Image

കിങ്ഫിഷറിനെ രക്ഷിക്കാന്‍ മല്യയെ നീക്കണമെന്ന് ക്യാപ്റ്റന്‍ ഗോപി

Published on 05 March, 2012
കിങ്ഫിഷറിനെ രക്ഷിക്കാന്‍ മല്യയെ നീക്കണമെന്ന് ക്യാപ്റ്റന്‍ ഗോപി
മുംബൈ: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ രക്ഷിക്കാന്‍ അതിന്റെ ഉടമ വിജയ് മല്യയെ നീക്കുകയാണ് വേണ്ടതെന്ന് ഡെക്കാന്‍ ഏവിയേഷന്റെ മേധാവി ക്യാപ്റ്റന്‍ ജി.ആര്‍.ഗോപിനാഥ് പറഞ്ഞു. ലോകോസ്റ്റ് എയര്‍ലൈനിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗോപിനാഥ് തന്റെ വിമാനക്കമ്പനിയായ എയര്‍ ഡെക്കാന്‍ നേരത്തെ കിങ്ഫിഷറിന് വിറ്റിരുന്നു. അതിനെ, കിങ്ഫിഷര്‍ റെഡ് എന്ന് റീബ്രാന്‍ഡ് ചെയ്ത് കുറേനാള്‍ സര്‍വീസ് നടത്തിയെങ്കിലും കഴിഞ്ഞവര്‍ഷം, കിങ്ഫിഷര്‍ ലോകോസ്റ്റ് വിമാനസര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി. ഏറെക്കാലം അടുത്ത സുഹൃത്തുക്കളായിരുന്നു കര്‍ണാടക സ്വദേശികളായ ക്യാപ്റ്റന്‍ ഗോപിയും വിജയ് മല്യയും. എന്നാല്‍ പിന്നീട് ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കുകയായിരുന്നു. 

ഉടമകള്‍ തന്നെ കണക്കില്‍ കൃത്രിമം കാട്ടി കോടികള്‍ തട്ടിയ സത്യം കമ്പ്യൂട്ടേഴ്‌സിനെ രക്ഷിച്ചതു പോലെ കിങ്ഫിഷറിനെയും സര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, നികുതി കൊടുക്കുന്നവരുടെ പണം ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുന്ന ഒരാളുടെ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പ് സ്വാഭാവികമായും ഉണ്ടാവും. പ്രത്യേകിച്ചും ഹോട്ട് മോഡലുകളെ ഉപയോഗിച്ച് കലണ്ടര്‍ ഷൂട്ട് ചെയ്യുകയും, ഫോര്‍മുല വണ്‍ കാര്‍ റേസിങ് ടീം വാങ്ങുകയും ഐപിഎല്‍ ക്രിക്കറ്റ് ടീം സ്വന്തമായുണ്ടാവുകയും പരസ്യമായി പാര്‍ട്ടീജീവിതം നയിക്കുകയും ചെയ്യുന്ന ഒരാളുടെ കമ്പനിയെ രക്ഷിക്കാന്‍ നികുതിദായകരുടെ പണം ഉപയോഗിക്കുമ്പോള്‍. അതിനാല്‍ തന്നെ മല്യയുടെ കമ്പനിയ്ക്ക് സഹായ പാക്കേജ് നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. 

താന്‍ ആദായ നികുതി കൊടുക്കുന്നുണ്ടാവാം. എന്നാല്‍, അദ്ദേഹത്തിന്റെ കമ്പനി 400 കോടിയോളം രൂപ നികുതി ബാധ്യത വരുത്തിയിരിക്കുകയാണ്. മാത്രമല്ല, ബാങ്കുകള്‍ക്കും സേവനദാതാക്കള്‍ക്കും വെണ്ടര്‍മാര്‍ക്കുമൊക്കെയായി 10,000 കോടിയോളം രൂപ നല്‍കാനുണ്ട്. ഇതിനിടയിലും കോടികള്‍ വിലയുള്ള വില്ലകളും ദ്വീപും ഉല്ലാസനൗകകളുമൊക്കെ വാങ്ങുകയാണ് അദ്ദേഹം. മാത്രമല്ല, 10,000ത്തോളം ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്. അതിനാല്‍ തന്നെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ക്യാപ്റ്റന്‍ ഗോപിനാഥ് അഭ്യര്‍ഥിച്ചു. 

കമ്പനിയുടെ വായ്പ മുഴുവന്‍ ബാങ്കുകള്‍ ഓഹരിയാക്കി മാറ്റണം. അത് ഇപ്പോഴത്തെ വിപണി വിലയ്ക്ക് അനുസരിച്ച് തന്നെ വേണം. ശേഷിച്ച ബാധ്യത കമ്പനിയുടെ ആസ്തികള്‍ വിറ്റ് നേടണം. 

വിജയ് മല്യയെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്ത് കമ്പനിയുടെ നിയന്ത്രണം പൂര്‍ണമായും സര്‍ക്കാരും ബാങ്കുകളും ഏറ്റെടുക്കണം. ഒപ്പം, വളരെ പ്രൊഫഷണലായ ഒരു ഡയറക്ടര്‍ ബോര്‍ഡും രൂപവത്കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പ്രവര്‍ത്തനങ്ങള്‍ സാധാരണപടിയായ ശേഷം പുതിയ നിക്ഷേപകര്‍ക്ക് വില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക