ന്യൂഡല്‍ഹി: ഡൗ കെമിക്കല്‍സ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടന്‍ ഒളിംപിക്സ് ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കായികമന്ത്രി അജയ് മാക്കന്. ഭോപ്പാല്‍ വാതകദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കല്‍സിനെ ഒളിംപിക്സ് സ്പോണ്സര്ഷിപ്പില് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ച തുടരുകയാണെന്നും മാക്കന് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ള ആശങ്ക ഐഒസിയെ അറിയിച്ചിട്ടുണ്ടെന്നും മാക്കന് പറഞ്ഞു. ഡൗ കെമിക്കല്‍സ് വിവാദവുമായി ബന്ധപ്പെട്ട് ഐഒസിയ്ക്ക് മൂന്ന് കത്തുകള്‍ അയച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ച്, 13, 14 തീയതികളിലാണ് കത്തയച്ചത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ട് പരിശോധിക്കാം. ഒളിംപിക്സില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ താരങ്ങള്‍ കഠിന പരിശീലനത്തിലാണെന്നും മാക്കന് പറഞ്ഞു.