ഗ്രാമവും ചുമടുതാങ്ങിയും (പഴമയും പുതുമയും-4) എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
EMALAYALEE SPECIAL
31-Mar-2018
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
EMALAYALEE SPECIAL
31-Mar-2018
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്

'Why these old stones are placed on the side of this road'
നാട്ടിലേക്കുള്ള ഒരു യാത്രയില്‍ എന്റെ പിതൃ ഭവനത്തിലേക്കു് പോകവേ (ഞാന്‍ ജനിച്ച വീട്) കാറിലിരുന്നു് എന്റെ മകന്‍ ഉന്നയിച്ച ഈ ചോദ്യത്തില്‍ ഞാന്‍ വേദനയോടെ അവനു മറുപടി നല്‍കിയെങ്കിലും ഗതകാല സ്മരണകളിലൂടെ എന്റെ മനം ഊളിയിട്ടു. ഈ കഥാതന്തുവിലേക്കുള്ള വഴി തുറന്നു.
കാല്‍നടക്കാര്‍ നന്നേ വിരളമായി ഇന്നു കാണുന്ന എന്റെ ഗ്രാമത്തിലെ നാല്‍ക്കവല. ഓര്‍മ്മകള്‍ അഞ്ചു ദശകങ്ങള്‍ക്കപ്പുറത്തേക്കു പാളിപ്പോകുന്നു. വെട്ടുകല്ലില്‍ കെട്ടിയുയര്‍ത്തി ഓടിട്ടതും, കട്ടകെട്ടിയതും ചാണകം മെഴുകിയ പൊക്കമുള്ള തിണ്ണകളുള്ള ഓലപ്പുരകളും ഇന്നു് കോണ്‍ക്രീറ്റുകെട്ടിടങ്ങള്‍ക്കു വഴിമാറിക്കഴിഞ്ഞു. തലച്ചുമടുകാരെ എങ്ങുമേ കാണുവാനില്ല. മൈലുകള്‍ താണ്‍ടി കാല്‍നടയായി വഴിപോക്കര്‍ നടക്കുന്നത് അന്നു നിത്യസംഭവം. സര്‍ക്കാര്‍ജോലി പട്ടണത്തിലുള്ളവര്‍ക്കുമാത്രം വിധിക്കപ്പെട്ട കാലം.
അനാഥമായി, നോക്കുകുത്തിപോലെ, വാര്‍ദ്ധക്യത്തിന്റെ വൈക്ലബ്യവുമായി, കരിങ്കല്ലില്‍ വെട്ടിയെടുത്ത, നിറംമങ്ങിയ ആ പുരാവസ്തു, വിതുമ്പുന്ന വിളര്‍ത്ത വദനവുമായി, വഴിപോക്കര്‍ക്കൊരു വഴിമുടക്കായി വഴിയരികില്‍ നില്‍ക്കുന്ന ആ കരിങ്കല്‍ക്കോലത്തെ ആരുംതന്നെ ശ്രദ്ധിക്കുന്നതേയില്ല. ബസുകളും കാറുകളും ലോറികളും വല്ലപ്പോഴും എത്തിനോക്കിയിരുന്ന, മഴക്കാലത്തു കുണ്ടും കുഴിയും ആയ റോഡുള്ള ഒരു നാട്ടിന്‍പുറം. നാലും അഞ്ചും അതിലധികവും മൈലുകള്‍ നടന്നുുള്ള വിദ്യാലയവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതും ചുരുക്കം ചിലര്‍മാത്രം.
കലാലയവിദ്യാഭ്യാസം ലഭ്യമാകുന്നവര്‍ അംഗുലീപരിമിതം. കൃഷിയും കച്ചവടവും സാമാന്യജനത്തിന്റെ ഉപജീവനമായിത്തീരുമ്പോള്‍ കുടിയാ•ാരും ജ•ികളും എന്ന അന്തരത്തിലെ അകലവും വലുതായിരുന്നു. കൃഷിയിടങ്ങളിലെ വിളകള്‍ ഗ്രാമാതിര്‍ത്തിയിുള്ള ആഴ്ചച്ചന്തയില്‍ എത്തിച്ചെങ്കിലേ വിപണനം നടക്കുമായിരുന്നുള്ളു. വെള്ളിയും ചൊവ്വായും ആയിരുന്നു എന്റെ നാട്ടിന്‍പുറത്തെ ആഴ്ചച്ചന്തകള്‍. ആറേഴു മൈലുകള്‍കമുള്ള ആ പ്രധാന കച്ചവടസ്ഥലത്തേക്കു് കൃഷിവിളകള്‍ തലച്ചുമടായി മാത്രമേ കൊണ്‍ടുുവരുവാന്‍ നിവൃത്തിയുണ്‍ടായിരുന്നുള്ളു. ഇടുങ്ങിയ ചെമ്മണ്‍ പാതയോരങ്ങള്‍, വയല്‍വരമ്പുകള്‍, വലിയതോടും ചെറിയതോടും, ഇടുങ്ങിയ ശാന്ത സുന്ദരമായ ശാലീനഗ്രാമപ്പാതകള്‍, അല്പം വീതിയുള്ള വഴികളില്‍ക്കൂടി കുടമണിതൂക്കിയ കാളകള്‍ വലിക്കുന്ന കാളവണ്‍ടികള്‍ ഭാരം വഹിച്ചുകൊണ്‍ടുു വല്ലപ്പോഴും പോയിരുന്ന കടകടശബ്ദം, കാളപൂട്ടും, കൂക്കുവിളികളും, കലമ്പലുകളും, കിളിനാദങ്ങളും ഒക്കെക്കൂടി സ്വര്‍ഗ്ഗീയ ശാന്തത ഓളം വെട്ടുന്ന ഗ്രാമപ്രശാന്തി. പ്രഭാതം മുതല്‍ പ്രദോഷം വരെ ഉച്ചവെയിലില്‍ ഒറ്റത്തോര്‍ത്തുമുണ്‍ടും തലപ്പാളയുമായ് നിന്നു പാടത്തും പറമ്പിലും പണിചെയ്യുന്ന തൊഴിലാളിയുടെ ദിവസക്കൂലി എട്ടണ അഥവാ അര രൂപ. വീട്ടുജോലികള്‍ മുഴുവന്‍ ചെയ്തു്, വീട്ടുകാരുടെ ശകാരവര്‍ഷങ്ങളും ഏറ്റ് അടിമയെപ്പോലെ കൂടെ താമസിക്കുന്ന വീട്ടുവേലക്കാര്‍ക്കു് മാസശമ്പളം രണ്‍ടു രൂപ മുതല്‍ അഞ്ചു രൂപവരെയായിരുന്ന കാലം. ഒറ്റമുണ്‍ടുടുത്ത്, തലയില്‍ ഓലച്ചുമ്മാടോ തോര്‍ത്തുചുമ്മാടോ വച്ച് വലിയ ചുമട്ടുകുട്ടകള്‍ നിറയെ നെല്ല്, തേങ്ങാ, കാച്ചില്‍, ചേമ്പ്, വാഴക്കുലകള്‍ എന്നു തുടങ്ങി കൃഷിയിടങ്ങളില്‍ നിന്നും സംഭരിച്ച വിളകള്‍ മൈലുകള്‍ താണ്‍ടി, വിയര്‍ത്തൊലിച്ച് ആഴ്ചച്ചന്തകളിലേക്കുള്ള തീര്‍ത്ഥയാത്ര. തിരികെവരുന്നത് ആ ആഴ്ചത്തേക്കുള്ള പലവ്യഞ്ജനങ്ങള്‍, ചട്ടി, കലം മുതലായവ വാങ്ങിയാണു്. തിളയ്ക്കുന്ന വെയിലിലൂടെ വിയര്‍ത്തൊലിച്ച നടത്തത്തില്‍ ആ ഭാരം ഒന്നിറക്കിവച്ച് ആശ്വസിക്കാനുള്ള ഇടത്താവളമായിരുന്നു നാല്‍ക്കവലകളില്‍ ഒരാള്‍ പൊക്കത്തിലുള്ള രണ്‍ടു കരിങ്കല്‍ത്തൂണുകളില്‍ ഉറപ്പിച്ച, രണ്ടടി വീതിയിലും നാലഞ്ചു ചുമടുകള്‍ ഇറക്കിവയ്ക്കാന്‍നീളത്തിലുമുള്ള കരിങ്കല്‍ത്താങ്ങ്, പാവം ചുമടുതാങ്ങി. ചുമടു് ഇറക്കിവയ്ക്കുവാനും തിരികെ തലയില്‍ വയ്ക്കുവാനും മറ്റൊരാളെ ആശ്രയിക്കാതെ ചുമടുതാങ്ങി ആ ജോലി നിര്‍വഹിച്ചുപോന്നു. എത്ര ആയിരങ്ങളുടെ ഭാരം വഹിച്ച്, ക്ഷീണം ആറ്റി ആരോടും പരിഭവമില്ലാതെ വഴിത്തലയ്ക്കലെ വഴിയമ്പലമായ ചുമടുതാങ്ങിയെ ഇന്നു് ആരോര്‍ക്കുന്നു? ചുമടിറക്കിവച്ച്, തോളിലിട്ടിരുന്ന തോര്‍ത്തെടുത്തു വിയര്‍പ്പൊപ്പി, സമീപമുള്ള ചായക്കടയില്‍നിന്നൊരു ചായയോ കട്ടന്‍ കാപ്പിയോ കുടിച്ച് ക്ഷീണം ആറ്റി വീണ്‍ടും യാത്ര തുടരുന്നു. ആഴ്ച്ചച്ചന്തകളിലെന്നല്ല, ഒറ്റ ദിവസം പോലും ചുമടുതാങ്ങിയുടെ തലയില്‍ ചുമടൊഴിഞ്ഞൊരു നേരയില്ല. ചുമടുതാങ്ങിയുടെ കാലുകളില്‍ ചാരിയിരുന്നു ക്ഷീണമാറ്റിയും താഴെയുള്ള തണലില്‍ വിശ്രമിച്ചും ആ ഗ്രാമത്തിലെ കര്‍ഷക തീര്‍ത്ഥാടകര്‍ക്കു് ആ അത്താണി സാന്ത്വനമായി. വൈകുന്നേരങ്ങളില്‍ യുവാക്കള്‍ക്കു്് അതൊരു വിനോദകേന്ദ്രമായി.
സന്ധ്യാനേരങ്ങളില്‍ ജോലിയൊഴിഞ്ഞ ഗൃഹസ്ഥര്‍ക്കു് അതൊരു വിശ്രമകേന്ദ്രമായി.
നാലഞ്ചുമൈലുകള്‍ അകലെയുള്ള ഗവര്‍മ്മെന്റാശുപത്രിയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് എന്റെ ഗാമത്തിലെ ഏക ആതുരാലയം. രോഗമെന്നത് കേഴ്‌വിയില്ലാത്ത ഒരു കാലം. വീടുനിറയെ കുട്ടികള്‍. ഏവരും അവരവര്‍ക്കാകുന്ന ജോലികള്‍ ചെയ്തു, അമ്മയുണ്‍ടാക്കുന്ന ഭക്ഷണം നിര്‍ബന്ധമൊന്നുമില്ലാതെ കഴിച്ചു, പുഴയില്‍പ്പോയി കുളിച്ചു, മൈലുകള്‍ താണ്‍ടി വിദ്യാലയത്തില്‍ നഗ്നപാദരായി. നടന്നുപോയി പഠിച്ചു. വല്ലപ്പോഴും പനി വരുന്നതൊഴിച്ചാല്‍ അസുഖമായി ആരും കിടക്കുന്ന ഓര്‍മ്മയേയില്ല. പനിവന്നാല്‍ ചക്കരക്കഷായം, കാലുവേദന വന്നാല്‍ ധന്വന്തരം കുഴമ്പിട്ടു തിരുമ്മി ചുടുപിടിക്കും. തലയില്‍ മുറിവുണ്‍ടായാല്‍പ്പോലും കരിപ്പെട്ടിയും കാപ്പിപ്പൊടിയും കുഴച്ചു മരുന്നു വച്ചാല്‍ പെട്ടെന്നു കരിഞ്ഞിരുന്നു. മറിഞ്ഞുവീണു രക്തം വാര്‍ന്നാലും പച്ചിലയുടെ നീരെടുത്ത് കെട്ടി വച്ചാല്‍ അടുത്ത ദിവസം ഉണങ്ങിത്തുടങ്ങും. നാട്ടുവൈദ്യം നാടിന്റെ ആരോഗ്യം നിലനിര്‍ത്തി. ഉമിക്കരിയും ഉപ്പും കുരുമുളകും കൂട്ടി അമര്‍ത്തി പല്ലു തേച്ചു, പല്ലുവേദനയും പല്ലുകെട്ടിക്കലും ഒന്നും കേള്‍ക്ക0നേയില്ലായിരുന്നു. വീട്ടിനുള്ളിലെ അടുക്കളകളായിരുന്നു മിക്കപ്പോഴും നാട്ടുമ്പുറത്തെ ഈറ്റില്ലം, വയറ്റാട്ടിമാരുടെ വിദഗ്ദ്ധകരങ്ങളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ സുരക്ഷിതരായി ഭൂജാതരായി. പാമ്പറും ജട്ടിയും ഒന്നും അവരെ വീര്‍പ്പുമുട്ടിക്കാതെ, സഹോദരവൃന്ദത്തിന്റെ സൗഹൃദവും ലാളനകളും ആവോളം ആസ്വദിച്ച്, ആധുനികതയുടെ അധികപ്പറ്റില്ലാതെ, ബേബിഫുഡ്ഡും കുപ്പിപ്പാലും കാണാതെ അമ്മയുടെ മുലപ്പാലിലും വീട്ടിലുണ്‍ടാക്കുന്ന ഭക്ഷണത്തിലും, ട്രിപ്പിള്‍ ഷോട്ട് എന്ന പേരുപോലും കേള്‍ക്കാതെ ആരോഗ്യത്തോടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു
വര്‍ഷങ്ങള്‍ കൊഴിഞ്ഞു. ചെമ്മണ്‍പാതകള്‍ ടാറിട്ട റോഡുകളായി. റോഡ് അല്പം ഉയര്‍ന്നു് നിരപ്പായി. റോഡില്‍ കാറൊഴിഞ്ഞ നേരമില്ല. കാല്‍നടക്കാര്‍ പുരാവസ്തുക്കളായി. വലിയതോട്ടില്‍ പാലമുയര്‍ന്നു. പാടങ്ങള്‍ പലതും നിരത്തപ്പെട്ടു, കെട്ടിടങ്ങള്‍ ഉയര്‍ന്നു, പല പാടങ്ങളും തരിശുഭൂമികളായി. കൊയ്ത്തുമെതിക്കളങ്ങളും, കളപ്പുരകളും, കളീലുകളും, കന്നുകാലികള്‍ നിറഞ്ഞുനിന്ന എരിത്തിലുകളും കാര്‍പ്പോര്‍ച്ചുകള്‍ക്കു തീറെഴുതിക്കഴിഞ്ഞു. തലച്ചമടുകാരുടെ മക്കള്‍ വിദ്യാഭ്യാസം നേടി പട്ടണങ്ങളിലേക്കും ഗള്‍ഫ്, അമേരിക്ക തുടങ്ങിയ വിദൂര പാശ്ചാത്യ ദേശങ്ങളിലേക്കും ചേക്കേറി. പാലും, നെയ്യും, തൈരും, മുട്ടയും മില്‍മാ ബൂത്തുകള്‍ കയ്യടക്കി. കൃഷിസ്ഥലങ്ങളില്‍ കൃഷിചെയ്യാനാളില്ലാതായി, വെള്ളവും വളവും കാണാതെ വരണ്ടു വിണ്ടുകീറുന്ന കൃഷിഭൂമികള്‍ ! വയലിലെ നെല്‍ക്കൃഷി എങ്ങോ മാഞ്ഞു പോയി, വിളറി വെളുത്ത, എയ്ഡ്‌സ് ബാധിച്ചതുപോലെ ശോഷിച്ച മണ്‍ടകളുള്ള കേരവൃക്ഷങ്ങള്‍ കേരളമെന്ന പുരസ്സര നാമത്തിലെ പുഴുക്കുത്തുകളായ് കാണപ്പെടുന്നു.
പഴയ തറവാടുകള്‍ പലതും ചിതലിനും കൂമനും കേളീരംഗങ്ങളായി പലതും അടച്ചുപൂട്ടപ്പെട്ടും, കൃഷിയിടങ്ങള്‍ പുല്ലുകള്‍ വളര്‍ന്നും, അങ്ങിങ്ങായി റബ്ബര്‍ത്തോട്ടങ്ങള്‍ വളര്‍ന്നും കാണപ്പെടുന്നു. തറവാടുകളുടെ പേരു പോലും ആധുനീകരിച്ച് വില്ലകളും, മക്കളുടെ പേരു ചേര്‍ത്ത് സദന്‍, ഭവന്‍, കോട്ടേജ് എന്നൊക്കെ അറിയപ്പെടുന്നു, തലച്ചുമടുകാരെയാരെയും തന്നെ കാണുവാനില്ല. തലച്ചുമട് ഇന്നു് അപമാനമാണു്. തമ്പ്രാക്ക•ാരും അടിയാ•ാരും തമ്മിലുള്ള അന്തരം ചുരുങ്ങി. തമ്പ്രാന്‍ വിളി അപ്രത്യക്ഷമായി അപ്രത്യക്ഷമായി , അങ്കിള്‍, സാര്‍, എന്നൊക്കെയായി. നാലക്ഷരം പഠിച്ചാല്‍ കൃഷിയും വീട്ടുജോലികളും കുറച്ചിലാണു്. മലയാളം മീഡിയം ക്ലാസുകള്‍ കുട്ടികളില്ലതെ കേഴുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്കു് പാന്‍സും, ഷര്‍ട്ടും, കഴുത്തിറുക്കുന്ന ടൈയും കെട്ടിയ ആണ്‍കുട്ടികളും, പാന്‍സോ, ചുരിതാറോ, സ്‌കേര്‍ട്ടോ ഇട്ട പെണ്‍കുട്ടികളും എടുക്കാന്‍ മേലാത്ത പുസ്തകക്കെട്ടും, ട്യൂഷനുവേമ്പടിയുള്ള നെട്ടോട്ടവുമായി തല്ലിപ്പഴുപ്പിക്കപ്പെടുന്നു. ഓരോ കുട്ടിയും പുറംനാടുകളിലേക്കുള്ള കയറ്റുമതിക്കായി ജനനം മുതലേ ഒരുക്കപ്പെടുന്നു.
ഗ്രാമത്തിന്റെ തലമൂത്തവര്‍ അധികവും കാലയവനികയില്‍ മറഞ്ഞുപോയി. അങ്ങിങ്ങായിക്കാണുന്ന കെട്ടിപ്പൊക്കിയ മട്ടുപ്പാവുകളില്‍ കാവല്‍ക്കാരെപ്പോലെ ചില വൃദ്ധര്‍ ദൂരത്തെ മക്കളെയും സ്വപ്നം കണ്‍ട് കഴിഞ്ഞകാലസ്മരണകളെ അയവിറക്കിയും, കള്ളന്‍ വീട്ടില്‍ ഏതുനേരവും കടന്നുകയറി കഴുത്തറുത്തു കൊള്ളയടിച്ചേക്കുമെന്ന ഭയത്തിലും ദിവസങ്ങള്‍ തള്ളിനീക്കുന്നു.
കാളവണ്‍ടിയില്ല കാല്‍നടക്കാരില്ല,
കാലിത്തൊഴുത്തും കരയുന്നു മൂകമായ്
നാട്ടാശാ•ാര്‍ കുടിപ്പള്ളിക്കൂടങ്ങളും
ബാലവാടിക്കു വഴിമാറി മാഞ്ഞുപോയ്,
പാതവക്കത്തെ കരിങ്കല്ലിന്‍ കോലങ്ങള്‍
പണ്‍ടു പഥികര്‍ക്കത്താണി ചുമട്താങ്ങി,
ആര്‍ക്കും വേണ്‍ടാത്തൊരനാഥരാം വൃദ്ധര്‍ പോല്‍
നോക്കുമരം പോല്‍ വഴിവക്കില്‍ തങ്ങുന്നു.
വിതുമ്പുന്ന ഹൃദയത്തോടെ, അസംസ്‌ക്കൃത വസ്തുവായ് നിലകൊള്ളുന്ന ചുമടുതാങ്ങി ! വിങ്ങുന്ന തേങ്ങലോടെ തന്നെ അറിയാത്ത പുത്തന്‍ തലമുറയെ നോക്കി വ്യാകുലപ്പെടുന്നത് ആരറിയുന്നു? നമുക്കു നടന്നു നീങ്ങുവാന്‍ നമുക്കുവേണ്ടി നമ്മുടെ ഭാരങ്ങള്‍ വഹിച്ച ചുമടുതാങ്ങി ഇന്നു് അവഹേളനാപാത്രമായിത്തീരുന്നുവോ? നമുക്കുവേണ്‍ടി ത്യാഗങ്ങള്‍ സഹിച്ചു നമ്മെ നാമാക്കിത്തീര്‍ത്ത നമ്മുടെ മാതാപിതാക്കളും ഇന്നു ചുമടുതാങ്ങികളായി മാറുന്നുുവോ?
3,29,18 ………………

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments