Image

ത്രിരാഷ്ട്ര പരമ്പര: രണ്ടാം ഫൈനലില്‍ ശ്രീലങ്കയ്ക്ക് ജയം

Published on 06 March, 2012
ത്രിരാഷ്ട്ര പരമ്പര: രണ്ടാം ഫൈനലില്‍ ശ്രീലങ്കയ്ക്ക് ജയം
അഡലെയ്ഡ്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഫൈനലില്‍ ശ്രീലങ്കയക്ക് ഉജ്ജ്വല വിജയം. ഓസ്‌ട്രേലിയയെ എട്ടുവിക്കറ്റിനാണ് ശ്രീലങ്ക കീഴടക്കിയത്. തിലകരത്‌നെ ദില്‍ഷന്റെ സെഞ്ചുറി മികവില്‍ 34 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലങ്കയുടെ ആധികാരിക വിജയം. സ്‌കോര്‍: ഓസ്‌ട്രേലിയ: 50 ഓവറില്‍ 271/6, ശ്രീലങ്ക: 44.2 ഓവറില്‍ 274/2. ടൂര്‍ണമെന്റിലെ വിജയികളെ നിശ്ചയിക്കാനുള്ള മൂന്നാം ഫൈനല്‍ എട്ടിന് അഡ്‌ലെയ്ഡില്‍ നടക്കും.

ദില്‍ഷനും(106), ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെയും(80) നല്‍കിയ മികച്ച തുടക്കമാണ് ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ലങ്കയെ തുണച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 27.1 ഓവറില്‍ 179 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജയവര്‍ധനെയെ പുറത്താക്കി ജെയിംസ് പാറ്റിന്‍സണ്‍ ഓസീസിന് പ്രതീക്ഷ നല്‍കിയെങ്കിലും പോരാട്ടം തുടര്‍ന്ന ദില്‍ഷന്‍ 110 പന്തിലാണ് സെഞ്ചുറി തികച്ചത്. 

സ്‌കോര്‍ 234ല്‍ നില്‍ക്കെ ദില്‍ഷനെ(106) നഷ്ടമായെങ്കിലും കുമാര്‍ സംഗക്കാരയും(51 നോട്ടൗട്ട്), ദിനേഷ് ചണ്ഡിമാലും(17 നോട്ടൗട്ട്) ചേര്‍ന്ന് ലങ്കന്‍ ജയം പൂര്‍ത്തിയാക്കി. നേരത്തെ ഡേവിഡ് വാര്‍ണറുടെയും(100) ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും(93 പന്തില്‍ 117) സെഞ്ചുറികളുടെ മികവിലാണ് ഓസീസ് 271 റണ്‍സിലെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക