Image

രാജ്യസഭാ തെരഞ്ഞെടുപ്പ്: യെദിയൂരപ്പ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി

Published on 19 March, 2012
രാജ്യസഭാ തെരഞ്ഞെടുപ്പ്: യെദിയൂരപ്പ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി
ബാംഗളൂര്‍: കര്‍ണാടകയിലെ രണ്ടു രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ റിബല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി. മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബി.ജെ.പുട്ടസ്വാമിയാണ് ഈ മാസം 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യെദിയൂരപ്പയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു പുട്ടസ്വാമി. 

എന്നാല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതെന്ന് പുട്ടസ്വാമി പറഞ്ഞു. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം പത്ത് എംഎല്‍എമാരുടെ പിന്തുണ ഹാജരാക്കിയിട്ടുണ്‌ടെന്നും പുട്ടസ്വാമി പറഞ്ഞു. യെദിയൂരപ്പയുടെ അറിവോടെയാണോ നാമനിര്‍ദേശപത്രിക നല്‍കിയതെന്ന ചോദ്യത്തിന് പുട്ടസ്വാമി വ്യക്തമായ മറുപടി നല്‍കിയില്ല. 

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനൊപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനവും പുട്ടസ്വാമി രാജിവച്ചിട്ടുണ്ട്. നേരത്ത രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായി ബസവരാജ് പാട്ടീല്‍ സെദാം, ആര്‍.രാമകൃഷ്ണ എന്നിവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുട്ടസ്വാമി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക