Image

വിവാദമായ സര്‍ക്കുലര്‍ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു

Published on 29 April, 2018
വിവാദമായ സര്‍ക്കുലര്‍ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു
വീട്ടില്‍ കക്കൂസ് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ സൗജന്യ അരിയില്ലെന്ന വിവാദ സര്‍ക്കുലര്‍ പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി മരവിപ്പിച്ചു. തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നില്ലെന്നും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നില്ലെന്നുമുള്ള ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇനി സൗജന്യ അരിവിതരണം ഇല്ലെന്നാണ് കിരണ്‍ ബേദി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.

സര്‍ക്കുലര്‍ വിവാദമായതോടെ രാത്രിയാണ് ഉത്തരവ് മരവിപ്പിച്ചതായി കിരണ്‍ ബേദി അറിയിച്ചത്. കൂടാതെ തന്റെ ഉത്തരവ് എല്ലാവരും തെറ്റായാണ് വ്യാഖ്യാനിച്ചതെന്നും കിരണ്‍ ബേദി ട്വിറ്ററില്‍ കുറിച്ചു.
ജൂണോടുകൂടി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെ മലമൂത്രവിസര്‍ജ്ജനത്തില്‍ നിന്നും മുക്തമാക്കണം എന്നാണ് ഉത്തരവിലൂടെ ഞാന്‍ ഉദ്ദേശിച്ചത്. ഉത്തരവില്‍ ആശങ്കയുണ്ടായതിനാല്‍ താന്‍ അത് മരവിപ്പിക്കുകയാണെന്നും കിരണ്‍ ബേദി പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാനും പരിസരം ശുചിയാക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതായും കിരണ്‍ ബേദി പറഞ്ഞു.
സൗജന്യ അരി വേണമെന്നുള്ളവര്‍ എംഎല്‍എയും സിവില്‍ സപ്ലൈസ് കമ്മീഷണറും സംയുക്തമായി നല്‍കുന്ന ശുചിത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാന ജനകീയ പദ്ധതികളിലൊന്നാണ് സൗജന്യ അരിവിതരണം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് പദ്ധതിവഴി സൗജന്യമായി അരി ലഭിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക