Image

കറുത്തച്ചന്‍: രാജുമൈലപ്രാ

രാജുമൈലപ്രാ Published on 01 December, 2017
കറുത്തച്ചന്‍: രാജുമൈലപ്രാ
മൈലപ്രാ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ അഞ്ചാമത്തെ വികാരി, എന്റെ വല്യപ്പച്ചന്‍ പത്തനംതിട്ട മാക്കാംകുന്ന് കിഴക്കേ വീട്ടില്‍ പത്രോസ് കത്തനാര്‍. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കൊല്ലന്റയ്യത്ത് അച്ചന്‍, എന്റെ അമ്മയുടെ സഹോദരി ഭര്‍ത്താവായിരുന്നു. അങ്ങിനെ അപ്പന്റെയും അമ്മയുടേയും തായ്വഴിയില്‍ വിവിധ സഭകളില്‍പ്പെട്ട പുരോഹിതന്മാരും പാസ്റ്ററന്മാരും.

വല്യപ്പച്ചന്റെ പാതപിന്‍തുടരുവാന്‍ എനിക്കാണു നിയോഗമുണ്ടായത്. 'ഇവന്‍ സര്‍വഥ യോഗ്യന്‍' എന്നര്‍ത്ഥം വരുന്ന 'ഓക്സിയോസ്' ചൊല്ലി, കുടുംബക്കാരെല്ലാംകൂടി എന്നെ കസേരയിലെടുത്തു പൊക്കി.

പത്തനംതിട്ടയിലും പരിസരത്തുമുള്ള പട്ടക്കാരുടേയും, കപ്യാരന്മാരുടേയും കുപ്പായങ്ങള്‍ തയ്യിക്കുന്നത് ബ്രദറണ്‍ സഭക്കാനായിരുന്ന പുല്ലാഞ്ഞിവേലിക്കലെ ശമുവേലച്ചായനായിരുന്നു. അദ്ദേഹത്തെക്കൊണ്ട് എനിക്കൊരു കുപ്പായം തയ്പിച്ചു.

'കൈവെപ്പു' കിട്ടിയതിനു ശേഷം മാത്രമേ മദ്ബഹായില്‍ പ്രവേശിപ്പിക്കുകയുള്ളു. അന്നു മൈലപ്രാ പള്ളി ഉള്‍പ്പെട്ട തുമ്പമണ്‍ ഭദ്രാസനത്തലവന്‍, അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്തയായിരുന്നു.

പെരുന്നാളിനു തിരുമേനി എഴുന്നെള്ളും. തലേന്ന് വൈകീട്ട് അത്താഴം ഉപേക്ഷിച്ചു. കുപ്പായം ഒന്നുകൂടി ഇസ്തിരിയിട്ടു. ഞായറാഴ്ച അതിരാവിലെ തന്നെ, കിണറ്റിലെ തണുത്ത വെള്ളത്തില്‍ ഒരു കുളി പാസ്സാക്കി. നല്ല വസ്ത്രമൊക്കെ ധരിച്ച്, കുപ്പായം എടുക്കാന്‍ ചെന്നപ്പോള്‍, അതവിടെ കാണാനില്ല. വീടാകെ അരിച്ചു പെറുക്കി, നോ രക്ഷ.

കുപ്പായത്തോടൊപ്പം എന്റെ അനുജന്‍ ബാബുവിനേയും കാണാനില്ല. എത്ര സ്നേഹമുള്ള സഹോദരന്‍ എന്റെ കുപ്പായവും കൊണ്ട്, പള്ളിപ്പടിക്കല്‍ എന്നെയും കാത്തുനില്‍പ്പുണ്ടാവും.

പ്രത്യാശയോടും, പ്രതീക്ഷയോടും കൂടി ഞാന്‍ പള്ളിയലെത്തി. ബാബുവിനെ അവിടെ കാണാനില്ല. ഞാന്‍ പള്ളിയിലേക്ക് പ്രവേശിച്ചു. മദ്ബാഹായുടെ മുന്നില്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ ഞെട്ടിപ്പോയി. കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ. എന്റെ കുപ്പായവും ധരിച്ചുകൊണ്ട് ആ കള്ള റാസ്‌ക്കല്‍ തിരുമേനിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നു.

ജേഷ്ഠനായ ഏശാലിന്റെ വിശേഷവസ്ത്രം ധരിച്ച്, വൃദ്ധനും അന്ധനുമായിരുന്ന പിതാവ് ഇസഹാക്കിന്റെ പക്കല്‍ നിന്നും, അനുഗ്രഹങ്ങള്‍ അടിച്ചുമാറ്റിയ അനുജനായ യക്കോബിന്റെ കഥ എന്റെ മനസ്സില്‍ ഒരു ഫ്ളാഷ്ബാക്കടിച്ചു. റിബേക്കയെപ്പോലെ, എന്റെ അമ്മയ്ക്കും ഈ ചതിയില്‍ ഒരു പങ്കുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. ധൂപക്കുറ്റിയില്‍ നിന്നുമുയരുന്ന പുകയുടേയും, പള്ളിമണികളുടേയും അകമ്പടിയോടെ തിരുമേനിയുടെ പിന്നാലെ മദ്ബഹയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന ബാബുവിനെ കണ്ടപ്പോള്‍, പുരോഹിതനാകുവാനിരുന്ന എന്റെ മോഹം പൊലിഞ്ഞു.

ആറേഴു വര്‍ഷക്കാലം ബാബു മദ്ബഹായില്‍ വിശിഷ്ഠ സേവനം അനുഷ്ഠിച്ചു. പെസഹാ, ഈസ്റ്റര്‍, ക്രിസ്തുമസ് തുടങ്ങി രാത്രിക്കുര്‍ബാനയുള്ള അവസരങ്ങളില്‍ പള്ളിയിലാണു ശുശ്രുഷക്കാര്‍ ഉറങ്ങിരുന്നത്. ഈ അവസരങ്ങളില്‍ പത്തനംതിട്ട രാധാസിലേയും, വേണുഗോപാല്‍ ടാക്കീസിലേയും എല്ലാ സിനിമകളും അവര്‍ കണ്ടു. അസൂയയും, നിരാശയും, വിദ്വേക്ഷവുമെല്ലാം ഉമിത്തീപോലെ എന്റെ മനസ്സില്‍ നീറികൊണ്ടിരുന്നു. അവന്റെ കുപ്പായം ആരുമറിയാതെ കത്തിച്ചു കളഞ്ഞാലോ എന്നുവരെ ചിന്തിച്ചു. ഒരു പക്ഷേ അതു നരകത്തിലേക്കുള്ള എന്റെ പാസ്പോര്‍ട്ടാകുമോ എന്ന ഭീതിയല്‍ ഞാന്‍ ആ പദ്ധതി ഉപേക്ഷിച്ചു.

കാലം കടന്നു പോയി. കാലക്രമേണ ഞാന്‍ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടു.

ബാബുവിന് വൈദിക സെമിനാരിയില്‍ ചേരുവാനുള്ള പഠിപ്പും പ്രായവുമായി.

ഒരു ദിവസം ഞങ്ങളുടെ അമ്മ, ബാബുവിനെ അരികില്‍ വിളിച്ചു വളരെ സ്നേഹത്തോടെ പറഞ്ഞു.

'മോനേ! നീ അച്ചന്‍ പട്ടത്തിനു പോകേണ്ട.'

കാര്യം പിടി കിട്ടാതെ, കാര്യമെന്തെന്ന ഭാവത്തില്‍ അവന്‍ അമ്മയെ കണ്ണു മിഴിച്ചു നോക്കി.

'നീ അച്ചനായാല്‍ ആള്‍ക്കാരു നിന്നെ 'കറുത്തച്ചന്‍' എന്നു വിളിക്കും. നമ്മുടെ തെങ്ങുതയിലെ കൊച്ചച്ചനെ വിളിക്കുന്നതുപോലെ. നിനക്കതു വിഷമമാകും. അതുകൊണ്ട് നമുക്കതു വേണ്ടാ.'

ബാബു ഒന്നാലോചിച്ചു. സംഗതി ശരിയാണ്. തന്റെ നിറത്തിനു കറുപ്പിനോടാണു കൂടുതല്‍ ചായ്വ്. അതോടുകൂടി പട്ടക്കാരനാകുവാനുള്ള പദ്ധതി പാടേ ഉപേക്ഷിച്ചു.

*****************************************

ഈ കഴിഞ്ഞ മാസം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തപ്പോള്‍ ബാബുതന്നെ വെളിപ്പെടുത്തിയതാണ് ഈ സംഭവം.

'ചെറുപ്പകാലത്തെ എന്റെ അറിവില്ലായ്മ കൊണ്ടാണു അച്ചന്‍ ആകാന്‍ ആഗ്രഹിച്ചത്. ബാവാ തിരുമേനിയാക്കാമെന്നു പറഞ്ഞാലും ഇന്നെനിക്ക് ആ കോളു വേണ്ടാ.'

New York State Bank of Indiaയിലെ സൂപ്പര്‍വൈസറായ ബാബു മനസ്സു തുറന്നുചിരിച്ചു. ബാബുവിന്റെ ചിരിയില്‍ ഞാനും, എന്റെ ഭാര്യ പുഷ്പയും, വിന്‍സെന്റും പങ്കു ചേര്‍ന്നു.

ദൈവം എത്ര വലിയവന്‍ !


കറുത്തച്ചന്‍: രാജുമൈലപ്രാ
Join WhatsApp News
Reader 2017-12-01 09:49:06
പഴയ കല അനുഭവങ്ങളിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒരു വിവരണം. വലിയ അനുഭവം ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയിരിക്കുന്നു.
Idiculla Mathews 2017-12-01 09:52:50
കഥാപാത്രങ്ങൾ സത്യമാണോ അതോ ഭാവനയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിവരണം. ഞാനും ഭാര്യയും വായിച്ചു രസിച്ചു.
arakal abu 2017-12-01 09:56:18
ഒരു കൂതറ കഥ.
J.Mathew 2017-12-01 11:09:39
ദൈവം എത്ര വലിയവൻ.സഭയെ വലിയ ആപത്തിൽനിന്നും കാത്തതിന് ആയിരം നന്ദി.
Old timer 2017-12-01 12:09:04
"ചെറുപ്പ കാലത്തേ എന്റെ അറിവില്ലായ്മ കൊണ്ടാണ് അച്ചനാകാന് തീരുമാനിച്ചത്" - എത്ര സത്യം. പല അച്ചന്മാരുടെയും പ്രവർത്തി കാണുമ്പോൾ അവരുടെ അറിവില്ലായ്മ്മ കൊണ്ടാണ് ഈ വഴി തിരങ്ങെജെടുത്തതെന്നു തോന്നിപ്പോകും.
Born again Abraham 2017-12-01 16:14:39
I was also an altar boy dedicated to be a priest. We used to sleep in the church on Sat nights to prepare for Sunday service. I woke up one night and heard screaming and running steps. The scream was from the boys and the owner of the running steps was our Local vikari. That was my last day as an altar boy and priesthood. Now i am happily married leading a peaceful life.
Neighbor 2017-12-01 21:29:05
ബുദ്ധിമതിയായ അമ്മയുടെ ഇടപെടൽ മൂലം രാജുച്ചായനും ബാബുച്ചായനും പുരോഹിതർ ആയില്ല. ആ അമ്മയുടെ ദീർഖ ദൃഷ്ട്ടിക്കു മുന്നിൽ പ്രണാമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക