Image

രാസലീലയ്ക്കും പുതിയ പതിപ്പ് വരുന്നു

Published on 07 March, 2012
രാസലീലയ്ക്കും പുതിയ പതിപ്പ് വരുന്നു
കമല്‍ഹാസനും ജയസുധയും അഭിനയിച്ച് യുവഹൃദയങ്ങളെ കീഴടക്കിയ രാസലീല മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപഭാവത്തില്‍ പുതുതലമുറയ്ക്കു മുന്നിലെത്തുന്നു. നവാഗതനായ മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന്റെ പുതിയ പതിപ്പ് സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് പ്രധാനവേഷങ്ങളില്‍.

റീമേക്കുകളുടെ പുതിയ വിപണി ലക്ഷ്യമിട്ടാണ് രാസലീലയും എത്തുന്നത്. ഭരതന്റെയൊപ്പം പ്രവര്‍ത്തിച്ച മജീദ് മാറഞ്ചേരിയാണ് രാസലീലയുടെ സംവിധായകന്‍. 1975ല്‍ പുറത്തിറങ്ങിയ രാസലീല എന്‍ ശങ്കരന്‍ നായരാണ് സംവിധാനം ചെയ്തത്. കമല ഹാസനും ജയസുധയും ചെയ്ത പ്രധാന വേഷങ്ങളില്‍ ഇത്തവണ താരതമ്യേനെ പുതുമുഖങ്ങളായ ദര്‍ശനും പ്രതിഷ്ഠയുമാണ്. അനൂപ് ചന്ദ്രന്‍, കലാശാല ബാബു, കൃഷ്ണ, ഊര്‍മിള ഉണ്ണി തുടങ്ങിയവരും പുതിയ രാസലീലയിലുണ്ട്.

പ്രണയത്തിന്റെ പലമുഖങ്ങളിലൂടെ കഥ പറയുന്ന രാസലീലയുടെ പുതിയ പതിപ്പിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. സംഭാഷണം സിജു എളമക്കാട്. സുശീല്‍ കുമാറാണ് ക്യാമറാമാന്‍. സുനില്‍ പേട്ട, അജി ആലപ്പുഴ, ബിനോയ് കൊല്ലം, രമേഷ്, അയ്മനം സാജന്‍ തുടങ്ങിയവരാണ് അണിയറയിലെ മറ്റ് പ്രമുഖര്‍. നിര്‍മാണം എസ് ബി എം എന്റര്‍ടൈയിന്‍മെന്റ്‌സ്.

തലമുറകളുടെ അപൂര്‍വ്വസംഗമത്തിനു കൂടി വേദിയാകുകയാണ് രാസലീല. യേശുദാസ്, വയലാര്‍, സലില്‍ ചൗധരി എന്നിവരുടെ പിന്‍മുറക്കാരാണ്  രാസലീല യിലെ പാട്ടുകള്‍ക്ക് വേണ്ടി ഒത്തുചേരുന്നത്. വയലാറിന്റെ മകന്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ, സലില്‍ ദായുടെ മകന്‍ സഞ്ജയ് ചൗധരി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്  അച്ഛന്റെ വഴിയെ സഞ്ചരിക്കുന്ന മൂവരും മുന്‍തലമുറയുടെ സംഗമം ഓര്‍മിപ്പിക്കുംവിധം രാസലീലയില്‍ ഒന്നിക്കുകയാണ്. നാലുപാട്ടുകളാണ് രാസലീലയുടെ പുതിയ പതിപ്പിലുള്ളത്.

രാസലീലയ്ക്കും പുതിയ പതിപ്പ് വരുന്നു
രാസലീലയ്ക്കും പുതിയ പതിപ്പ് വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക