Image

കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി; യു.പിയില്‍ മുലായം

Published on 07 March, 2012
കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി; യു.പിയില്‍ മുലായം
ന്യൂഡല്‍ഹി: അഞ്ച്‌ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‌ കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശിലും ഗോവയിലും പഞ്ചാബിലും കോണ്‍ഗ്രസിന്‌ കോണ്‍ഗ്രസിന്റെ അടിപതറി. മണിപ്പൂരും ഉത്തരാഖണ്‌ഡും മാത്രമാണ്‌ ആശ്വാസിക്കാനുള്ളത്‌.

ഉത്തര്‍പ്രദേശില്‍ മുലായംസിങ്‌ യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷം നേടി. പഞ്ചാബില്‍ അകാലിദള്‍- ബി.ജെ.പി. സഖ്യം വീണ്ടും അധികാരത്തിലേറി. ഗോവയിലും ബി.ജെപി വ്യക്തമായ ഭൂരിപക്ഷം നേടി. ഉത്തരാഖണ്ഡില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.

ഉത്തര്‍പ്രദേശില്‍ 403 അംഗ നിയമസഭയില്‍ 224 സീറ്റുകള്‍ അവര്‍ സ്വന്തമാക്കി. ബി.എസ്‌.പി.ക്ക്‌ 80 സീറ്റു ലഭിച്ചപ്പോള്‍, 47 സീറ്റുമായി ബി.ജെ.പി.സഖ്യം മൂന്നാം സ്ഥാനത്തെത്തി.

ഭരിക്കുന്ന കക്ഷിക്ക്‌ തുടര്‍ച്ചയായി അവസരം നല്‍കാത്ത പഞ്ചാബിന്റെ ചരിത്രമാണ്‌ അകാലിദള്‍ബി.ജെ.പി. സഖ്യം തിരുത്തിയത്‌. കോണ്‍ഗ്രസ്സിന്‌ മേല്‍ക്കൈയെന്ന പ്രവചനങ്ങളെ മറികടന്നാണ്‌ പ്രകാശ്‌സിങ്‌ ബാദല്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത്‌. ആകെയുള്ള 117 സീറ്റില്‍ 68 സീറ്റാണ്‌ അകാലിദള്‍ബി.ജെ.പി. സഖ്യം നേടിയത്‌. കോണ്‍ഗ്രസ്‌ 46 സീറ്റില്‍ ഒതുങ്ങി. മൂന്നു സ്വതന്ത്രരും ജയിച്ചു.

ഉത്തരാഖണ്ഡില്‍ ഭരണവിരുദ്ധതരംഗം നേരിടുന്നതിന്‌ അവസാന ആറുമാസം മുഖ്യമന്ത്രിയെ മാറ്റി ബി.ജെ.പി. ഭാഗ്യപരീക്ഷണത്തിന്‌ ഇറങ്ങുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി പൗരി മണ്ഡലത്തില്‍ പരാജയപ്പെട്ടത്‌ പാര്‍ട്ടിക്ക്‌ തിരിച്ചടിയായി. ആകെയുള്ള 70 സീറ്റില്‍ 33 സീറ്റ്‌ കോണ്‍ഗ്രസ്സിനും 31 സീറ്റ്‌ ബി.ജെ.പി.ക്കും ലഭിച്ചപ്പോള്‍, ബി.എസ്‌.പി.ക്ക്‌ മൂന്നും ഉത്തരാഖണ്ഡ്‌ ക്രാന്തിദള്‍ പാര്‍ട്ടിക്ക്‌ (യു.കെ.ഡി.) ഒരു സീറ്റും കോണ്‍ഗ്രസ്‌ വിമതര്‍ക്ക്‌ മൂന്നു സീറ്റും ലഭിച്ചു.

സംസ്ഥാനത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി മായാവതി ഇന്നലെ വൈകിട്ട്‌ ഗവര്‍ണര്‍ക്ക്‌ രാജിക്കത്ത്‌ നല്‍കി. പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നിയമസഭാകക്ഷി ബുധനാഴ്‌ച ലഖ്‌നൗവില്‍ യോഗം ചേരും. വിജയത്തിന്‌ പിന്നില്‍ അഖിലേഷിന്റെ പ്രവര്‍ത്തനമാണെന്ന്‌ മുലായം സിങ്‌ പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക