Image

ജര്‍മനിയില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ചു

ജോസ്‌ കുമ്പിളുവേലില്‍ Published on 23 March, 2012
ജര്‍മനിയില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ചു
ഹാംബുര്‍ഗ്‌: ജര്‍മനിയിലെ തുറമുഖപട്ടണമായ ഹാംബുര്‍ഗില്‍ ഉത്തരേന്ത്യക്കാരിയായ നവവധു കുത്തേറ്റു മരിച്ചു. പത്തൊന്‍പതുകാരിയായ നാന്‍സിയാണ്‌ കൊല്ലപ്പെട്ടത്‌. നാന്‍സിയുടെ മുന്‍ കാമുകനായ കാക എന്ന പതിനെട്ടുകാരനാണ്‌ ആക്രമണം നടത്തിയത്‌. ഇയാളും ഇന്ത്യക്കാരനാണ്‌.

നാന്‍സി രണ്‌ടുവര്‍ഷം മുന്‍പാണ്‌ ജര്‍മനിയില്‍ എത്തിയത്‌. ഓഫീസ്‌ മാനേജ്‌മെന്റ്‌ പഠനം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനിയായ നാന്‍സി മാതാവിനൊപ്പം ഹാംബുര്‍ഗിലാണ്‌ താമസം. നാന്‍സിയും കാകയും തമ്മില്‍ രണ്‌ടുവര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ്‌ പോലീസിന്റെ വെളിപ്പെടുത്തല്‍. അഭയാര്‍ഥി വീസയിലാണ്‌ കാക ജര്‍മനിയില്‍ എത്തിയത്‌. മുന്‍വൈരാഗ്യമാണ്‌ കൊലയ്‌ക്കു പിന്നിലെന്ന്‌ പോലീസ്‌ പറഞ്ഞു.

നാന്‍സിയുടെ മാതാപിതാക്കള്‍ കാകയുമായുള്ള അടുപ്പത്തെ ചോദ്യംചെയ്‌തിരുന്നു. ഒടുവില്‍ തങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന്‌ നാന്‍സി പ്രണയം ഉപേക്ഷിച്ചിരുന്നതായി നാന്‍സിയുടെ മാതാവ്‌ രേഖ പരംജിത്‌ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്‌ട്‌. തുടര്‍ന്ന്‌ ഈ വര്‍ഷം ഫെബ്രുവരിയില്‍ നാന്‍സിയുടെ വിവാഹം നടത്തിയിരുന്നു. ഇന്ത്യക്കാരനാണ്‌ വരന്‍. എന്നാല്‍ വിവാഹശേഷം നാന്‍സി ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മുന്‍ കാമുകനുമായി വീണ്‌ടും അടുക്കുകയുമായിരുന്നു. ഇതിനെതിരെ മാതാപിതാക്കാള്‍ ഹാംബുര്‍ഗ്‌ കോടതിയില്‍ പരാതി നല്‍കുകയും പോലീസ്‌ ഇരുവരെയും വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന്‌ നാന്‍സി കാമുകനെ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നതായി മാതാപിതാക്കള്‍ പോലീസിനോട്‌ വെളിപ്പെടുത്തി. പിന്നീട്‌ ഭര്‍ത്താവുമായി രമ്യതയിലെത്തുകയും ചെയ്‌തു.

എന്നാല്‍ നാന്‍സി തന്നില്‍ നിന്നു വീണ്‌ടും അകന്നശേഷം കാമുകന്‍ കാക നിരന്തരം നാന്‍സിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിയ്‌ക്കുകയും എസ്‌എംഎസ്‌ അയക്കുകയും ചെയ്‌തിരുന്നു. ഇതിനൊന്നും മറുപടി കിട്ടാതെ വന്നപ്പോള്‍ കുപിതനായ കാമുകന്‍ ഹാംബുര്‍ഗ്‌ നഗരത്തിലെ ടണലിലെ നടവഴിയില്‍ വെച്ച്‌ നാന്‍സിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഘാതകനെ നാട്ടുകാരാണ്‌ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്‌. കുത്താനുപയോഗിച്ച കറി കത്തിയും പോലീസ്‌ കണ്‌ടെടുത്തിട്ടുണ്‌ട്‌.

നെഞ്ചിലും വയറ്റിലുമായി നിരവധി കുത്തുകളേറ്റാണ്‌ നാന്‍സി മരിച്ചത്‌. സംഭവം കണ്‌ടുനിന്ന ആരോ പോലീസില്‍ അറിയിച്ചതിനെതുടര്‍ന്ന്‌ പോലീസും ആംബുലന്‍സും എത്തി നാന്‍സിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതി കാകയെ കോടതില്‍ ഹാജരാക്കി.
ജര്‍മനിയില്‍ ഇന്ത്യന്‍ യുവതി കുത്തേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക