Image

വിന്‍ഡോസ് 8 ഒക്ടോബറോടെ

Published on 20 March, 2012
വിന്‍ഡോസ് 8 ഒക്ടോബറോടെ
മൈക്രോസോഫ്ട് വിന്‍ഡോസിന്റെ പുത്തന്‍ പതിപ്പായ വിന്‍ഡോസ് 8 ന്റെ അവസാന മിനുക്കുപണികള്‍ ഈ വേനല്‍ക്കാലത്തോടെ പൂര്‍ത്തിയാകുമെന്നും, ഒക്ടോബര്‍ മാസത്തോടെ അത് വിപണിയിലെത്തുമെന്നും റിപ്പോര്‍ട്ട്. 

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് (ബീറ്റാപതിപ്പ്) മൈക്രോസോഫ്ട് അവതരിപ്പിച്ചിരുന്നു. 24 മണിക്കൂര്‍കൊണ്ട് പത്തുലക്ഷം തവണ വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെടുകയുണ്ടായി.

ഡെസ്‌ക്‌ടോപ്പുകളിലും ടച്ച്‌സ്‌ക്രീനുകളിലും ഒരേപോലെ പ്രവര്‍ത്തിക്കുന്ന ഒഎസ് ആണ് വിന്‍ഡോസ് 8. ഇന്റലിന്റെയും ആം ഹോള്‍ഡിങ്‌സിന്റെയും ചിപ്പുകളെ പിന്തുണയ്ക്കുന്നതായിരിക്കും വിന്‍ഡോസിന്റെ പുതിയ പതിപ്പ്.

ക്രിസ്മസ് സീസണില്‍ ഉപഭോക്തക്കളുടെ പക്കലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബറില്‍ പുതിയ വിന്‍ഡോസ് വിപണിയിലെത്തിക്കാന്‍ മൈക്രോസോഫ്ട് ശ്രമിക്കുന്നതെന്ന് 'ബ്ലൂംബര്‍ഗ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

കമ്പ്യൂട്ടിങിന്റെ ഭാവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപകരണങ്ങളാണ് ടാബ്‌ലറ്റുകള്‍. അത്തരം മൊബൈല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടുപോയ മൈക്രോസോഫ്ട്, ആ രംഗത്ത് പിടിമുറുക്കാനുദ്ദേശിച്ചാണ് വിന്‍ഡോസ് 8 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൊബൈല്‍ രംഗത്ത് ആധിപത്യമുള്ള ആം ചിപ്പുകള്‍ക്കുകൂടി യോജ്യമായ വിധത്തില്‍ വിന്‍ഡോസ് 8 ചിട്ടപ്പെടുത്തിയിരിക്കുന്നത് അതിന് തെളിവാണ്. 

എന്നാല്‍, ആപ്പിള്‍ അതിന്റെ മൂന്നാംതലമുറ ഐപാഡ് രംഗത്തെത്തിച്ചു കഴിഞ്ഞു. മൈക്രസോഫ്ടിന് വെല്ലുവിളി ഏറുകയാണെന്ന് സാരം. കഴിയുന്നതും വേഗം വിന്‍ഡോസ് 8 വിപണിയിലെത്തിക്കുകയാണ് നല്ലതെന്ന് മൈക്രോസോഫ്ടിനറിയാം. വൈകുന്തോറും സാഹചര്യങ്ങള്‍ കൂടുതല്‍ പ്രതികൂലമാകും.

പരമ്പരാഗത ഡെസ്‌ക്ടോപ്പില്‍ മൗസിനെയും കീബോര്‍ഡിനെയും പിന്തുണയ്ക്കുന്നതുപോലെ തന്നെ, ടച്ച്‌സ്‌ക്രീനിനെയും പിന്തുണയ്ക്കാന്‍ വിന്‍ഡോസ് 8 ന് സാധിക്കും. 2011 സപ്തംബര്‍ മുതല്‍ ഡെവലപ്പര്‍മാര്‍ക്ക് വിന്‍ഡോസ് 8 ന്റെ പരീക്ഷണപ്പതിപ്പ് ലഭ്യമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക