Image

താഴ്മയും സൗമ്യതയും - തോമസ് ഫിലിപ്പ് റാന്നി

Published on 02 December, 2017
താഴ്മയും സൗമ്യതയും - തോമസ് ഫിലിപ്പ് റാന്നി
മനുഷ്യ സ്വഭാവത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ സ്വഭാവങ്ങളില്‍ ഒന്നാകുന്നു താഴ്മ. മനുഷ്യരെ ദേവന്മാരാക്കി മാറ്റുന്ന ഉദാത്തമായ ഈശ്വരസത്തയാണിത്. താഴ്മ എന്നു പറഞ്ഞാല്‍ ഒരു വക ബലഹീനതയോ അപകര്‍ഷതാബോധമോ പാവത്തപ്രകടനമോ ഭീരുത്വമോ ഒക്കെയാണെന്നാണ് അധികമാളുകളും ഇന്ന് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ പാദങ്ങള്‍ തൊട്ട് വന്ദിക്കുന്നതോ നിലത്തിരിക്കുന്നതോ വില കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് നടക്കുന്നതോ അല്ലതെന്നോര്‍ക്കുക. താഴ്മയും സൗമ്യതയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ആത്മശുദ്ധിയുടെയും മനുഷ്യത്വത്തിന്റെയും ഈശ്വര സാക്ഷാല്‍ക്കാരമാകുന്നു. സത്യവും വിശുദ്ധിയും പോലുള്ള ശക്തിയുണ്ട് ഇതിനും.
ലോകത്തില്‍ ജീവിച്ചിരുന്നതിലേക്കും ഏറ്റവും വലിയ താഴ്മയും സൗമ്യതയും ഉണ്ടായിരുന്ന ഏക വ്യക്തി ദൈവപുത്രനായ യേശുക്രിസ്തുവാകുന്നു. സര്‍വ്വലോകത്തിന്റെയും ഉടയവനായ ദൈവം തമ്പുരാന് ഒരു പശുത്തൊഴുത്തില്‍ തിരുഅവതാരം ചെയ്യുവാന്‍ തെല്ലും വൈമനസ്യം ഇല്ലായിരുന്നു. പെസഹാപ്പെരുന്നാളിന് മുന്‍പായി താന്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാല്‍കളെ കഴുകിതുടയ്ക്കുന്നതിനും യേശുവിന് യാതൊരു മാനക്കേടും ഇല്ലായിരുന്നു. ലോകചരിത്രത്തിലേക്കും ഏറ്റവും വലിയതാഴ്മ തന്റെ ശിക്ഷ്യന്മാരുടെ കാല്‍കളെ കഴുകിയ യേശുവിന്റെ ഈ സ്നേഹശുശ്രൂഷയല്ലാതെ മറ്റെന്താകുന്നു? ക്രിസ്തുവിന്റെ അനുയായികളെന്നഭിമാനിക്കുന്ന ഇന്നത്തെ ആത്മീയ നേതാക്കന്മാര്‍ക്കും സുവിശേഷ വേലക്കാര്‍ക്കും വീണ്ടും ജനനം പ്രാപിച്ച് ജീവിക്കുന്ന ദൈവമക്കള്‍ക്കും യേശുവിന്റെ ഈ താഴ്മയുടെ ആത്മാവില്‍ ജീവിക്കുവാന്‍ ഇന്ന് കഴിയുന്നുണ്ടോ? 'നിങ്ങളെത്തന്നേ ശോധന ചെയ് വിന്‍.'

ഉപദേശിക്കുകയും ഇല്‍ബോധിപ്പിക്കുകയും ചെയ്ത കാര്യങ്ങളെല്ലാം ലോകത്തിന്റെ മുന്‍പില്‍ പ്രാവര്‍ത്തികമാക്കി കാണിച്ച ഏക വ്യക്തിയും ലോകരക്ഷകനായ ക്രിസ്തുവാകുന്നു. ഇന്നത്തെ അധികം ആത്മീയ നേതാക്കന്മാരും സുവിശേഷ വേലക്കാരും യേശുക്രിസ്തു ചെയ്ത ശുശ്രൂഷകളൊന്നും മനുഷ്യര്‍ക്ക് ചെയ്യാതെ സുഖലോലുപതയിലും പ്രതാപങ്ങളിലും മുഴുകി ജീവിക്കയല്ലേ ചെയ്യുന്നത്? ക്രിസ്തീയ വിശ്വാസം മന്ദീഭവിച്ച് മുരടിച്ചു പോകാനുള്ള പ്രധാനകാരണം അധികം ആത്മീയ നേതാക്കന്മാരുടെ പ്രവൃത്തിയില്ലാത്ത പ്രസംഗങ്ങളും സ്നേഹമോ സേവനമോ കാരുണ്യമോ താഴ്മയോ മനുഷ്യത്വമോ ജീവിതത്തില്‍ ഇല്ലാത്ത ഉപരിവിപ്ലവമായ മതഭക്തിയുമാകുന്നു എന്നുള്ളതിന് സംശയം വേണ്ട. ദൈവത്തിനുവേണ്ടി ആത്മസമര്‍പ്പണം ചെയ്ത് ക്രിസ്തുവിന്റെ ആത്മാവില്‍ ജീവിക്കുന്ന എല്ലാ സത്യക്രിസ്തീയ വിശ്വാസികളും അന്യൂതമായ താഴ്മയും സൗമത്യതയുമുള്ളവരാകുന്നു. പ്രശസ്തനായ ഒരു ഹൈന്ദവ ഭക്തനും എഴുത്തുകാരനും ഇങ്ങനെ പറഞ്ഞു. 'A man of God is firmly grounded in humility and is filled with charity.'

യേശു പറഞ്ഞു ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിന്‍ എന്ന്. ക്രിസ്തുവിന്റെ അനുയായികളുടെ ചുമലിലുള്ള നുകം ഇന്നെന്താകുന്നു? സാക്ഷാല്‍ ക്രിസ്തുവിന്റെ താഴ്മയും സൗമ്യതയും തന്നെയാണോ അത്? എന്താകുന്നു ആത്മീയ നേതാക്കന്മാരുടെ ഇന്നത്തെ മുഖമുദ്ര? ഇന്നത്തെ അധികം ആത്മീയ നേതാക്കന്മാരും ദൈവം നല്‍കിയിരിക്കുന്ന സ്ഥാനമാനങ്ങളില്‍ ഉന്നതഭാവം പുലര്‍ത്തി ജീവിക്കുന്നവരല്ലേ?

യേശു ശിഷ്യന്മാരോട് പറഞ്ഞു നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസന്‍ ആകേണം. മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമത്രേ  വന്നത്' എന്ന്. ശുശ്രൂഷിപ്പാനും വിട്ടുവീഴ്ചകളും ത്യാഗങ്ങളും അനുഷ്ഠിച്ച് ജീവിക്കുവാനും ഇന്ന് ദൈവമക്കള്‍ തയ്യാറല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. പേരിനും പ്രശസ്തിക്കും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുമുള്ള കിടമല്‍സരങ്ങളും പോരാട്ടങ്ങളും തര്‍ക്കങ്ങളും കലഹങ്ങളും കേസ്സുകളുമൊക്കെ ഇന്ന് ക്രിസ്തീയ സഭകളെ അശുദ്ധമാക്കി ദൈവാത്മ ചൈതന്യമില്ലാത്ത ഭൗതിക പ്രസ്ഥാനങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
വിനയാന്വിതരായ മനുഷ്യര്‍ക്കു മാത്രമേ മറ്റുള്ളവരെ ആത്മാര്‍ത്ഥതയോടു കൂടി സ്നേഹിക്കുവാനും സേവിക്കുവാനും കഴിയുകയുള്ളൂ. മറ്റുള്ളവരെ രക്ഷിക്കുവാനും ദൈവത്തില്‍ നിന്നുമുള്ള കൃപകളും അനുഗ്രഹങ്ങളും പ്രാപിച്ച് ജീവിക്കുവാനും ആഗ്രഹിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ താഴ്മയുടെയും സൗമ്യതയുടെയും ആത്മാവില്‍ നാം ജീവിച്ചേ മതിയാകയുള്ളൂ.

ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ പരിലസിച്ചിരുന്ന പലരും പരിപൂര്‍ണ്ണമായ വിനയമുള്ളവരായിരുന്നു. ഇന്‍ഡ്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കല്‍ തന്റെ പൂന്തോട്ടത്തില്‍ കുഴികളെടുത്ത് ചെടികള്‍ വെച്ചു കൊണ്ടിരിക്കയായിരുന്നു. അപ്പോള്‍ കുറെയാളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് പ്രധാനമന്ത്രിയെ കാണാന്‍ വന്നതാണ് ഞങ്ങള്‍, ഈ വിവരം അദ്ദേഹത്തെ ഒന്നറിയിക്കാമോന്ന് ചോദിച്ചു. അല്‍പ്പനേരം കാത്തിരിക്കൂ, ഞാന്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരാമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവരെകൂട്ടിക്കൊണ്ട് അദ്ദേഹം വീട്ടിലേക്ക് പോയി. കൈ കാലുകളൊക്കെ കഴുകി ഒരു കുര്‍ത്തായും ഡോത്തിയും ധരിച്ചുകൊണ്ട് അദ്ദേഹം അവരുടെ മുന്‍പില്‍ വീണ്ടും പ്രത്യക്ഷനായി. പ്രധാനമന്ത്രിയെ കാണാന്‍ ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്ന വിവരം താങ്കള്‍ അദ്ദേഹത്തോട് പറഞ്ഞില്ലേ എന്ന് അവര്‍ അദ്ദേഹത്തോടു ചോദിച്ചു. നിങ്ങളെ കാണാനല്ല പ്രധാനമന്ത്രിയെ കാണാനാണ് ഞങ്ങള്‍ വന്നിരിക്കുന്നതെന്ന് പരിഭവത്തോട് അവര്‍ അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ ആ പൂന്തോട്ട വേലക്കാരന്‍ ഗൗരപൂര്‍വവം അവരോട് പറഞ്ഞു. ഞാന്‍ ആകുന്നു നിങ്ങളുടെ പ്രധാനമന്ത്രിയെന്ന്. നിങ്ങളാകുന്നുവോ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെന്ന് അല്‍ഭുതഭാവത്തോടു കൂടി അവര്‍ അദ്ദേഹത്തോട് ചോദിച്ചു. അതെ ഞാനാകുന്നു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ചിലര്‍ അദ്ദേഹത്തിന്റെ പാദം തൊട്ട് വന്ദിച്ചു. ചിലര്‍ തലകുനിച്ചു. മറ്റു ചിലര്‍ക്ക് ദയനീയത തോന്നി. തന്റെ പ്രവര്‍ത്തികള്‍ കാണാതെ പുറമേയുള്ള മോഡി കണ്ട് ലോകം എന്നെ പ്രധാനമന്ത്രിയായി അംഗീകരിക്കാതിരിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താന്‍ എപ്പോഴും ലളിതമായും വിനയാന്വിതനായും ജീവിക്കാനാണിഷ്ടപ്പെടുന്നതെന്നും ഇന്‍ഡ്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പോലും പ്രിയങ്കരനായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി അവരോട് പറഞ്ഞു. മനുഷ്യ ജീവിതത്തെ മഹത്വം കൊണ്ടലംങ്കരിച്ച് അതിനെ ശോഭായമാനവും ആനന്ദസന്ദായകവുമാക്കി മാറ്റുന്ന ദൈവാത്മ പ്രഭയാകുന്നു താഴ്മ. ദൈവസ്നേഹത്തിന്റെ യഥാര്‍ത്ഥ മുഖമുദ്രയും ഇതാകുന്നു. ഈ സല്‍ഗുണം എത്രമാത്രം മലയാളികളില്‍ ഇന്നുണ്ട്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക