Image

ജര്‍മനിയില്‍ നായ്‌ക്കളെ വളര്‍ത്താന്‍ തിയറി-പ്രാക്‌റ്റിക്കല്‍ പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 23 March, 2012
ജര്‍മനിയില്‍ നായ്‌ക്കളെ വളര്‍ത്താന്‍ തിയറി-പ്രാക്‌റ്റിക്കല്‍ പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നു
ബര്‍ലിന്‍: തിയറിയും പ്രാക്‌റ്റിക്കലും പാസാകാന്‍ ഇതെന്താ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ ടെസ്റ്റോ എന്നു ചോദിച്ചിട്ടൊന്നും കാര്യമില്ല. ജര്‍മനിയില്‍ നായയെ വളര്‍ത്തണമെങ്കില്‍ ഇനി തിയറിയും പ്രാക്‌റ്റിക്കലും പാസായേ മതിയാകൂ.

2013 മുതല്‍ ഇതിന്‌ നിയമപ്രാബലമുണ്‌ടാവും. വെറുതേയങ്ങു പോയി പരീക്ഷയെഴുതി ജയിക്കാമെന്നു കരുതണ്‌ട. നൂറുകണക്കിനു യൂറോ ഇതിനു ചെലവു വരും. പാസായി ലൈസന്‍സ്‌ എടുക്കാത്തവര്‍ക്ക്‌ മേലില്‍ നായയെ വളര്‍ത്താന്‍ അനുവാദമുണ്‌ടായിരിക്കുന്നതല്ല. തിയറിയും പ്രാക്‌ടിക്കലും ഉള്‍പ്പടെ ഏതാണ്‌ട്‌ 500 യൂറോയോ അതിലധികമോ ചെലവുവരും.

നായകളെയും മറ്റു വളര്‍ത്തുജീവികളെയും സൂക്ഷിക്കുന്നതിന്‌ അവയെക്കുറിച്ചുള്ള അടിസ്ഥാനകാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന നിയമം ലോവര്‍ സാക്‌സണി കഴിഞ്ഞ വര്‍ഷം തന്നെ പാസാക്കിയിരുന്നു. ഇതിന്റെ കുറച്ചുകൂടി കര്‍ക്കശമായ രൂപമാണ്‌ ബര്‍ലിന്‍ പാസാക്കാന്‍ പോകുന്നത്‌.

ഡോഗ്‌ ഓണര്‍ നിയമങ്ങളെക്കുറിച്ചും നായയുടെ പ്രാഥമിക ആവശ്യങ്ങളെക്കുറിച്ചുമായിരിക്കും തിയറി പരീക്ഷ. വളര്‍ത്തുമൃഗം അപകടകാരിയല്ലെന്നും അതിനെ ഉടമയ്‌ക്കു പൂര്‍ണമായി നിയന്ത്രിക്കാന്‍ സാധിക്കുമെന്നും വെറ്ററിനേറിയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പ്രാക്‌റ്റിക്കല്‍ പരീക്ഷയില്‍ തെളിയിക്കുകയും വേണം.

ലോവര്‍ സാക്‌സണിയില്‍ ഇത്തരം ലൈസന്‍സ്‌ എടുക്കുന്നതിന്‌ 350 യൂറോ മുതല്‍ 550 യൂറോ വരെ ഈടാക്കുന്നുണ്‌ട്‌. വളര്‍ത്തുജീവിയുടെ വിലയ്‌ക്കനുസരിച്ച്‌ ലൈസന്‍സ്‌ ഫീസിലും വ്യത്യാസും വരും. 2003 മുതല്‍ രണ്‌ടു വര്‍ഷക്കാലം നായ വളര്‍ത്തി പരിചയം ഉണ്‌ടെന്നു തെളിയിച്ചാല്‍ ഇവര്‍ക്ക്‌ സാമ്പത്തിക പരിഗണന നല്‍കി ഇളവ്‌ അനുവദിക്കും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വളര്‍ത്തു നായ്‌ക്കളുടെ ആക്രമണത്തില്‍ ഉണ്‌ടായ വര്‍ധനയാണ്‌ പുതിയൊരു നിയമത്തിന്‌ വഴിതെളിക്കുന്നത്‌. 2009-10 കാലഘട്ടത്തില്‍ 44 പേര്‍ എന്നുള്ള കണക്ക്‌ 704 ആയി വര്‍ധിച്ചത്‌ സര്‍ക്കാരിന്‌ തലവേദനയാവുന്നുണ്‌ട്‌. ആറു ശതമാനത്തില്‍ നിന്ന്‌ 30 ശതമാനമായി അക്രമണസംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണം നായവളര്‍ത്തുഹോബിക്കാര്‍ക്ക്‌ തിരിച്ചടിയാവും. അതുതന്നെയല്ല ആക്രമണകാരികളായ വളര്‍ത്തുനായകള്‍ക്ക്‌ മുഖാവരണം ധരിപ്പിച്ചു മാത്രമേ പുറത്തിറക്കാവൂ എന്ന നിയമവും നിലവിലുണ്‌ട്‌.
ജര്‍മനിയില്‍ നായ്‌ക്കളെ വളര്‍ത്താന്‍ തിയറി-പ്രാക്‌റ്റിക്കല്‍ പരീക്ഷകള്‍ നിര്‍ബന്ധമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക